സൂപ്പർ സഞ്ജു; സെഞ്ച്വറിക്കരുത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ
text_fieldsകേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തിൽ സഞ്ജു സാംസൺ നേടിയ സെഞ്ച്വറിയുടെ കരുത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത 50 ഓവറിൽ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു. സഞ്ജു സാംസൺ 114 പന്തിൽ 108 റൺസെടുത്തു. 110 പന്തുകളിൽ നിന്നാണ് താരം സെഞ്ചുറി പൂർത്തിയാക്കിയത്. മൂന്ന് സിക്സും ആറ് ബൗണ്ടറിയും ഉൾപ്പെട്ടതാണ് ഇന്നിങ്സ്. സഞ്ജുവിന്‍റെ ആദ്യ ഏകദിന സെഞ്ചുറിയാണ്.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഋതുരാജ് ഗെയ്ക്വാദിന് പകരം രജത് പാട്ടീദാറാണ് സായി സുദർശന് ഒപ്പം ഓപ്പണറായി ഇറങ്ങിയത്. ആദ്യ ഓവറുകളിൽ മികച്ച റൺസ് പിറന്നെങ്കിലും ഓപ്പണർമാർ ഇരുവരും വേഗം പുറത്തായി. 16 പന്തിൽ 22 റൺസെടുത്ത് രജത് പാട്ടീദാർ അഞ്ചാം ഓവറിൽ പുറത്തായി. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ സായി സുദർശന് ഇക്കുറി താളംകണ്ടെത്താനായില്ല. 10 റൺസ് മാത്രമെടുത്ത് എട്ടാം ഓവറിൽ സുദർശനും മടങ്ങി. പിന്നീട് സഞ്ജുവും ക്യാപ്റ്റൻ കെ.എൽ. രാഹുലും ചേർന്നാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
21 റൺസെടുത്ത രാഹുൽ 19ാം ഓവറിൽ പുറത്താകുമ്പോൾ സ്കോർ ബോർഡിൽ 101 റൺസായിരുന്നു. പിന്നീട് സഞ്ജു-തിലക് വർമ സഖ്യമാണ് ഇന്ത്യയെ മുന്നോട്ടുനയിച്ചത്. 116 റൺസിന്‍റെ നിർണായക കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. 52 റൺസെടുത്ത് തിലക് വർമ പുറത്തായി. അഞ്ച് ഫോറും ഒരു സിക്സും അടങ്ങിയതാണ് ഇന്നിങ്സ്.
റിങ്കു സിങ്ങും മികച്ച പ്രകടനം നടത്തി. 27 പന്തിൽ 38 റൺസെടുത്താണ് റിങ്കു പുറത്തായത്. അക്സർ പട്ടേൽ ഒരു റണ്ണെടുത്തും വാഷിങ്ടൺ സുന്ദർ 14 റൺസെടുത്തും പുറത്തായി. അർഷദീപ് (7), ആവേഷ് ഖാൻ (1) എന്നിവർ പുറത്താകാതെ നിന്നു.
മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിൽ ഇരുടീമും ഓരോ മത്സരം വിജയിച്ച് ഒപ്പത്തിനൊപ്പമാണ്. ഇന്ന് ജയിക്കുന്നവർ പരമ്പര ജേതാക്കളാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

