മുത്തുസ്വാമിക്ക് കന്നി സെഞ്ച്വറി, കരിയർ ബെസ്റ്റുമായി യാൻസൻ; പ്രോട്ടീസ് 489ന് പുറത്ത്, എറിഞ്ഞ് തളർന്ന് ഇന്ത്യൻ ബൗളർമാർ
text_fieldsസെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കയുടെ മുത്തുസാമിയെ സഹതാരം അഭിനന്ദിക്കുന്നു
ഗുവാഹതി: പകരക്കാനായി ടീമിലെത്തി അസാധാരണ പ്രകടനത്തിലൂടെ സെഞ്ച്വറി നേടിയ സെനുരാൻ മുത്തുസ്വാമിയുടെയും വാലറ്റത്ത് വമ്പൻ ഷോട്ടുകളുമായി കളംനിറഞ്ഞ മാർകോ യാൻസന്‍റെയും മികവിൽ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനെറ ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കക്ക് വമ്പൻ സ്കോർ.
489 റൺസാണ് സന്ദർശകർ ഇന്ത്യക്കെതിരെ അടിച്ചെടുത്തത്. 109 റൺസ് നേടിയ മുത്തുസ്വാമി ടോപ് സ്കോററായപ്പോൾ, 93 റൺസടിച്ച യാൻസൻ ടെസ്റ്റ് കരിയറിൽ തന്‍റെ ഏറ്റവുമുയർന്ന വ്യക്തിഗത സ്കോറാണ് ഗുവാഹത്തിയിൽ കുറിച്ചത്.
മറുപടി ഇന്നിങ്സ് ആരംഭിച്ച ഇന്ത്യ വിക്കറ്റൊന്നും നഷ്ടമാവാതെ ഒമ്പത് റൺസ് എടുത്ത് രണ്ടാം ദിനം കളി അവസാനിപ്പിച്ചു. യശസ്വി ജയ്സ്വാളും (7), കെ.എൽ രാഹുലും (2) ആണ് ക്രീസിലുള്ളത്.
ഓൾറൗണ്ടർ കോർബിൻ ബോഷിനു പകരക്കാരനായി രണ്ടാം ടെസ്റ്റിനെത്തിയ മുത്തുസ്വാമിയുടേതായിരുന്നു ഞായറാഴ്ച. 25 റൺസ് എന്ന നിലയിൽ ക്രീസിലെത്തിയ താരം, അക്ഷരാർഥത്തിൽ ഇന്ത്യൻ ബൗളർമാരെ വെള്ളംകുടിപ്പിച്ചു. ഏഴാമനായിറങ്ങി, കരിയറിലെ ആദ്യ സെഞ്ച്വറിയാണ് ഇന്ത്യൻ മണ്ണിൽ നേടിയത്. രണ്ടാംദിനം ആറിന് 247 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച പ്രോട്ടീസ് വിക്കറ്റ് നഷ്ടമില്ലാതെ 300 പിന്നിട്ടു. രണ്ടാം സെഷനിൽ കെയ്‍ൽ വെറെയനെ പുറത്താക്കി രവീന്ദ്ര ജദേജയാണ് ഏഴാം വിക്കറ്റ് കൂട്ടുകെട്ട് തകർത്തത്. 45 റൺസ് നേടിയാണ് താരം പുറത്തായത്. പിന്നാലെ ക്രീസിലെത്തിയ യാൻസൻ മുത്തുസ്വാമിക്ക് മികച്ച പിന്തുണയുമായി ക്രീസിൽ ഉറച്ചുനിന്നു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ യാൻസൺ 91റൺസുമായി ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിനെ മികച്ച ടോട്ടലിലേക്കുയർത്തി. സ്കോർ 431ലെത്തിയപ്പോൾ മുത്തുസാമിയെ ജദേജ പുറത്താക്കി. വിക്കറ്റ് കീപ്പർ പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. പിന്നാലെ സിമോൺ ഹാമർ (5) ബുംറയുടെ പന്തിലും, യാൻസൺ കുൽദീപിന്റെ പന്തിലും പുറത്തായതോടെ ദക്ഷിണാഫ്രിക്കൻ ഇന്നിങ്സ് അവസാനിച്ചു.
കൂൽദീപ് യാദവ് നാലും, ബുംറ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജദേജ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.
ബാറ്റിങ്ങിനെ പിന്തുണക്കുന്ന പിച്ചിൽ മൂന്നാം ദിനം അതിവേഗത്തിൽ കളിച്ച് ലക്ഷ്യം മറികടക്കുകയാണ് ഇന്ത്യൻ വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

