ബംഗ്ലാദേശ് 150ന് പുറത്ത്; ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ലീഡ്
text_fieldsധാക്ക: ബംഗ്ലാദേശിനെതിരായ ഒന്നാം ടെസ്റ്റിൽ ഇന്ത്യക്ക് മേൽക്കൈ. ഒന്നാമിന്നിങ്സിൽ ബംഗ്ലാദേശിനെ 150 റൺസിന് പുറത്താക്കിയ ഇന്ത്യ രണ്ടാമിന്നിങ്സ് തുടരുമ്പോൾ 290 റൺസിന്‍റെ ലീഡ് നേടി. മൂന്നാംദിനം ഉച്ചഭക്ഷണത്തിന് കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 36 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 20 റൺസുമായി ക്യാപ്റ്റൻ കെ.എൽ. രാഹുലും 15 റൺസുമായി ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.
എട്ടിന് 133 റൺസ് എന്ന നിലയിൽ രണ്ടാംദിനത്തിൽ ബാറ്റിങ് പുന:രാരംഭിച്ച ബംഗ്ലാദേശിന് 27 റൺസെടുക്കുന്നതിനിടെ ശേഷിച്ച വിക്കറ്റും നഷ്ടമായി. ഇബാദത്ത് ഹുസൈൻ (17), മെഹ്ദി ഹസൻ (25) എന്നിവരാണ് ഇന്ന് പുറത്തായത്.
അഞ്ച് വിക്കറ്റ് നേടിയ കുൽദീപ് യാദവിന്‍റെ നേതൃത്വത്തിലാണ് ഇന്ത്യൻ ബൗളിങ് നിര ബംഗ്ലാദേശ് ബാറ്റർമാരെ ചുരുട്ടിക്കെട്ടിയത്. മുഹമ്മദ് സിറാജ് മൂന്നും അക്സർ പട്ടേൽ, ഉമേഷ് യാദവ് എന്നിവർ ഒന്നുവീതവും വിക്കറ്റ് നേടി.
നേരത്തെ, ചേതേശ്വർ പൂജാര (90), ശ്രേയസ് അയ്യർ (86), ആർ. അശ്വിൻ (58), റിഷഭ് പന്ത് (46), കുൽദീപ് യാദവ് (40) എന്നിവരുടെ മികവിലാണ് ഇന്ത്യ ഒന്നാമിന്നിങ്സിൽ 404 റൺസെടുത്തത്.

