അവസാന പന്തിലേക്ക് നീണ്ട ആവേശപ്പോരിൽ ആസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം
text_fieldsവിശാഖപട്ടണം: ആസ്ട്രേലിയക്കെതിരായ ട്വന്‍റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം. അവസാന പന്തിലേക്ക് നീണ്ട ആവേശപ്പോരിൽ രണ്ട് വിക്കറ്റിനാണ് ഇന്ത്യൻ ജയം. അവസാന പന്തിൽ ജയിക്കാൻ ഒരു റൺ വേണമെന്നിരിക്കെ റിങ്കു സിങ് സിക്സർ നേടി. എന്നാൽ, പന്ത് നോബോൾ ആയതിനാൽ സിക്സർ കൂടാതെ തന്നെ ഇന്ത്യ വിജയിക്കുകയായിരുന്നു. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് 42 പന്തിൽ നിന്ന് 80 റൺസ് നേടി തകർപ്പൻ പ്രകടനവുമായി മുന്നിൽ നിന്ന് നയിച്ചപ്പോൾ ഇഷാൻ കിഷൻ 39 പന്തിൽ 58 റൺസെടുത്ത് പിന്തുണയേകി. സ്കോർ- ആസ്ട്രേലിയ: മൂന്നിന് 208 (20 ഓവർ), ഇന്ത്യ: എട്ടിന് 209 (19.5 ഓവർ).
കൂറ്റൻ വിജയലക്ഷ്യത്തിന് മുന്നിൽ പതറാതെ ബാറ്റുവീശിയ ഇന്ത്യക്ക് അവസാന ഓവറുകളിൽ മാത്രമാണ് വെല്ലുവിളിയാകാൻ ആസ്ട്രേലിയൻ ബൗളർമാർക്കായത്. ആദ്യ ഓവറിൽ ഋതുരാജ് ഗെയ്ക്വാദ് റണ്ണൗട്ടായതിന്‍റെ ക്ഷീണം യാശ്വസി ജെയ്സ്വാൾ കൂറ്റനടികളിലൂടെ തീർത്തു. എട്ട് പന്തിൽ രണ്ട് വീതം ഫോറും സിക്സും സഹിതം 21 റൺസാണ് ജെയ്സ്വാൾ നേടിയത്. മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന സൂര്യകുമാർ-ഇഷാൻ കിഷൻ സഖ്യം ഇന്ത്യക്ക് കാര്യങ്ങൾ അനായാസമാക്കി. 112 റൺസിന്‍റെ കൂട്ടുകെട്ട് തീർത്താണ് ഇവർ പിരിഞ്ഞത്. ഇഷാൻ കിഷൻ അഞ്ച് സിക്സും രണ്ട് ഫോറും സഹിതമാണ് 58 എടുത്തത്. ഇഷാൻ പുറത്തായ ശേഷവും സൂര്യകുമാർ കൂറ്റനടി തുടർന്നു. നാല് സിക്സും ഒമ്പത് ഫോറും നേടി 80 റണ്ണോടെ ക്യാപ്റ്റൻ പുറത്താകുമ്പോൾ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു.
എന്നാൽ, അവസാന ഓവറിൽ അക്സർ പട്ടേൽ രണ്ട് റൺസെടുത്ത് പുറത്താകുമ്പോൾ വേണ്ടിയിരുന്നത് മൂന്ന് പന്തിൽ രണ്ട് റൺ. അടുത്ത പന്തിൽ രവി ബിഷ്ണോയി പുറത്ത്. അഞ്ചാം പന്തിൽ രണ്ടാം റണ്ണിനായി ഓടി അർഷ്ദീപ് സിങ്ങും പുറത്തായപ്പോൾ അവസാന പന്തിൽ ജയിക്കാൻ വേണ്ടത് ഒരു റൺ. റിങ്കു സിങ് കൂറ്റനൊരു സിക്സർ നേടിയെങ്കിലും സീൻ അബോട്ട് എറിഞ്ഞ പന്ത് നോബോളായതിനാൽ ഇന്ത്യ സിക്സർ കൂടാതെ തന്നെ വിജയിച്ചു. റിങ്കു സിങ് 14 പന്തിൽ 22 റൺസെടുത്തു. തിലക് വർമ 12 റൺസെടുത്ത് പുറത്തായി.
നേരത്തെ, ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയ സെഞ്ചുറി നേടിയ ജോഷ് ഇൻഗ്ലിസിന്‍റെയും (110), അർധസെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്തിന്‍റെയും (52) മികച്ച പ്രകടനത്തിന്‍റെ കരുത്തിലാണ് 208 റൺസ് നേടിയത്. ഓപ്പണർ മാറ്റ് ഷോട്ട് 13 റൺസെടുത്ത് പുറത്തായെങ്കിലും സ്റ്റീവ് സ്മിത്തും ഇൻഗ്ലിസും ചേർന്നുള്ള കൂട്ടുകെട്ട് ആസ്ട്രേലിയക്ക് മികച്ച അടിത്തറ നൽകി. 50 പന്തിൽ എട്ട് സിക്സും 11 ഫോറും പറത്തിയാണ് ഇൻഗ്ലിസ് 110 റൺസെടുത്തത്. എട്ട് ഫോറടങ്ങിയതാണ് സ്മിത്തിന്‍റെ 52 റൺസ്. ഇരുവരും ചേർന്ന് രണ്ടാംവിക്കറ്റിൽ 130 റൺസിന്‍റെ കൂട്ടുകെട്ട് തീർത്തു.
ഇരുവരും പുറത്തായ ശേഷമെത്തിയ മാർകസ് സ്റ്റോയിനിസും (ഏഴ്) ടിം ഡേവിഡും (19) ചേർന്നാണ് അവസാന ഓവറുകളിൽ റൺനിരക്ക് ഉയർത്തിയത്. പ്രസിദ്ധ് കൃഷ്ണയും രവി ബിഷ്ണോയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സ്മിത്തിനെ പ്രസിദ്ധ് കൃഷ്ണ റണ്ണൗട്ടാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

