ഷമി ഹീറോ, അവസാന നാല് പന്തിൽ നാല് വിക്കറ്റ്; ആസ്ട്രേലിയയെ തകർത്ത് ഇന്ത്യ
text_fieldsബ്രിസ്ബേൻ: ട്വന്റി20 ലോകകപ്പ് ടീമിലേക്കുള്ള വരവുപോലെതന്നെ അവസാന നിമിഷമായിരുന്നു ഗാബ മൈതാനത്തേക്കുള്ള മുഹമ്മദ് ഷമിയുടെ രംഗപ്രവേശം. സന്നാഹമത്സരത്തിൽ അവസാന ഓവറിൽ ഷമി പന്തെറിയാനെത്തുമ്പോൾ ആറു വിക്കറ്റ് കൈയിലിരിക്കെ 11 റൺസായിരുന്നു ആസ്ട്രേലിയക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ രണ്ടു പന്തിലും രണ്ടു റൺസ് വീതം നേടിയ ഓസീസിന് നാലു പന്തിൽ ജയിക്കാൻ ഏഴു റൺസ് കൂടി മതിയായിരുന്നു. എന്നാൽ, ഈ നാലു പന്തിലും വിക്കറ്റ് വീണതോടെ ഇന്ത്യക്ക് ആറു റൺസിന്റെ ജയം. ആദ്യം ബാറ്റുചെയ്ത ഇന്ത്യ ഏഴിന് 186 റൺസെടുത്തപ്പോൾ ഓസീസ് മറുപടി 20 ഓവറിൽ 180 റൺസിലവസാനിച്ചു.
മൂന്നാം പന്തിൽ പാറ്റ് കമ്മിൻസിനെ (7) ലോങ്ഓണിൽ വിരാട് കോഹ്‍ലി ഒറ്റക്കൈ ക്യാച്ചിൽ മടക്കിയശേഷം ആഷ്ടൺ ആഗറിനെ (0) ദിനേശ് കാർത്തികും ഷമിയും ചേർന്ന് റണ്ണൗട്ടാക്കി. അടുത്ത രണ്ടു പന്തുകളും കിടിലൻ യോർക്കർ. ഫലം ജോഷ് ഇൻഗ്ലിസും (1) കെയ്ൻ റിച്ചാർഡ്സണും (0) ക്ലീൻ ബൗൾഡ്. ഷമിയുടെ ബൗളിങ് നില: 1-0-4-3.
അതുവരെ ഫീൽഡിൽപോലുമില്ലാതിരുന്ന ഷമിയെ 20ാം ഒാവർ എറിയാനായി മാത്രം ക്യാപ്റ്റൻ രോഹിത് ശർമ കളത്തിലിറക്കുകയായിരുന്നു. സന്നാഹമത്സരമായതിനാൽ ഏതു താരത്തെയും ഏതു സമയത്തും ഇറക്കാമെന്ന ആനുകൂല്യം ഉപയോഗപ്പെടുത്തിയായിരുന്നു ഇത്. ആർ. അശ്വിനൊഴികെയുള്ള ബൗളർമാർക്കെല്ലാം ഓവർ ബാക്കിയുള്ളപ്പോഴായിരുന്നു രോഹിതിന്റെ മാസ്റ്റർ സ്ട്രോക്. കഴിഞ്ഞ ലോകകപ്പിനുശേഷം ഒരു ട്വന്റി20 അന്താരാഷ്ട്ര മത്സരംപോലും കളിച്ചിട്ടില്ലാത്ത ഷമി ഇത്തവണ ടീമിലേ ഇല്ലായിരുന്നു. എന്നാൽ, ജസ്പ്രീത് ബുംറക്ക് പരിക്കേറ്റതോടെ അവസാന നിമിഷം വിളിയെത്തി.
19ാം ഓവർ എറിഞ്ഞ ഹർഷൽ പട്ടേലിന്റെ മികവും ഇന്ത്യൻ ജയത്തിൽ നിർണായകമായി. ജയിക്കാൻ 12 പന്തിൽ 16 റൺസ് വേണ്ട ഘട്ടത്തിൽ അഞ്ചു റൺസേ ഹർഷൽ വിട്ടുനൽകിയുള്ളൂ. ടീമിനെ ജയത്തിലേക്കു നയിക്കുകയായിരുന്ന നായകൻ ആരോൺ ഫിഞ്ചിന്റെ (54 പന്തിൽ 76) കുറ്റി തെറിപ്പിക്കുകയും ചെയ്തു. തൊട്ടടുത്ത പന്തിൽ കോഹ്‍ലിയുടെ തകർപ്പൻ ഫീൽഡിങ്ങിൽ ടിം ഡേവിഡ് (5) റണ്ണൗട്ടായതും നിർണായകമായി. 12 പന്തിന്റെ ഇടവേളയിൽ ഒമ്പതു റൺസിനിടെ അവസാന ആറു വിക്കറ്റുകളാണ് ആതിഥേയർക്ക് നഷ്ടമായത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യക്കായി കെ.എൽ. രാഹുൽ (33 പന്തിൽ 57), സൂര്യകുമാർ യാദവ് (33 പന്തിൽ 50) എന്നിവരാണ് മികച്ച ബാറ്റിങ് കാഴ്ചവെച്ചത്. കാർത്തിക് (20), കോഹ്‍ലി (19), രോഹിത് (15) എന്നിവർ പിന്തുണ നൽകിയപ്പോൾ ഹാർദിക് പാണ്ഡ്യ രണ്ടു റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ മിച്ചൽ മാർഷ് (18 പന്തിൽ 35), ഗ്ലെൻ മാക്സ് വെൽ (16 പന്തിൽ 23) എന്നിവർ ഫിഞ്ചിന് പിന്തുണ തിളങ്ങി.
ഇന്ത്യയുടെ അടുത്ത സന്നാഹമത്സരം ബുധനാഴ്ച ന്യൂസിലൻഡിനെതിരെയാണ്. ഞായറാഴ്ച പാകിസ്താനുമായുള്ള പോരാട്ടത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പിന് തുടക്കമാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

