Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇമ്രാൻ ഖാന് വേണ്ടി...

ഇമ്രാൻ ഖാന് വേണ്ടി കപിൽ ദേവും ഗവാസ്കറും രംഗത്ത്; ചികിത്സയും സുരക്ഷയും ഉറപ്പാക്കാൻ പാക് പ്രധാനമന്ത്രിക്ക് കത്ത്

text_fields
bookmark_border
ഇമ്രാൻ ഖാന് വേണ്ടി കപിൽ ദേവും ഗവാസ്കറും രംഗത്ത്; ചികിത്സയും സുരക്ഷയും ഉറപ്പാക്കാൻ പാക് പ്രധാനമന്ത്രിക്ക് കത്ത്
cancel

ഇസ്‌ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും ലോകകപ്പ് ജേതാവായ മുൻ പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ ഇമ്രാൻ ഖാന് ജയിലിൽ മതിയായ വൈദ്യസഹായവും സുരക്ഷയും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ നായകന്മാരായ സുനിൽ ഗവാസ്‌കർ, കപിൽ ദേവ്, ദിലീപ് വെങ്‌സാർക്കർ എന്നിവരുൾപ്പെടെ 21 രാജ്യാന്തര മുൻ ക്യാപ്റ്റന്മാർ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തയച്ചു.

മുൻ ആസ്‌ട്രേലിയൻ ക്യാപ്റ്റൻ ഗ്രെഗ് ചാപ്പലിന്റെ മുൻകൈയിലാണ് കത്ത് തയ്യാറാക്കിയത്. 73-കാരനായ ഖാന് മാനുഷിക പരിഗണനയും മതിയായ ചികിത്സയും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ താരങ്ങൾ നൽകുന്ന രണ്ടാമത്തെ അപേക്ഷയാണിത്. പാകിസ്താന്റെ ആഭ്യന്തര നിയമപ്രക്രിയകളിൽ ഇടപെടാനല്ല തങ്ങൾ ആഗ്രഹിക്കുന്നതെന്നും, എന്നാൽ കോടതി ഉത്തരവിട്ട മെഡിക്കൽ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുന്നത് അടിസ്ഥാനപരമായ മര്യാദയാണെന്നും ക്യാപ്റ്റന്മാർ കത്തിൽ വ്യക്തമാക്കി.

പാക് സർക്കാരിനോട് മൂന്ന് നിർണായക ആവശ്യങ്ങളാണ് കത്തിൽ മുൻ ക്യാപ്റ്റന്മാർ ഉന്നയിച്ചിരിക്കുന്ന പ്രധാന ആവശ്യങ്ങൾ

1. സ്വതന്ത്ര മെഡിക്കൽ പരിശോധന അനുവദിക്കുക- ഇമ്രാൻ ഖാന്റെ ആരോഗ്യനിലയെക്കുറിച്ച്, പ്രത്യേകിച്ച് വലതു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ, അദ്ദേഹത്തിന്റെ വ്യക്തിഗത ഡോക്ടർമാർ ഉൾപ്പെടുന്ന സുപ്രീം കോടതി നിർദ്ദേശിച്ച മെഡിക്കൽ ബോർഡിനെ പൂർണ്ണവും സ്വതന്ത്രവുമായ പരിശോധന നടത്താൻ അനുവദിക്കുക.

2. കുടുംബാംഗങ്ങൾക്ക് സന്ദർശിക്കാൻ അവസരമൊരുക്കുക: ഭരണപരമായ കാലതാമസമോ മറ്റ് തടസ്സങ്ങളോ ഇല്ലാതെ ഇമ്രാൻ ഖാന്റെ കുടുംബത്തിന് എല്ലാ ആഴ്ചയും അദ്ദേഹത്തെ സന്ദർശിക്കാൻ സുപ്രീം കോടതി നൽകിയ ഉത്തരവ് മാനിക്കുക.

3. കാലതാമസമില്ലാതെ ചികിത്സ ലഭ്യമാക്കുക: മെഡിക്കൽ പരിശോധനയ്ക്ക് ശേഷം നിർദ്ദേശിക്കപ്പെടുന്ന ചികിത്സകൾ ഒട്ടും വൈകാതെ തന്നെ ലഭ്യമാക്കുക.

അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ട് 2023 മുതൽ ജയിലിൽ കഴിയുകയാണ് ഖാനും ഭാര്യയും. എന്നാൽ ഇരുവരും കുറ്റങ്ങൾ നിഷേധിച്ചിട്ടുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം വൈദ്യപരിശോധനയ്ക്കായി വെള്ളിയാഴ്ച ഇസ്ലാമാബാദിലെ സ്വകാര്യ ആശുപത്രിയായ ഷിഫ ഇന്റർനാഷണലിലേക്ക് മാറ്റിയ ഇമ്രാനെ മണിക്കൂറുകൾക്കകം വീണ്ടും ജയിലിലേക്ക് മാറ്റിയിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് അഭിഭാഷകർ കോടതിയെ സമീപിച്ചതിനെ തുടർന്നായിരുന്നു പരിശോധന.

ഇന്ത്യൻ നായകന്മാർക്ക് പുറമെ, ഇംഗ്ലണ്ടിൽ നിന്ന് മൈക്കൽ ആതർട്ടൺ, മൈക്കൽ ബ്രെയർലി, നാസർ ഹുസൈൻ, ആൻഡ്രൂ സ്ട്രോസ്, ഡേവിഡ് ഗോവർ, ആസ്‌ട്രേലിയയിൽ നിന്ന് അലൻ ബോർഡർ, ഇയാൻ ചാപ്പൽ, ബെലിൻഡ ക്ലാർക്ക്, ആദം ഗിൽക്രിസ്റ്റ്, സ്റ്റീവ് വോ, കിം ഹ്യൂസ്, വെസ്റ്റ് ഇൻഡീസിൽ നിന്ന് ക്ലൈവ് ലോയ്ഡ്, ന്യൂസിലാൻഡിൽ നിന്ന് ജോൺ റൈറ്റ്, അലസ്റ്റയർ കുക്ക്, അർജുന രണതുംഗ തുടങ്ങിയ പ്രമുഖരും കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്.

2018 മുതൽ 2022 വരെ പാകിസ്താൻ പ്രധാനമന്ത്രിയായിരുന്നു ഇമ്രാൻ ഖാൻ. സൈനിക നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്നുണ്ടായ രാഷ്ട്രീയ പ്രതിസന്ധികൾക്കൊടുവിൽ അവിശ്വാസ പ്രമേയത്തിലൂടെയാണ് അദ്ദേഹത്തിന് അധികാരം നഷ്ടമായത്. ഇതിന് പിന്നാലെ അഴിമതി അടക്കമുള്ള നിരവധി കേസുകളാണ് അദ്ദേഹം നേരിടുന്നത്. തനിക്കെതിരെയുള്ള കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നാണ് ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ പാർട്ടിയായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫും വാദിക്കുന്നത്. 2023 മെയ് മാസത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് പാകിസ്താനിലുടനീളം വലിയ പ്രതിഷേധങ്ങൾ നടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kapil devSunil GavaskarPAK PMhealth updateLetterImran Khan
News Summary - Imran Khan's Health: Ex-Captains Write to Pakistan PM
Next Story