ഞാൻ എൻജിനീയർ, പെട്ടെന്ന് പഠിച്ചെടുക്കും -ആകാശ് മധ്‍വാൾ
text_fieldsചെന്നൈ: കാത്തിരുന്ന നിമിഷമാണ് വന്നെത്തിയതെന്ന് ഐ.പി.എൽ എലിമിനേറ്ററിൽ ലഖ്നോ സൂപ്പർ ജയന്റ്സിനെ തകർത്തെറിഞ്ഞ മുംബൈ ഇന്ത്യൻസ് പേസർ ആകാശ് മധ്‍വാൾ.
''ഞാൻ പ്രാക്ടിസ് ചെയ്യുകയായിരുന്നു. ഈ അവസരത്തിനായി കാത്തിരുന്നു. ഞാൻ എൻജിനീയറാണ്. ടെന്നിസ് ബാൾ ക്രിക്കറ്റ് കളിക്കുന്നത് എന്റെ അഭിനിവേശമായിരുന്നു. എൻജിനീയർമാർക്ക് പെട്ടെന്ന് പഠിക്കാനുള്ള പ്രവണതയുണ്ട്" - മധ്‍വാൾ പറഞ്ഞു.
ജസ്പ്രീത് ബുംറയുടെ അഭാവം നികത്തിയോ എന്ന് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ: 'ബുംറ ഭായിക്ക് അദ്ദേഹത്തിന്റേതായ സ്ഥാനമുണ്ട്. ഞാൻ എന്റെ റോളാണ് നിർവഹിക്കുന്നത്. നിക്കോളാസ് പുരാനായിരുന്നു മികച്ച വിക്കറ്റ്. ഞാൻ കഠിനാധ്വാനം ചെയ്യുന്നുവെന്ന് എല്ലാവരും വിശ്വസിക്കുന്നു".
ലഖ്നോക്കെതിരെ 3.3 ഓവർ എറിഞ്ഞ് അഞ്ച് റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ മധ്‍വാൾ ആയിരുന്നു കളിയിലെ താരവും. അഞ്ച് റൺസിന് അഞ്ചു വിക്കറ്റ് വീഴ്ത്തിയതോടെ അനിൽ കുംബ്ലെ, ജസ്പ്രീത് ബുംറ എന്നിവരുടെ റെക്കോഡിനൊപ്പവും 29കാരൻ ഇടംപിടിച്ചു.