രോഹിതില്ലെങ്കിൽ പെർത്തിൽ ബുംറ നയിക്കും
text_fieldsമുംബൈ: രോഹിത് ശർമ ടീമിനൊപ്പം ചേർന്നില്ലെങ്കിൽ നവംബർ 22ന് ആസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിൽ ജസ്പ്രീത് ബുംറയാകും ക്യാപ്റ്റനെന്നും ഓപണറുടെ റോളിൽ കെ.എൽ. രാഹുലിന് വിളിയെത്തുമെന്നും സൂചന നൽകി പരിശീലകൻ ഗൗതം ഗംഭീർ. ആസ്ട്രേലിയയിൽ ടെസ്റ്റ് പരമ്പരക്ക് നാളുകൾ ബാക്കിനിൽക്കെ രണ്ടാം സംഘവും പെർത്തിലേക്ക് തിരിക്കുമ്പോഴും രോഹിത് ടീമിനൊപ്പം ചേർന്നിട്ടില്ല.
‘‘നിലവിൽ വിവരം നൽകാനാകില്ല. താരം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷ’’- ഗംഭീർ പറഞ്ഞു. ഓപണറുടെ റോളിൽ രോഹിതിന്റെ പകരക്കാരനാകാൻ കെ.എൽ. രാഹുലിനൊപ്പം അഭിമന്യു ഈശ്വരനുമുണ്ട്. ഇന്ത്യ എ ടീമിനൊപ്പം ഓസിസ് മണ്ണിൽ രണ്ടുവട്ടം പരാജയമായെങ്കിലും രാഹുലിനുതന്നെ നറുക്കു വീഴാനാണ് സാധ്യത.

