'അച്ഛന്റെ ത്യാഗങ്ങളില്ലായിരുന്നെങ്കിൽ ഞാൻ ഇന്നിവിടെ നിൽക്കില്ലായിരുന്നു', കണ്ണീരണിഞ്ഞ് ഹാർദിക് പാണ്ഡ്യ
text_fieldsമെൽബൺ: താൻ ഒരു ക്രിക്കറ്റ് താരമാകണമെന്ന പിതാവിന്റെ മോഹവും അതിനുവേണ്ടി അദ്ദേഹം സഹിച്ച ത്യാഗങ്ങളും നിറകണ്ണുകളോടെ പങ്കുവെച്ച് ഇന്ത്യൻ ആൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. പാകിസ്താനെതിരായ ട്വന്റി 20 ലോകകപ്പ് സൂപ്പർ 12ലെ വിജയത്തിന് ശേഷമുള്ള ടെലിവിഷൻ അഭിമുഖത്തിലാണ് ഹാർദിക് പിതാവ് ഹിമാൻഷു പാണ്ഡ്യയുടെ സ്മരണയിൽ കണ്ണീരണിഞ്ഞത്. കഴിഞ്ഞ വർഷമാണ് അദ്ദേഹം മരിച്ചത്.
'ഞാൻ എന്റെ അച്ഛനെക്കുറിച്ച് മാത്രമാണ് ചിന്തിച്ചത്. അദ്ദേഹത്തെ ഓർത്ത് ഞാൻ കരഞ്ഞിട്ടില്ല. ഞാൻ എന്റെ മകനെ സ്‌നേഹിക്കുന്നു, പക്ഷെ എന്റെ അച്ഛൻ എനിക്കായി ചെയ്തത് അവനുവേണ്ടി ചെയ്യാൻ എനിക്ക് കഴിയുമോ എന്ന് ഒരുറപ്പുമില്ല. ആറര വയസ്സുകാരന്റെ ക്രിക്കറ്റ് മോഹങ്ങൾ സാക്ഷാത്കരിക്കാൻ അദ്ദേഹത്തിന് നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നു. ബിസിനസ് ഉപേക്ഷിച്ചു. അച്ഛന്റെ ത്യാഗങ്ങളില്ലായിരുന്നെങ്കിൽ ഞാൻ ഇന്നിവിടെ നിൽക്കില്ലായിരുന്നു' കണ്ണീരോടെ ഹർദിക് പറഞ്ഞു.
മത്സരത്തിൽ ആൾറൗണ്ട് മികവിലൂടെ ഹാർദിക് ഇന്ത്യയുടെ ജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. 40 റൺസും മൂന്ന് വിക്കറ്റുമായിരുന്നു താരത്തിന്റെ സംഭാവന. ഇന്ത്യ വൻ തകർച്ചയിൽ നിൽക്കെ വിരാട് കോഹ്‍ലിക്കൊപ്പം ഹാർദിക് അഞ്ചാം വിക്കറ്റിൽ 113 റൺസിന്റെ നിർണായക കൂട്ടുകെട്ടിൽ പങ്കാളിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

