ടി20 ലോകകപ്പ്: ബംഗ്ലാ താരങ്ങൾക്ക് സുരക്ഷാ ഭീഷണിയെന്ന് ഉപദേശകൻ, അങ്ങനെ ഒരു റിപ്പോർട്ട് ഇല്ലെന്ന് ഐ.സി.സി
text_fieldsദുബൈ: അടുത്ത മാസം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പിലെ സുരക്ഷാ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയെന്ന ബംഗ്ലാദേശ് കായിക ഉപദേശകൻ ആസിഫ് നസ്റുലിന്‍റെ അവകാശവാദങ്ങൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) തള്ളി. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡുമായി അത്തരത്തിലുള്ള യാതൊരു സുരക്ഷാ വിലയിരുത്തലുകളും പങ്കുവെച്ചിട്ടില്ലെന്ന് ഐ.സി.സി വ്യക്തമാക്കി.
ബംഗ്ലാദേശ് കായിക ഉപദേശകനായ ആസിഫ് നസ്റുൽ നേരത്തെ ഒരു പത്രസമ്മേളനത്തിൽ ഇന്ത്യയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് ഐ.സി.സി ആശങ്ക അറിയിച്ചതായി അവകാശപ്പെട്ടിരുന്നു. ബംഗ്ലാദേശ് താരങ്ങൾക്കും ആരാധകർക്കും ഭീഷണിയുണ്ടെന്ന് ഐ.സി.സി സ്ഥിരീകരിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു. ഐ.സി.സി തങ്ങൾക്ക് അയച്ച മറുപടിയിൽ മൂന്ന് സാഹചര്യങ്ങളിൽ ബംഗ്ലാദേശ് ടീമിനും ആരാധകർക്കും സുരക്ഷാ ഭീഷണിയുണ്ടെന്ന് സൂചിപ്പിച്ചതായാണ് നസ്റുൽ പറഞ്ഞത്.
മുസ്തഫിസുർ റഹ്മാനെ ടീമിൽ ഉൾപ്പെടുത്തുന്നത്, ബംഗ്ലാദേശ് ആരാധകർ പൊതുസ്ഥലങ്ങളിൽ ദേശീയ ജഴ്സി ധരിക്കുന്നത്, ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യം എന്നിവ സുരക്ഷാഭീഷണി ഉയർത്തുമെന്ന് മുന്നറിയിപ്പ് ലഭിച്ചെന്നായിരുന്നു നസ്റുലിന്‍റെ വാദം. ഇന്ത്യയിലെ സാഹചര്യം തങ്ങളുടെ ടീമിന് അനുയോജ്യമല്ലെന്നതിന്റെ തെളിവാണിതെന്നും, തങ്ങളുടെ മികച്ച ബൗളറെ ടീമിൽനിന്ന് ഒഴിവാക്കാനും ആരാധകരോട് ജഴ്സി മറച്ചുവെക്കാനും ആവശ്യപ്പെടുന്നത് വിചിത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ ഈ അവകാശവാദങ്ങളെ ഐ.സി.സി പൂർണമായും തള്ളിക്കളഞ്ഞു. ട്വന്‍റി20 ലോകകപ്പിനുള്ള സുരക്ഷാ വെല്ലുവിളി ‘ലോ ടു മോഡറേറ്റ്’ (കുറഞ്ഞത് മുതൽ മിതമായത് വരെ) മാത്രമാണെന്നും ഇത് ലോകത്തെ പ്രമുഖ കായിക മത്സരങ്ങളിലെല്ലാം സാധാരണമാണെന്നും ഐ.സി.സി വ്യക്തമാക്കി. ബംഗ്ലാദേശ് ടീമിനോ ഉദ്യോഗസ്ഥർക്കോ ആരാധകർക്കോ എതിരെ പ്രത്യേക ഭീഷണികളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഐ.സി.സി വ്യക്തമാക്കി.
നസ്റുലിന്റെ അവകാശവാദങ്ങൾ തെറ്റാണെന്ന് തെളിഞ്ഞതോടെ ബംഗ്ലാദേശ് കായിക നേതൃത്വം വലിയ നാണക്കേടിലായിരിക്കുകയാണ്. ടൂർണമെന്റ് നിലവിലെ ഷെഡ്യൂൾ പ്രകാരം തന്നെ മുന്നോട്ട് പോകുമെന്നും ഐസിസി അറിയിച്ചു. നേരത്തെ മുസ്തഫിസുർ റഹ്മാനെ ഐ.പി.എല്ലിൽനിന്ന് ഒഴിവാക്കിയതിനു പിന്നാലെ ബംഗ്ലാ കായിക മന്ത്രാലയം വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ലോകകപ്പിന് ബംഗ്ലാദേശിന്‍റെ മത്സരങ്ങൾക്ക് വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ഉൾപ്പെടെ ആവശ്യമുയർന്നെങ്കിലും ബി.സി.സി.ഐയും ഐ.സി.സിയും പരിഗണിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

