ഇന്ത്യൻ വനിതകൾക്ക് സെമി കളിക്കാനാകുമോ? നാലാമത്തെ ടീമിനായി കനത്ത പോരാട്ടം; വനിത ഏകദിന ലോകകപ്പിൽ സാധ്യതകൾ ഇങ്ങനെ...
text_fieldsമുംബൈ: ഐ.സി.സി വനിത ഏകദിന ലോകകപ്പിന്‍റെ സെമി ഫൈനലിലേക്ക് ഇതിനകം മൂന്നു ടീമുകളാണ് ടിക്കറ്റെടുത്തത് -ആസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക. നാലാമത്തെ ടീമിനായി കനത്ത പോരാട്ടമാണ് നടക്കുന്നത്. മൂന്നു ടീമുകൾക്ക് ഒരുപോലെ സാധ്യതുണ്ട്. ആതിഥേയരായ ഇന്ത്യക്ക് പുറമെ ന്യൂസിലൻഡിനും ശ്രീലങ്കക്കും. അതുകൊണ്ടു തന്നെ ഇനിയുള്ള മത്സരങ്ങൾ ഈ ടീമുകൾക്ക് ഏറെ നിർണായകമാണ്.
വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് മത്സരമാണ് ഇതിൽ ഏറെ നിർണായകം. അഞ്ചു മത്സരങ്ങളിൽനിന്ന് ഇന്ത്യക്കും കീവീസിനും നാലു പോയന്‍റാണെങ്കിലും റൺ റേറ്റിൽ ഇന്ത്യ ഏറെ മുന്നിലാണ്. കളിച്ച ആറു മത്സരങ്ങളിൽ അഞ്ചും ജയിച്ചാണ് പ്രോട്ടീസ് വനിതകൾ അവസാന നാലിൽ സ്ഥാനം ഉറപ്പിച്ചത്. അഞ്ചു കളിയിൽ നാലു വീതം ജയവുമായി ഓസീസും ഇംഗ്ലണ്ടും സെമി ബെർത്ത് ഉറപ്പിക്കുകയായിരുന്നു. എട്ടു ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്.
ലീഗ് റൗണ്ടിലെ ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച ഇന്ത്യ, പിന്നീടുള്ള മൂന്നു മത്സരങ്ങളും തോറ്റതാണ് തിരിച്ചടിയായത്. ആദ്യം ദക്ഷിണാഫ്രിക്കയോടും പിന്നീട് ഓസീസിനോടും തോറ്റ ഇന്ത്യ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനോടും തോൽവി സമ്മതിക്കുകയായിരുന്നു
ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ;
നിലവിൽ അഞ്ചു മത്സരങ്ങളിൽ രണ്ടു ജയവുമായി ഹർമൻപ്രീത് കൗറും സംഘവും നാലാം സ്ഥാനത്താണ്. 0.526 ആണ് നെറ്റ് റൺ റേറ്റ്. ഗ്രൂപ്പ് റൗണ്ടിൽ ഇനി രണ്ടു മത്സരങ്ങളാണ് ബാക്കിയുള്ളത് -ന്യൂസിലൻഡ്, ബംഗ്ലാദേശ് ടീമുകൾക്കെതിരെ. ഈ രണ്ടു മത്സരങ്ങളും ജയിച്ചാൽ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. കീവീസിനെതിരായ മത്സരം ജയിച്ചാലും സെമി സാധ്യതയുണ്ട്. ന്യൂസിലൻഡിനെതിരെ ജയിക്കുകയും ബംഗ്ലാദേശിനോട് തോൽക്കുകയും ചെയ്താൽ ഇന്ത്യക്ക് ആറു പോയന്‍റാകും. ലങ്ക അത്ഭുതം കാണിച്ചില്ലെങ്കിൽ മികച്ച റൺ റേറ്റുള്ള ഇന്ത്യക്ക് സെമിയിൽ കടക്കാനാകും.
ന്യൂസിലൻഡ് സാധ്യതകൾ ഇങ്ങനെ;
ഇനിയുള്ള രണ്ടു മത്സരങ്ങൾ ജയിച്ചാൽ എട്ടു പോയന്‍റുമായി കീവീസിന് സെമി കളിക്കാം. ഇന്ത്യക്കു പിന്നാലെ ഗ്രൂപ്പ് റൗണ്ടിൽ അവസാന മത്സരത്തിൽ ഇംഗ്ലണ്ടാണ് എതിരാളികൾ. ഇന്ത്യക്കെതിരെ ജയിക്കുകയും ഇംഗ്ലണ്ടിനെതിരെ തോൽക്കുകയും ചെയ്താൽ സെമി സാധ്യത ഇന്ത്യ-ബംഗ്ലാദേശ് മത്സര ഫലത്തെ ആശ്രയിച്ചിരിക്കും. ബംഗ്ലാദേശ് ജയിച്ചാൽ കീവീസ് സെമിയിലെത്തും. അവർക്ക് ലങ്കയേക്കാൾ മികച്ച റൺ റേറ്റുണ്ട്, -0.245
ലങ്കയുടെ സാധ്യതകൾ ഇങ്ങനെ;
ഗ്രൂപ്പ് റൗണ്ടിൽ പാകിസ്താനെതിരായ അവസാന മത്സരം ജയിച്ചാൽ മാത്രം പോരാ, മറ്റു മത്സര ഫലങ്ങളെ കൂടി ആശ്രയിച്ചാണ് ലങ്കയുടെ സെമി സാധ്യത കിടക്കുന്നത്. നിലവിൽ ആറു മത്സരങ്ങളിൽനിന്ന് നാലു പോയന്‍റുമായി ആറാം സ്ഥാനത്താണ്. റൺ റേറ്റ് -1.035 ആണ്. ഇന്ത്യ ഇനിയുള്ള രണ്ടു മത്സരങ്ങൾ തോൽക്കുകയും കീവീസ് ഇംഗ്ലണ്ടിനോട് തോൽക്കുകയും പാകിസ്താനെതിരായ മത്സരത്തിൽ മികച്ച റൺ റേറ്റിൽ ജയിക്കുകയും ചെയ്താൽ മാത്രമേ ലങ്കക്ക് സെമി കളിക്കാനാകു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

