ഇന്ത്യയെ കരകയറ്റി ദീപ്തിയും അമൻജോതും; വനിത ഏകദിന ലോകകപ്പിൽ ശ്രീലങ്കക്ക് 270 റൺസ് വിജയലക്ഷ്യം
text_fieldsഗുവാഹത്തി: വനിത ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് 270 റൺസ് വിജയലക്ഷ്യം. മഴമൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. ഏഴാം വിക്കറ്റിൽ ദീപ്തി ശർമയും അമൻജോത് കൗറും നേടിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയെ തകർച്ചയിൽനിന്ന് കരകയറ്റിയത്. ഇരുവരും അർധ സെഞ്ച്വറി നേടി.
മഴമൂലം മത്സരം രണ്ടു തവണ തടസ്സപ്പെട്ടിരുന്നു. ഒരുഘട്ടത്തിൽ ഇന്ത്യ 27 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 124 റൺസെന്ന നിലയിലായിരുന്നു. ഏഴാം വിക്കറ്റിൽ ദീപ്തിയും അമൻജോതും ചേർന്ന് നേടിയ 103 റൺസാണ് ഇന്ത്യൻ ഇന്നിങ്സിന്‍റെ നട്ടെല്ല്. 56 പന്തിൽ ഒരു സിക്സും അഞ്ചു ഫോറുമടക്കം 57 റൺസെടുത്ത അമൻജോതാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ദീപ്തി 53 പന്തിൽ മൂന്നു ഫോറടക്കം 53 റൺസെടുത്തു.
ഹലീൻ ഡിയോളും (64 പന്തിൽ 48) ഓപ്പണർ പ്രതിക റവാലും (59 പന്തിൽ 37) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മികച്ച ഫോമിൽ ബാറ്റുവീശിയിരുന്നു സ്മൃതി മന്ദാന നിരാശപ്പെടുത്തി. 10 പന്തിൽ എട്ടു റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 19 പന്തിൽ 21 റൺസുമായി പുറത്തായി. ജമീമ റോഡ്രിഗസ് (പൂജ്യം), റിച്ച ഘോഷ് (ആറു പന്തിൽ രണ്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 15 പന്തിൽ 28 റൺസുമായി സ്നേഹ് റാണ പുറത്താകാതെ നിന്നു.
ഇനോക റണവീരയുടെ നാലു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. 25 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 120 റൺസെന്ന നിലയിലായിരുന്ന ഇന്ത്യയാണ് ആറിന് 124 റൺസെന്ന നിലയിലേക്ക് തകർന്നത്. 26ാം ഓവർ എറിഞ്ഞ ഇനോക ആദ്യ പന്തിൽ ഹലീനയും രണ്ടാം പന്തിൽ ജമീമയെയും അഞ്ചാം പന്തിൽ ഹർമൻപ്രീത് എന്നിവരെയും പുറത്താക്കി. തൊട്ടടുത്ത ഓവറിൽ റിച്ച ഘോഷും മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. ഏഴാം വിക്കറ്റിൽ ദീപ്തിയും അമൻജോതും നിലയുറപ്പിച്ചതോടെയാണ് ഇന്ത്യയുടെ സ്കോർ 200 കടന്നത്. ഒമ്പത് ഓവറിൽ 46 റൺസ് വഴങ്ങിയാണ് റണവീര നാലു വിക്കറ്റ് സ്വന്തമാക്കിയത്. ഉദേശിക പ്രബോധനി രണ്ടു വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

