അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐ.സി.സി) ടെസ്റ്റ് റാങ്കിങ്ങിലെ ഓൾറൗണ്ടർമാരിൽ ഒന്നാം സ്ഥാനം കൈയടക്കി രവീന്ദ്ര ജദേജ. മൊഹാലിയിൽ ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റിലെ ജദേജയുടെ മികച്ച പ്രകടനമാണ് ഒന്നാം സ്ഥാനം സമ്മാനിച്ചത്.
ആദ്യ ഇന്നിങ്സിൽ പുറത്താകാതെ 175 റൺസെടുത്ത ജദേജ, രണ്ടു ഇന്നിങ്സുകളിലുമായി ഒമ്പത് വിക്കറ്റുകളും നേടി. 2021 മുതൽ വെസ്റ്റിൻഡീസിന്‍റെ ജെയ്സൺ ഹോൾഡറാണ് ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. മൊഹാലിയിൽ ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ടെസ്റ്റ് വിജയത്തിൽ രവീന്ദ്ര ജദേജയുടെ മികച്ച പ്രകടനമാണ് ഓൾറൗണ്ടർമാരിൽ ഒന്നാമനാക്കിയതെന്ന് ഐ.സി.സി പത്രക്കുറിപ്പിൽ അറിയിച്ചു.
മത്സരത്തിലെ മികച്ച താരവും ജദേജയായിരുന്നു. ഇന്നിങ്സിലും 222 റൺസിനുമായിരുന്നു ഇന്ത്യയുടെ വിജയം. 2017 ആഗസ്റ്റിലും ജദേജ ഓൾറൗണ്ടർമാരിൽ ഒന്നാമതെത്തിയിരുന്നു.