പാകിസ്താന് തിരിച്ചടി; മാച്ച് റഫറിയെ മാറ്റണമെന്ന ആവശ്യം തള്ളി ഐ.സി.സി
text_fieldsദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരായ മത്സരത്തിനിടെ നടന്ന ഹസ്തദാന വിവാദവുമായി ബന്ധപ്പെട്ട് മാച്ച് റഫറിയെ മാറ്റണമെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം തള്ളി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ടൂർണമെന്റിന്റെ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റിനെ ഒഴിവാക്കിയില്ലെങ്കിൽ ഏഷ്യകപ്പിലെ ശേഷിക്കുന്ന മത്സരങ്ങൾ ബഹിഷ്‍കരിക്കുമെന്നായിരുന്നു പി.സി.ബി അധ്യക്ഷൻ മുഹ്സിൻ നഖ്‍വിയുടെ ഭീഷണി.
ഞായറാഴ്ച നടന്ന മത്സരത്തിന് മുന്നോടിയായി ടോസിനുശേഷം, ഇന്ത്യ-പാക് ടീമുകളുടെ നായകർ ഹസ്തദാനം ചെയ്യാതെ മൈതാനം വിടുകയായിരുന്നു. കളിക്കളത്തിലെ ഇത്തരമൊരു സാഹചര്യത്തിന് മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റാണ് ഉത്തരവാദിയെന്നാരോപിച്ചാണ് ഐ.സി.സിക്ക് പി.സി.ബി പരാതി നൽകിയത്. ഐ.സി.സി പെരുമാറ്റച്ചട്ടവും എം.സി.സി ചട്ടങ്ങളും ലംഘിക്കുന്നതായിരുന്നു മാച്ച് റഫറിയുടെ നടപടിയെന്നാണ് പി.സി.ബി ആക്ഷേപം.
ഇന്ത്യൻ ക്യാപ്റ്റനുമായി ഹസ്തദാനം വേണ്ടെന്ന് ടോസിങ്ങിനിടെ മാച്ച് റഫറി ആൻഡി പൈക്രോഫ്റ്റ് പാകിസ്താൻ നായകൻ സൽമാൻ അലി ആഗയെ അറിയിച്ചുവെന്നായിരുന്നു മുഹ്സിൻ നഖ്‍വി വ്യക്തമാക്കിയത്. കായിക സ്പിരിറ്റിന് ചേർന്നതല്ലെന്ന് ആരോപിച്ച് പാകിസ്താൻ ടീം മാനേജ്മെന്റ് സംഭവത്തിൽ പ്രതിഷേധവും രേഖപ്പെടുത്തിയിരുന്നു.
പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ പരാതിയിൽ അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാച്ച് റഫറിയെ ഒഴിവാക്കണമെന്ന ആവശ്യം ഐ.സി.സി തള്ളിയത്. ഹസ്തദാന വിവാദത്തിൽ തങ്ങളുടെ പങ്കാളിത്തമില്ലെന്നും വ്യക്തമാക്കി. ആവശ്യം ഐ.സി.സി തള്ളിയ പശ്ചാത്തലത്തിൽ പാകിസ്താൻ ടീമിന്റെ അടുത്ത നീക്കം എന്തായിരിക്കുമെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. ബുധനാഴ്ച യു.എ.ഇക്കെതിരെയാണ് പാകിസ്താൻ അടുത്ത ഗ്രൂപ് റൗണ്ട് മത്സരം. സംഘർഷം ലഘൂകരിക്കാൻ പാകിസ്താന്റെ ശേഷിക്കുന്ന മത്സരങ്ങളിൽനിന്ന് മാച്ച് റഫറിയെ മാറ്റാമെന്ന നിർദേശം ഐ.സി.സി മുന്നോട്ട് വെച്ചതായി വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

