ടെസ്റ്റ് മത്സരങ്ങൾ നാലുദിവസമാക്കാൻ ഐ.സി.സി, മൂന്നു ടീമുകൾക്ക് മാത്രം അഞ്ചു ദിവസം കളിക്കാം...
text_fieldsദുബൈ: കൂടുതൽ രാജ്യങ്ങളെ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ആകർഷിക്കുന്നതിന്‍റെ ഭാഗമായി ടെസ്റ്റിൽ വലിയ മാറ്റത്തിനൊരുങ്ങി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി). ടെസ്റ്റ് ക്രിക്കറ്റ് നാലു ദിവസമായി നടത്തുന്നത് ഐ.സി.സിയുടെ സജീവ പരിഗണനയിലാണെന്നാണ് പുറത്തുവരുന്ന വിവരം.
ഐ.സി.സി ചെയർമാൻ ജയ് ഷാക്കും അനുകൂല നിലപാടാണ്. എന്നാൽ, ടെസ്റ്റ് ക്രിക്കറ്റിലെ വമ്പന്മാരായ ഇന്ത്യക്കും ആസ്ട്രേലിയക്കും ഇംഗ്ലണ്ടിനും അഞ്ചുദിവസത്തെ ടെസ്റ്റ് മത്സരങ്ങളുമായി മുന്നോട്ടുപോകാം. 2027-29 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിൾ മുതൽ നാലു ദിവസത്തെ ടെസ്റ്റ് പ്രാബല്യത്തിൽ കൊണ്ടുവരാനാണ് നീക്കം. ലോഡ്സിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനിടെ നടന്ന ചർച്ചയിൽ ജയ് ഷാ നാലുദിവസത്തെ ടെസ്റ്റിനെ പിന്തുണച്ചതായി ഇംഗ്ലണ്ടിലെ പ്രമുഖ പത്രമായ ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തു.
ആഷസ്, ബോർഡർ ഗവാസ്കർ ട്രോഫി, ആൻഡേഴ്സൺ-ടെണ്ടുൽക്കർ ട്രോഫി (പട്ടൗഡി ട്രോഫി) എന്നീ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരകളിൽ ഇന്ത്യ, ആസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾക്ക് അഞ്ചു ദിവസത്തെ മത്സരം കളിക്കുന്നതിന് തടസ്സമുണ്ടാകില്ല. 2017ലാണ് ആദ്യമായി ഐ.സി.സി ചതുർദിന ടെസ്റ്റിന് അനുമതി നൽകിയത്. കഴിഞ്ഞ മാസം ട്രെന്റ് ബ്രിജിൽ സിംബാബ്‌വെക്കെതിരെ ഇംഗ്ലണ്ട് ചതുർദിന ടെസ്റ്റ് മത്സരം കളിച്ചിരുന്നു. 2019ലും 2023ലും അയർലൻഡിനെതിരെയും ചതുർദിന മത്സരം കളിച്ചിട്ടുണ്ട്.
മത്സര ദിനങ്ങളുടെ ദൈർഘ്യവും വലിയ ചെലവും കാരണം ചെറിയ രാജ്യങ്ങൾ ടെസ്റ്റ് ക്രിക്കറ്റിനോട് വിമുഖത കാണിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചതുർദിന ടെസ്റ്റുകൾ എന്ന ആശയം സജീവമായി പരിഗണിക്കുന്നത്. മത്സരം നാലു ദിവസമാക്കി ചുരുക്കുന്നതോടെ മൂന്നു ടെസ്റ്റുകളടങ്ങിയ പരമ്പര മൂന്നാഴ്ചക്കുള്ളിൽ പൂർത്തിയാക്കാനാകും.
അതേസമയം, 2025-25 ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിൾ നിലവിലെ ഫോർമാറ്റിൽ തന്നെ മുന്നോട്ടുപോകും. ചൊവ്വാഴ്ച ആരംഭിക്കുന്ന ശ്രീലങ്ക-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയാണ് സൈക്കിളിലെ ആദ്യ മത്സരം. മൊത്തം 27 ടെസ്റ്റ് പരമ്പരകളാണ് ഈ കാലയളവിൽ നടക്കുന്നത്. അതിൽ രണ്ടു മത്സരങ്ങളടങ്ങിയ 17 പരമ്പരകളാണുള്ളത്. ഇംഗ്ലണ്ട്, ഓസീസ്, ഇന്ത്യ ടീമുകൾ മാത്രമാണ് അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരകൾ കളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

