ട്വന്റി20 റാങ്കിങ്; കുതികുതിച്ച് സഞ്ജു 22ാം റാങ്കിൽ
text_fieldsസഞ്ജു സാംസൺ
ദുബൈ: ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ഹീറോ സഞ്ജു സാംസണിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ റാങ്കിങ്ങിൽ വീണ്ടും കുതിപ്പ്. കഴിഞ്ഞയാഴ്ച ബാറ്റർ റാങ്കിങ്ങിൽ മലയാളി ഓപണർ 25 സ്ഥാനങ്ങളാണ് മെച്ചപ്പെടുത്തിയതെങ്കില് ഇക്കുറി 18 സ്ഥാനങ്ങള് കൂടി മുന്നേറി. കരിയറിലെ ഏറ്റവും മികച്ച റാങ്കായ 22ലാണ് സഞ്ജുവിപ്പോൾ.
ലോകകപ്പ് തുടങ്ങുമ്പോൾ 65ലായിരുന്ന താരം രണ്ടാഴ്ചക്കിടെ 43 സ്ഥാനങ്ങളാണ് പിന്നിട്ടത്. വെസ്റ്റിന്ഡീസിനെതിരെ സൂപ്പര് എട്ട് മത്സരത്തിലും ഇംഗ്ലണ്ടിനെതിരെ സെമിഫൈനലിലും ന്യൂസിലന്ഡിനെതിരെ ഫൈനലിലും അർധ ശതകങ്ങൾ നേടിയിരുന്നു സഞ്ജു. ലോകകപ്പിൽ മിന്നിയ ഇഷാന് കിഷന് ബാറ്റിങ് റാങ്കിങ്ങില് രണ്ടാം സ്ഥാനത്തേക്ക് കയറി. നാലാമതായിരുന്ന ഇഷാന് രണ്ട് സ്ഥാനങ്ങള് മെച്ചപ്പെടുത്തിയാണ് സഹതാരം അഭിഷേക് ശര്മക്ക് തൊട്ടുപിന്നിലെത്തിയത്.
ഒന്നാമൻ അഭിഷേകിന് 875ഉം ഇഷാന് കിഷന് 871ഉം റേറ്റിങ് പോയന്റുണ്ട്. 637 പോയന്റാണ് സഞ്ജുവിനുള്ളത്. തിലക് വർമ ഏഴിലേക്കും സൂര്യകുമാര് യാദവ് ഒമ്പതിലേക്കും താഴ്ന്നു. ബൗളിങ്ങിൽ ഇന്ത്യൻ സ്പിന്നർ വരുണ് ചക്രവര്ത്തിക്ക് ഒന്നാം സ്ഥാനം നഷ്ടമായി. അഫ്ഗാനിസ്താന് സ്പിന്നര് റാഷിദ് ഖാന് ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ വരുണ് രണ്ടാമനായി. സ്റ്റാര് പേസര് ജസ്പ്രീത് ബുംറ ആറാം സ്ഥാനത്തേക്ക് കയറി. ഓള് റൗണ്ടര്മാരുടെ റാങ്കിങ്ങില് ഹാര്ദിക് പാണ്ഡ്യ രണ്ടിൽ തുടരുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

