രോഹിത് ശർമ പടിയിറങ്ങി, ഒന്നാം സ്ഥാനത്തിന് ഇനി പുതിയ അവകാശി; ചരിത്രംകുറിച്ച് കീവീസ് ബാറ്റർ
text_fieldsരോഹിത് ശർമ
മുംബൈ: മുൻ ഇന്ത്യൻ നായകൻ രോഹിത് ശർമക്ക് ഏകദിന ക്രിക്കറ്റ് ബാറ്റിങ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു. ന്യൂസിലൻഡിന്‍റെ ഡാരിൽ മിച്ചൽ രോഹിത്തിനെ മറികടന്ന് ഒന്നാമതെത്തി. ഏകദിന റാങ്കിങ് ചരിത്രത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ മാത്രം കീവീസ് ബാറ്ററാണ് മിച്ചൽ. വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ നേടിയ സെഞ്ച്വറിയാണ് കീവീസ് താരത്തെ റാങ്കിങ്ങിൽ തലപ്പത്തെത്തിച്ചത്. ഏകദിന ഫോർമാറ്റിൽ താരത്തിന്‍റെ ഏഴാം സെഞ്ച്വറിയാണിത്.
ഒരു പോയന്‍റിന്‍റെ വ്യത്യാസത്തിലാണ് മിച്ചൽ ഒന്നാമതുള്ളത്. പുതിയ റാങ്കിങ് പ്രകാരം മിച്ചലിന് 782 റേറ്റിങ് പോയന്‍റുണ്ട്. രണ്ടാമതുള്ള രോഹിത്തിന് 781 റേറ്റിങ് ആണ്. അഫ്ഗാനിസ്ഥാന്‍റെ ഇബ്രാഹീം സദ്രാൻ (764 റേറ്റിങ്), ഇന്ത്യൻ താരങ്ങളായ ശുഭ്മൻ ഗിൽ (745), വിരാട് കോഹ്ലി (725) എന്നിവരാണ് മൂന്നു മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ. 1979ൽ മുൻ കീവീസ് താരം ഗ്ലെൻ ടേർണർ ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. കീവീസ് താരങ്ങളായ മാർട്ടിൻ ക്രോ, ആൻഡ്രൂ ജോൺസ്, റോജർ ടൊവോസ്, നഥാൻ ആസ്റ്റൽ, കെയ്ൻ വില്യംസൺ, മാർട്ടിൻ ഗുപ്റ്റിൽ, റോസ് ടെയ്‌ലർ എന്നിവരെല്ലാം നേരത്തെ റാങ്കിങ്ങിൽ ആദ്യ അഞ്ചിനുള്ളിൽ ഉൾപ്പെട്ടിരുന്നെങ്കിലും ഒന്നാം സ്ഥാനത്ത് എത്താനായിരുന്നില്ല.
ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരക്കു പിന്നാലെ പാകിസ്താൻ താരങ്ങളും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. മുഹമ്മദ് റിസ്വാൻ 22ാം റാങ്കിലും ഫഖർ ശമാൻ 26ാം റാങ്കിലും എത്തി. ലങ്കക്കെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര പാകിസ്താൻ തൂത്തുവാരിയിരുന്നു. പാക് സ്പിന്നർ അബ്രാർ അഹ്മദ് ഒമ്പതിലേക്കും പേസർ ഹാരിസ് റൗഫ് 23ലേക്കും എത്തി. താരങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണിത്. 22 ദിവസം മാത്രമാണ് ഏകദിനറാങ്കിങ്ങില്‍ രോഹിത് ഒന്നാമത് തുടർന്നത്. പാക് സൂപ്പര്‍ താരം ബാബര്‍ അസം ആറാം സ്ഥാനത്തെത്തി.
ഏകദിന ബൗളര്‍മാരില്‍ അഫ്ഗാന്‍ താരം റാഷിദ് ഖാനാണ് തലപ്പത്ത്. ഇംഗ്ലണ്ടിന്‍റെ ജൊഫ്ര ആർച്ചർ, ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ്, മഹീഷ് തീക്ഷണ എന്നിവരാണ് രണ്ടു മുതൽ നാലുവരെയുള്ള സ്ഥാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

