ട്വന്‍റി20 ലോക റാങ്കിങ്ങിൽ കോഹ്ലി നാല് പടി ഇറങ്ങി എട്ടിൽ; കെ.എൽ. രാഹുലിന് നേട്ടം
text_fieldsകോഹ്ലി, രാഹുൽ
ന്യൂഡൽഹി: ട്വന്‍റി20 ലോകകപ്പിൽ നിന്ന് ഇന്ത്യ സെമി കാണാതെ പുറത്തായതിന് പിന്നാെല വിരാട് കോഹ്ലിക്ക് റാങ്കിങ്ങിലും തിരിച്ചടി. കോഹ്ലി നാലുറാങ്കുകൾ ഇറങ്ങി എട്ടാം സ്ഥാനത്തായി.
എന്നാൽ ബുധനാഴ്ച പുറത്തിറക്കിയ റാങ്കിങ്ങിൽ ഇന്ത്യൻ ഓപണർ കെ.എൽ രാഹുൽ നേട്ടമുണ്ടാക്കി. മൂന്ന് റാങ്ക് കയറിയ രാഹുൽ അഞ്ചാമതെത്തി. ന്യൂസിലൻഡിനും പാകിസ്താനുമെതിരെ നിറംമങ്ങിയെങ്കിലും കുഞ്ഞൻമാരായ അഫ്ഗാനിസ്താൻ, സ്കോട്ലൻഡ്, നമീബിയ എന്നിവർക്കെതിരെ അർധശതകം നേടിയതാണ് രാഹുലിന് തുണയായത്.
ബാറ്റ്സ്മാൻമാരിൽ പാകിസ്താൻ നായകൻ ബാബർ അസമാണ് ഒന്നാമൻ. ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലാൻ രണ്ടാമതും ദക്ഷിണാഫ്രിക്കയുടെ എയ്ഡൻ മാർക്രം മൂന്നാമതുമെത്തി. സൂപ്പർ 12ഘട്ടത്തിൽ ഇംഗ്ലണ്ടിനെതിരെ 25 പന്തിൽ 52 റൺസ് അടിച്ചുകൂട്ടിയ പ്രകടനമാണ് മാർക്രമിന് മുന്നേറ്റമുണ്ടാക്കിയത്. അതേ മത്സരത്തിൽ പുറത്താകാതെ 94 റൺസെടുത്ത ദക്ഷിണാഫ്രിക്കയുടെ വാൻ ഡർ ഡസൻ ആദ്യ പത്തിലെത്തി.
ബൗളർമാരിൽ വനിഡു ഹസരങ്ക (ശ്രീലങ്ക), തബ്രിസ് ഷംസി (ദക്ഷിണാഫ്രിക്ക), ആദിൽ റാശിദ് (ഇംഗ്ലണ്ട്) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ബൗളർമാരുടെ ആദ്യ പത്തിൽ ഒരു ഇന്ത്യൻ താരം പോലുമില്ല.