Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസീഫെർട്ടിനും ഫിൻ അലനും...

സീഫെർട്ടിനും ഫിൻ അലനും അർധ സെഞ്ച്വറി; യു.എ.ഇയെ 10 വിക്കറ്റിന് തകർത്ത് കിവീസ്

text_fields
bookmark_border
സീഫെർട്ടിനും ഫിൻ അലനും അർധ സെഞ്ച്വറി; യു.എ.ഇയെ 10 വിക്കറ്റിന് തകർത്ത് കിവീസ്
cancel
camera_alt

ടിം സീഫെർട്ടും ഫിൻ അലനും ബാറ്റിങ്ങിനിടെ

ചെന്നൈ: ട്വന്‍റി20 ലോകകപ്പിൽ യു.എ.ഇക്കെതിരെ ന്യൂസിലൻഡിന് 10 വിക്കറ്റിന്റെ തകർപ്പൻ വിജയം. ഓപണർമാരായ ടിം സീഫെർട്ടും ഫിൻ അലനും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് കിവീസിന് അനായാസ വിജയം സമ്മാനിച്ചത്. ഇരുവരും അർധ സെഞ്ച്വറി നേടി. 174 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് ഓപണർമാർ യു.എ.ഇ ബൗളർമാരെ പഞ്ഞിക്കിടുന്ന കാഴ്ചക്കാണ് ചെപ്പോക്ക് സാക്ഷ്യം വഹിച്ചത്. സ്കോർ: യു.എ.ഇ - 20 ഓവറിൽ ആറിന് 173, ന്യൂസിലൻഡ് - 15.2 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടാതെ 175. രണ്ടാം ജയത്തോടെ ഗ്രൂപ്പ് ഡിയിൽ ദക്ഷിണാഫ്രിക്കയെ മറികടന്ന് കിവീസ് ഒന്നാമതെത്തി.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത യു.എ.ഇ മികച്ച തുടക്കമാണ് കാഴ്ചവെച്ചത്. ആദ്യ വിക്കറ്റ് നേരത്തെ നഷ്ടമായെങ്കിലും അലിഷാൻ ഷറഫുവും (55), ക്യാപ്റ്റൻ വസീം മുഹമ്മദും (66) ചേർന്ന് ഇന്നിങ്സ് മുന്നോട്ട് നയിച്ചു. ഇരുവരും ചേർന്നുള്ള 100 റൺസിന്റെ കൂട്ടുകെട്ട് യു.എ.ഇയെ ഭദ്രമായ നിലയിലെത്തിച്ചു. എന്നാൽ അവസാന ഓവറുകളിൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ വലിയ സ്കോറിലേക്ക് എത്താൻ അവർക്ക് കഴിഞ്ഞില്ല. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 173 റൺസാണ് യു.എ.ഇ നേടിയത്.

മറുപടി ബാറ്റിങ്ങിൽ പവർപ്ലേ ഓവറുകളിൽ തന്നെ ടിം സീഫെർട്ടും ഫിൻ അലനും ചേർന്ന് സ്കോർ ബോർഡ് ഉയർത്തി. സീഫെർട്ട് 23 പന്തുകളിൽനിന്ന് അർധ സെഞ്ച്വറി പൂർത്തിയാക്കി. പിന്നാലെ 27 പന്തുകളിൽ ഫിൻ അലനും ഹാഫ് സെഞ്ച്വറി പിന്നിട്ടു. ഒമ്പത് ഓവർ പൂർത്തിയാകുന്നതിന് മുമ്പുതന്നെ ഇരുവരും ചേർന്ന് സ്കോർ 100 കടത്തി. 15.2 ഓവറിൽന്യൂസിലൻഡ് ലക്ഷ്യം കണ്ടു. സീഫേർട്ട് 89ഉം അലൻ 84ഉം റൺസുമായി പുറത്താകാതെ നിന്നു.

നെതർലൻഡ്‌സിന് ആദ്യ ജയം

ന്യൂഡൽഹി: ചൊവ്വാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ നമീബിയയെ ഏഴ് വിക്കറ്റിന് തകർത്ത് നെതർലൻഡ്‌സ് ടൂർണമെന്റിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ഓൾറൗണ്ടർ ബാസ് ഡിലീഡിന്‍റെ മിന്നും പ്രകടനമാണ് ഡച്ച് പടക്ക് അനായാസ വിജയം സമ്മാനിച്ചത്. ആദ്യം പന്തുകൊണ്ട് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ ഡിലീഡ്, പിന്നീട് ബാറ്റിങ്ങിലും തിളങ്ങി. 48 പന്തുകളിൽ നിന്ന് 5 ഫോറുകളും 4 സിക്സറുകളും ഉൾപ്പെടെ പുറത്താകാതെ 72 റൺസാണ് താരം അടിച്ചുകൂട്ടിയത്.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ നമീബിയക്ക് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുക്കാനേ സാധിച്ചുള്ളൂ. 42 റൺസെടുത്ത ജാൻ നിക്കോൾ മാത്രമാണ് നമീബിയൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. നെതർലൻഡ്‌സിനായി ലോഗൻ വാൻ ബീക്ക് മൂന്ന് ഓവറിൽ 13 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ഡിലീഡ് 20 റൺസ് വഴങ്ങിയും രണ്ട് വിക്കറ്റുകൾ സ്വന്തമാക്കി.

157 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ നെതർലൻഡ്‌സ് 12 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യം കണ്ടു. മൂന്നാം വിക്കറ്റിൽ കോളിൻ അക്കർമാനുമായി (32) ചേർന്ന് ഡി ലീഡെ കെട്ടിപ്പടുത്ത 70 റൺസിന്റെ കൂട്ടുകെട്ട് നിർണായകമായി. ക്യാപ്റ്റൻ സ്കോട്ട് എഡ്വേർഡ്സ് 18 റൺസുമായി പുറത്താകാതെ നിന്നു. ആദ്യ മത്സരത്തിൽ പാകിസ്താനോട് പരാജയപ്പെട്ട നെതർലൻഡ്‌സിന് ഇത് ആശ്വാസ വിജയമാണ്. ടി20 ലോകകപ്പ് ചരിത്രത്തിൽ വിക്കറ്റുകളുടെ അടിസ്ഥാനത്തിൽ നെതർലൻഡ്‌സ് നേടുന്ന ഏറ്റവും വലിയ ജയം കൂടിയാണിത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T20 World CupTim SeifertNew Zealand cricket Team
News Summary - ICC Men's T20 World Cup | New Zealand vs UAE | Tim Seifert | Finn Allen
Next Story