സിറാജിന്‍റെ പേര് ഒഴിവാക്കി ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് ജയ് ഷാ; മുസ്‌ലിമായതു കൊണ്ടെന്ന് വിമർശനം
text_fieldsമുംബൈ: എഡ്ജ്ബാസ്റ്റണിൽ ചരിത്രവിജയം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി) ചെയർമാൻ ജയ് ഷാ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് വിവാദത്തിൽ.
ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്‍റെ പേര് ഒഴിവാക്കിയതിനെ ചൊല്ലിയാണ് വിവാദം. ഇന്ത്യൻ നായകൻ ശുഭ്മൻ ഗിൽ, പേസർ ആകാശ് ദീപ്, ഓൾ റൗണ്ടർ രവീന്ദ്ര ജദേജ, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നിവരുടെ പേരുകൾ കുറിപ്പിൽ പ്രത്യേകം എടുത്തുപറയുന്നുണ്. എന്നാൽ, ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റ് ഉൾപ്പെടെ രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റാണ് സിറാജ് നേടിയത്.
ഒന്നാം ഇന്നിങ്സിൽ ഇംഗ്ലീഷുകാരെ പ്രതിരോധത്തിലാക്കുന്നതിൽ സിറാജിന്‍റെ ബൗളിങ് പ്രകടനം നിർണായക പങ്കുവഹിച്ചിരുന്നു. 336 റൺസിന്റെ റെക്കോഡ് ജയമാണ് ശുഭ്മൻ ഗില്ലും സംഘവും സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ പേസർ ആകാശ് ദീപ്, ഒന്നാം ഇന്നിങ്സിൽ നാല് വിക്കറ്റും കൈക്കലാക്കി -മൊത്ത് പത്ത് വിക്കറ്റ്. ഒന്നാം ഇന്നിങ്സിൽ ഇരട്ട ശതകവും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയും നേടിയ ക്യാപ്റ്റൻ ഗില്ലാണ് (269, 161) കളിയിലെ മികച്ച താരം. ജദേജക്ക് ബൗളിങ്ങിൽ തിളങ്ങാനായില്ലെങ്കിലും രണ്ടു ഇന്നിങ്സിലും അർധ സെഞ്ച്വറി നേടി.
പന്തും ബാറ്റിങ്ങിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഈ താരങ്ങളുടെ പേരുകളെല്ലാം ജയ് ഷാ പോസ്റ്റിൽ പ്രത്യേകം എടുത്തുപറയുമ്പോഴും സിറാജിനെ മാത്രം ഒഴിവാക്കിയതാണ് ആരാധകരെ ചൊടിപ്പിച്ചത്. ‘ഇന്ത്യൻ ക്രിക്കറ്റിന്റെ പോരാട്ടവീര്യവും ആഴവും പ്രകടമാക്കുന്ന ഒരു മികച്ച ടെസ്റ്റ് മത്സരം. ശുഭ്മൻ ഗില്ലിന്‍റെ 269 & 161 റൺസ് അപൂർവ നിലവാരമുള്ള ഇന്നിങ്സുകളായിരുന്നു, ആകാശ് ദീപിന്റെ 10 വിക്കറ്റ് നേട്ടം നിർണായകമായി. രവീന്ദ്ര ജദേജ, ഋഷഭ് പന്ത് എന്നിവരും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ലോഡ്‌സിൽ നടക്കുന്ന അടുത്ത മത്സരത്തിനായി കാത്തിരിക്കുന്നു’ -ജയാ ഷാ എക്സിൽ കുറിച്ചു.
ഇതിനു താഴെ നിരവധി പേരാണ് വിമർശന കുറിപ്പുകൾ പോസ്റ്റു ചെയ്തിരിക്കുന്നത്. മുസ്ലിമായതുകൊണ്ടാണ് സിറാജിന്‍റെ പേര് ഒഴിവാക്കിയതെന്ന് ഒരു ആരാധകൻ വിമർശിച്ചു. എഡ്ജ്ബാസ്റ്റൺ മൈതാനത്ത് ഇന്ത്യയുടെ ആദ്യ ടെസ്റ്റ് ജയമാണിത്. ഇതോടെ അഞ്ച് മത്സര പരമ്പരയിൽ സന്ദർശകർ 1-1ന് ഒപ്പമെത്തി. ഗിൽ ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷമുള്ള ഇന്ത്യയുടെ ആദ്യ ജയവും. മൂന്നാം ടെസ്റ്റ് ജൂലൈ 10ന് ലോർഡ്സിൽ തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

