ഐ.സി.സി ചാമ്പ്യൻസ് ട്രോഫി ടൂർണമൻറിന് നാളെ തുടക്കം; തിരിച്ചുവരവിന് പാകിസ്താൻ
text_fieldsകറാച്ചി: ഒറ്റനാളിനപ്പുറം ക്രിക്കറ്റിലെ ചാമ്പ്യൻ പോരാട്ടത്തിന് പാക് മണ്ണിലും ദുബൈയിലുമായി വേദിയുണരുമ്പോൾ കിരീടം പിടിക്കാൻ സർവസജ്ജരായി ടീമുകൾ. 1996നുശേഷം ആദ്യമായാണ് പാകിസ്താൻ ഐ.സി.സി ടൂർണമെന്റിന് വേദിയാകുന്നത്. അന്ന് അർജുന രണതുംഗ നയിച്ച ശ്രീലങ്ക ലോകചാമ്പ്യന്മാരായി മടങ്ങി.
2011ലെ ലോകകപ്പ് ഇന്ത്യ, ശ്രീലങ്ക രാജ്യങ്ങൾക്കൊപ്പം പാകിസ്താനും ആതിഥേയത്വം വഹിക്കേണ്ടതായിരുന്നെങ്കിലും 2009ൽ ശ്രീലങ്കൻ ടീം സഞ്ചരിച്ച ബസിനുനേരെ ഭീകരാക്രമണം നടന്നതോടെ അത് മുടങ്ങി. അഞ്ചുവർഷം പാകിസ്താന്റെ അന്താരാഷ്ട്ര മത്സരങ്ങൾ ദുബൈയിലായി. പിന്നീടും മുൻനിര ടൂർണമെന്റുകളിൽ പാക് വേദികളില്ലാതെ തുടർന്നു. ഒടുവിൽ 2023ൽ ഏഷ്യകപ്പ് സംഘടിപ്പിച്ച് പാകിസ്താൻ തിരിച്ചുവന്നെങ്കിലും സുരക്ഷ ഭീഷണിമൂലം ഇന്ത്യ അവിടെ കളിച്ചില്ല. രണ്ടുവർഷത്തിനിടെ ചാമ്പ്യൻസ് ട്രോഫി വിരുന്നെത്തുമ്പോൾ ശരിക്കും അഗ്നിപരീക്ഷയാണ് സംഘാടകർക്ക്. 1200 കോടി പാക് രൂപ മുടക്കി മൈതാനങ്ങൾ നവീകരിച്ച പാകിസ്താൻ അടുത്തിടെ ത്രിരാഷ്ട്ര പരമ്പര വിജയകരമായി സംഘടിപ്പിച്ചു.
ഇന്ത്യയുടെ മത്സരങ്ങൾക്ക് മാത്രം ദുബൈ വേദിയാകുമെങ്കിലും കളികളിലേറെയും പാക് വേദികളിലാണ്. ഗദ്ദാഫി സ്റ്റേഡിയം, നാഷനൽ സ്റ്റേഡിയം എന്നിവിടങ്ങളിൽ അവസാന നാളുകളിൽവരെ അറ്റകുറ്റപ്പണികൾ തകൃതിയായി നടത്തിയാണ് പൂർത്തിയാക്കിയത്. കളി കാണാൻ ഇന്ത്യൻ കാണികൾക്ക് പാക് മണ്ണിലേക്ക് വിസ അനുവദിക്കാൻ സാധ്യത കുറവാണ്. 2023ലെ ഏകദിന ലോകകപ്പിൽ പാക് കാണികൾക്കും വിസ അനുവദിച്ചിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

