കിവികൾക്ക് കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പ്
text_fieldsദുബൈ: കന്നി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലുൾപ്പെടെ കിരീടമണിഞ്ഞവരായിട്ടും 50 ഓവർ ഫോർമാറ്റിൽ കിരീടം ന്യൂസിലൻഡിനെ തേടിയെത്തിയിട്ട് കാൽനൂറ്റാണ്ടായി. കെനിയയിൽ നടന്ന ഐ.സി.സി നോക്കൗട്ട്സ് ട്രോഫി നേടിയതാണ് ടീം പിടിച്ച അവസാന കിരീടം. 2000ത്തിൽ ഇന്ത്യയെ നാലു വിക്കറ്റിന് കടന്നായിരുന്നു അത്. മറുവശത്ത്, 2013ൽ സ്വന്തമാക്കിയ ചാമ്പ്യൻസ് ട്രോഫി ഒരിക്കലൂടെ നാട്ടിലെത്തിക്കാനാണ് ഇന്ത്യയിറങ്ങുന്നത്. ഞായറാഴ്ചയാണ് ലോകം കാത്തിരിക്കുന്ന കലാശപ്പോര്.
ബാറ്റിങ്ങിലും ബൗളിങ്ങിലും തുല്യ ശക്തി കാട്ടുന്നവരാണ് കിവികൾ. സെമിയിൽ ഇന്ത്യൻ വേരുകളുള്ള രചിൻ രവീന്ദ്രയും പിറകെ കെയിൻ വില്യംസണും സെഞ്ച്വറിയടിച്ചപ്പോൾ കരുത്തരായ ദക്ഷിണാഫ്രിക്ക നേരത്തേ വീണു. വില്യംസൺ ഇന്ത്യക്കെതിരെ കളിച്ച അവസാന മത്സരത്തിൽ 81 റൺ നേടിയിരുന്നു. ലോക ക്രിക്കറ്റിലെ ഇളമുറക്കാരിൽ പ്രമുഖനായ രചിൻ രവീന്ദ്രയും ന്യൂസിലൻഡിന്റെ വലിയ പ്രതീക്ഷയാണ്.
അവസാന സെമിയിൽ കളിയിലെ താരമായി മാറിയ രവീന്ദ്ര 2023ലെ ലോകകപ്പിൽ അരങ്ങേറി മൂന്ന് സെഞ്ച്വറികളുമായി അത്ഭുതപ്പെടുത്തിയ പ്രതിഭയാണ്. ഐ.സി.സി ടൂർണമെന്റുകളിൽ ഇതിനകം താരം അഞ്ച് ശതകങ്ങൾ പൂർത്തിയാക്കി കഴിഞ്ഞു. ടീമിന്റെ ബൗളിങ് കുന്തമുനയായ മാറ്റ് ഹെന്റി പരിക്കുമൂലം നാളെ ഇറങ്ങുമോയെന്ന ആധി കിവികളെ അലട്ടുന്നുണ്ട്.
മറുവശത്ത്, നാല് സ്പിന്നർമാരുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പാകിസ്താനെതിരെ അനായാസ ജയം പിടിക്കാനായത് സ്പിൻ കരുത്തിലായതിനാൽ ഇത്തവണയും സമാന നേട്ടം ആവർത്തിക്കാനാകുമെന്ന് ടീം കരുതുന്നു. അപ്രതീക്ഷിത വിരുന്നുകാരനായെത്തി ടീമിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായി മാറിയ വരുൺ ചക്രവർത്തിതന്നെ നാൽവർ സംഘത്തിലെ തുരുറുപ്പുശീട്ട്. സ്പിന്നും പേസും സമം ചേർത്ത് മാറിമാറിയുള്ള വരുണിന്റെ പന്തുകൾ ആരെയും വഴിതെറ്റിക്കാൻ പോന്നതാണ്. ഇതിനകം ഏഴു വിക്കറ്റുകളുമായി ടീമിലെ വലിയ സാന്നിധ്യമായി മാറിയ വരുണിന് മുന്നിൽ ഒരു വിക്കറ്റ് അധികം നേടിയ മുഹമ്മദ് ഷമി മാത്രമാണുള്ളത്.
ഗ്രൂപ് ഘട്ടത്തിൽ ഇന്ത്യയും ന്യൂസിലൻഡും മുഖാമുഖം വന്നപ്പോൾ 44 റൺസിന് ജയം ഇന്ത്യക്കൊപ്പമായിരുന്നു. തോറ്റ കളിയിൽ ന്യൂസിലൻഡിനായി പന്തുകൊണ്ട് തിളങ്ങിയ മാറ്റ് ഹെന്റി തിരിച്ചെത്തിയില്ലെങ്കിൽ ഇന്ത്യക്ക് ആനുകൂല്യം ഇരട്ടിയാകും. അതേസമയം, മിച്ചൽ സാന്റനറടക്കം കിവികളുടെ ബൗളിങ് നിര മികച്ചതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

