ജെഫ് ആൽഡ്രിസ് ഐ.സി.സി സി.ഇ.ഒ
text_fieldsദുബൈ: ഐ.സി.സി സി.ഇ.ഒയായി ജെഫ് ആൽഡ്രിസിനെ തെരഞ്ഞെടുത്തു. എട്ടുമാസക്കാലത്തോളം ഇടക്കാല സി.ഇ.ഒയായിരുന്ന ആൽഡ്രിസിനെ ഇപ്പോഴാണ് ഐ.സി.സി സ്ഥിരം മേധാവിയായി നിയമിക്കുന്നത്. മനു സ്വാനയുടെ ഒഴിവിലേക്കാണ് ആൽഡ്രിസ് എത്തുന്നത്. ആൽഡ്രിസിനെ സി.ഇ.ഒയായി നിയമിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഐ.സി.സി ചെയർമാൻ ഗ്രെഗ് ബാർക്കലേ പറഞ്ഞു. പ്രതിസന്ധികാലത്ത് മികച്ച രീതിയിൽ ഐ.സി.സിയെ നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഐ.സി.സി പുരുഷ ട്വന്‍റി 20 ലോകകപ്പ് വിജയകരമായി നടത്താനും അദ്ദേഹത്തിന് സാധിച്ചുവെന്ന് ഐ.സി.സി ചെയർമാൻ കൂട്ടിച്ചേർത്തു.
വർഷങ്ങളുടെ അനുഭവ സമ്പത്തുമായാണ് ആൽഡ്രിസ് ഐ.സി.സിയുടെ തലപ്പത്തേക്ക് എത്തുന്നത്. എട്ട് വർഷക്കാലം അദ്ദേഹം ഐ.സി.സിയുടെ ജനറൽ മാനേജറായിരുന്നു. ക്രിക്കറ്റ് ആസ്ട്രേലിയയിലും അദ്ദേഹം സമാന പദവി വഹിച്ചിട്ടുണ്ട്.
ആഗോള ക്രിക്കറ്റ് ഭൂപടത്തെ കുറിച്ച് ആൽഡ്രിസിന് കൃത്യമായ ധാരണയുണ്ട്. ഐ.സി.സി അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ നല്ല വ്യക്തിയെ തന്നെയാണ് നാം തെരഞ്ഞെടുത്തിരിക്കുന്നത്. ജെഫിന്‍റെ വരവ് ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ഐ.സി.സി ചെയർമാൻ പറഞ്ഞു.
സി.ഇ.ഒയായി തെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന് ജെഫ് ആൽഡ്രിസും പ്രതികരിച്ചു. ഐ.സി.സി ചെയർമാനോടും ജീവനക്കാരോടും ഈയവസരത്തിൽ നന്ദി പറയുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.