Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആരെയെങ്കിലും ചുമ്മാ...

ആരെയെങ്കിലും ചുമ്മാ തല്ലി ഹീറോ ആയതല്ല! വൈഭവ് ‘പഞ്ഞിക്കിട്ടത്’ ലോകോത്തര ബൗളർമാരെ; ബുംറക്കു പിന്നാലെ ഹെയ്സൽവുഡിനും കിട്ടി കണക്കിന്...

text_fields
bookmark_border
Vaibhav Sooryavanshi
cancel

ഗുവാഹത്തി: ഇന്ത്യൻ ക്രിക്കറ്റിലെ വിസ്മയ താരം വൈഭവ് സൂര്യവംശിയുടെ ബാറ്റിന്‍റെ ചൂടറിഞ്ഞ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ (ആർ.സി.ബി) ആസ്ട്രേലിയൻ സൂപ്പർപേസർ ജോഷ് ഹെയ്സൽവുഡും ഭുവനേശ്വർ കുമാറും. ഐ.പി.എല്ലിലെ റോയൽ ടീമുകൾ ഏറ്റുമുട്ടിയ മത്സരത്തിൽ ആറു വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് ജയിച്ചത്. ലോക ക്രിക്കറ്റിലെ ഒന്നാം നമ്പർ ബൗളറായ ജസ്പ്രീത് ബുംറ, ട്രെന്‍റ് ബോൾട്ട് എന്നിവർക്കു പിന്നാലെയാണ് കൗമാര താരം ഹെയ്സൽവുഡിനെയും ഭുവനേശ്വറിനെയും തല്ലിതകർത്തത്.

15 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കിയ വൈഭവ് മത്സരത്തിൽ 26 പന്തിൽ 78 റൺസാണ് അടിച്ചുകൂട്ടിയത്. ഏഴ് സിക്സും എട്ട് ഫോറും അടങ്ങുന്നതാണ് ഇന്നിങ്സ്. സീസണിൽ രണ്ടാം തവണയാണ് ഈ 15കാരൻ 15 പന്തിൽ അർധ സെഞ്ച്വറി കുറിക്കുന്നത്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലും ഈ നേട്ടം കൈവരിച്ചിരുന്നു. ഇതോടെ രണ്ട് തവണ ഈ നേട്ടം കൈവരിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും വൈഭവിന് സ്വന്തമായി. നിലവിൽ സീസണിലെ റൺവേട്ടക്കാരിൽ ഒന്നാമനാണ് വൈഭവ്. നാലു മത്സരങ്ങളിൽനിന്ന് 200 റൺസ്. ആദ്യ മൂന്നു സ്ഥാനങ്ങളിലും രാജസ്ഥാൻ താരങ്ങളാണ്. 183 റൺസുമായി യശസ്വി ജയ്സ്വാളും 176 റൺസുമായി ധ്രുവ് ജുറേലും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ആരെയെങ്കിലും അടിച്ച് വെറുതെ ഹീറോ ആയതല്ലെന്ന് മുംബൈക്കെതിരായ മത്സരത്തിൽ ബുംറയുടെ ആദ്യ പന്തു തന്നെ ഗാലറിയിലെത്തിച്ച് വൈഭവ് തെളിയിച്ചതാണ്. സൂപ്പർ പേസർ ന്യൂസിലൻഡിന്‍റെ ബോൾട്ടും ആ ബാറ്റിന്‍റെ ചൂടറിഞ്ഞു. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിലും മികച്ച ഇക്കണോമി റേറ്റ് കാത്തുസൂക്ഷിക്കുന്ന ബൗളറാണ് ഹെയ്സൽവുഡ്. എന്നാൽ, അതൊന്നും വൈഭവിന് ഒരു വിഷയമേ അല്ലായിരുന്നു. താരത്തെ രണ്ട് തവണയാണ് വൈഭവ് സിക്സർ പറത്തിയത്. ആദ്യ ഓവറിൽ ഭുവനേശ്വർ കുമാറും നന്നായി തല്ലുവാങ്ങി. ഭുവനേശ്വറിനെ ബൗണ്ടറിയടിച്ചാണ് വൈഭവ് വരവറിയിച്ചത്. അതേ ഓവറിൽ ഒരു ഫോറും കൂടി നേടി.

രണ്ടാം ഓവർ എറിയാനെത്തിയ ഹെയ്സൽവുഡിനെ രണ്ടു തവണ ഗാലറിയിലെത്തിച്ച ജയ്സ്വാൾ, അവസാന പന്തിൽ വിക്കറ്റിനു പിന്നിൽ കുരുങ്ങി. പിന്നാലെ വൈഭവ് ആക്രമണത്തിന്റെ കടിഞ്ഞാൺ ഏറ്റെടുത്തു. അഭിനന്ദൻ സിങ്ങിന്‍റെ മൂന്നാം ഓവറിൽ രണ്ടും മൂന്നും പന്തുകൾ തുടർച്ചയായി വൈഭവ് ബൗണ്ടറി കടത്തി. അവസാന പന്ത് നിലംതൊടിക്കാതെ ഗാലറിയിൽ. ആ ഓവറിൽ 16 റൺസാണ് നേടിയത്. നാലാം ഓവർ എറിയാനെത്തിയ ഹെയ്സൽവുഡിനെ വൈഭവ് ശരിക്കും തല്ലിതകർത്തു. ഹാട്രിക്ക് ബൗണ്ടറി നേടിയ വൈഭവ് അവസാന പന്ത് സിക്സറും പറത്തി. ആകെ 19 റൺസ്. അഞ്ചാം ഓവറിൽ ഭുവനേശ്വർ കുമാറിന്റെ നേരിട്ട ആദ്യ രണ്ട് പന്തുകളും സിക്സിന് പറത്തി വൈഭവ് 15 പന്തിൽ അർധ സെഞ്ച്വറി പൂർത്തിയാക്കി.

ഐ.പി.എല്ലിൽ അതിവേഗം അർധ സെഞ്ച്വറി തികക്കുന്ന നാലാമത്തെ ഇന്ത്യൻ താരമാണ് വൈഭവ്. ക്രുണാൽ പാണ്ഡ്യ എറിഞ്ഞ ഒമ്പതാമത്തെ ഓവറിലെ ആദ്യ പന്തിൽ വമ്പനടിക്കു ശ്രമിച്ച താരം, വിരാട് കോഹ്ലിക്ക് ക്യാച്ച് നൽകിയാണ് പുറത്തായത്. രണ്ടാം വിക്കറ്റിൽ വൈഭവും ധ്രുവ് ജുറേലും ചേർന്ന് നേടിയ 108 റൺസ് കൂട്ടുകെട്ടാണ് രാജസ്ഥാന്‍റെ വിജയത്തിൽ നിർണായകമായത്. സീസണിൽ രാജസ്ഥാന്‍റെ തുടർച്ചയായ നാലാം ജയമാണിത്. ജുറേൽ 43 പന്തിൽ 81 റൺസുമായും രവീന്ദ്ര ജദേജ 25 പന്തിൽ 24 റൺസുമായും പുറത്താകാതെ നിന്നു.

ബുംറയും വൈഭവും ആദ്യമായി നേർക്കുനേർ വരുന്ന പ്രത്യേകയുണ്ടായിരുന്ന മുംബൈ-രാജസ്ഥാൻ മത്സരത്തിന്.മത്സരത്തിൽ രണ്ടാം ഓവർ എറിഞ്ഞ ബുംറയുടെ ആദ്യ പന്തു തന്നെ വൈഭവ് ലോങ് ഓണിന് മുകളിലൂടെ സിക്സ് പറത്തി. അതേ ഓവറിലെ നാലാം പന്തും വീണത് ഗാലറിയിൽ. പന്തു നോക്കിയാണു കളിക്കുന്നതെന്നും പന്തെറിയുന്നത് ആരാണെന്നു ശ്രദ്ധിക്കാറില്ലെന്നുമാണു മത്സരശേഷം വൈഭവ് പ്രതികരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajasthan RoyalsIPL 2026Vaibhav Sooryavanshi
News Summary - 'I Try To Play The Ball, Not The Bowler' -Vaibhav Sooryavanshi
Next Story