Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right‘ക്രിക്കറ്റ് കളിച്ചതിൽ...

‘ക്രിക്കറ്റ് കളിച്ചതിൽ ഖേദം തോന്നുന്നു’; ബി.സി.സി.ഐ ഇടപെടൽ ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ നായകൻ

text_fields
bookmark_border
‘ക്രിക്കറ്റ് കളിച്ചതിൽ ഖേദം തോന്നുന്നു’; ബി.സി.സി.ഐ ഇടപെടൽ ആവശ്യപ്പെട്ട് മുൻ ഇന്ത്യൻ നായകൻ
cancel

ഹൈദരാബാദ്: ആദരസൂചകമായി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിന്‍റെ പവലിയന് നൽകിയ തന്‍റെ പേര് മാറ്റാനുള്ള ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍റെ (എച്ച്.സി.എ) നടപടി ഏറെ വേദനിപ്പിച്ചതായി മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ. തന്നെ അപമാനിക്കുകയാണെന്നും വിഷയത്തിൽ അടിയന്തരമായി ബി.സി.സി.ഐ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അസ്ഹറുദ്ദീൻ എച്ച്.സി.എ പ്രസിഡന്‍റായിരിക്കുന്ന കാലത്ത് അധികാരദുർവിനിയോഗം നടത്തിയാണ് പവലിയന് അദ്ദേഹത്തിന്‍റെ പേര് നൽകിയതെന്നാണ് ആരോപണം. ഹൈദരാബാദിലെ ലോർഡ്സ് ക്രിക്കറ്റ് ക്ലബ് പരാതിയിൽ എച്ച്.സി.എ എത്തിക്സ് ഓഫിസറും ഓംബുഡ്സ്മാനുമായ ജസ്റ്റിസ് വി. ഈശ്വരയ്യ അസ്ഹറുദ്ദീൻ പേര് നീക്കാൻ ഉത്തരവിട്ടിരുന്നു. ഉത്തരവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും തെലങ്കാന ഹൈകോടതിയിൽ അപ്പീൽ നൽകുമെന്നും അസ്ഹറുദ്ദീൻ വ്യക്തമാക്കി. ‘അതിയായ വേദനയോടെയാണ് ഇക്കാര്യം പറയുന്നത്, ചിലപ്പോൾ ക്രിക്കറ്റ് കളിച്ചതിൽ ഖേദം തോന്നാറുണ്ട്. കളിയെ കുറിച്ച് ഒരു ധാരണപോലും ഇല്ലാത്തവരാണ് നേതൃസ്ഥാനത്ത് ഇരിക്കുന്നതും കളി പഠിപ്പിക്കുന്നതും എന്നത് ഹൃദയഭേദകമാണ്. ഇത് കായികരംഗത്തിന് തന്നെ അപമാനമാണ്’ -അസ്ഹറുദ്ദീൻ പ്രതികരിച്ചു.

ഈ അനീതിക്കെതിരെ നിയമനടപടി സ്വീകരിക്കും. വിഷയത്തിൽ ഇടപെട്ട് ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ബി.സി.സി.ഐയോട് അഭ്യർഥിക്കുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല. പാസ്സ് വിതരണവുമായി ബന്ധപ്പെട്ട് സൺറൈസേഴ്സ് ഹൈദരാബാദും അസോസിയേഷനും തർക്കമുണ്ടായിരുന്നു, ഭരണസമിതിയുടെ ദുരവസ്ഥയാണ് ഇത് കാണിക്കുന്നതെന്നും താരം വ്യക്തമാക്കി. ഓംബുഡ്‌സ്മാന്‍റെ കാലാവധി ഫെബ്രുവരിയിൽ അവസാനിച്ചതാണെന്നും അതുകൊണ്ടു തന്നെ അദ്ദേഹത്തിന്‍റെ ഉത്തരവുകൾക്ക് നിയമസാധുതയില്ലെന്നുമാണ് അസ്ഹറിന്‍റെ വാദം.

മുൻ ക്രിക്കറ്റ് താരങ്ങളെ എച്ച്.സി.എ ബഹുമാനിക്കുന്നില്ല. വി.വി.എസ്. ലക്ഷ്മണന്‍റെ പേര് താൻ നീക്കം ചെയ്തിട്ടില്ലെന്നും അദ്ദേഹത്തിന്‍റെ പേരിൽ സ്റ്റേഡിയത്തിൽ ഇപ്പോഴും പവലിയൻ ഉണ്ടെന്നും അസ്ഹർ പ്രതികരിച്ചു. ‘അസോസിയേഷൻ നിയമപ്രകാരം ഓംബുഡ്സ്മാന്‍റെ കാലാവധി ഒരു വർഷമാണ്. ഫെബ്രുവരി 18ന് കാലാവധി അവസാനിച്ചു. കാലാവധി നീട്ടി നൽകിയിട്ടില്ല. വാർഷിക ജനറൽ ബോഡിക്കു മാത്രമേ കാലാവധി നീട്ടിനൽകാനാകു. ഇതുവരെ യോഗം നടന്നിട്ടില്ല. അതുകൊണ്ടുതന്നെ എങ്ങനെ ഉത്തരവ് പുറപ്പെടുവിക്കും. ഇതിഹാസമായ ലക്ഷ്മണനെ പോലൊരു താരത്തിന്‍റെ പേര് ഒഴിവാക്കാൻ ഞാനെന്താ വിഡ്ഢിയാണോ’ -അസ്ഹറുദ്ദീൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Cricket TeamMohammad Azharuddin
News Summary - 'I regret playing cricket': Mohammad Azharuddin deeply pained
Next Story