ടെസ്റ്റ് ക്യാപ്റ്റൻസി തരാമെന്ന് ബി.സി.സി.ഐ പറഞ്ഞു; പക്ഷേ നിരസിച്ചു -ജസ്പ്രീത് ബുംറ
text_fieldsജസ്പ്രീത് ബുംറ
ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ നായകനായി യുവതാരം ശുഭ്മൻ ഗില്ലിനെ നിയമിക്കാനുള്ള ബി.സി.സി.ഐയുടെ തീരുമാനത്തിന് നേരെ വലിയ വിമർശനങ്ങളുയർന്നിരുന്നു. ടീമിനെ നയിച്ച് പരിചയമുള്ള ജസ്പ്രീത് ബുംറ, കെ.എൽ. രാഹുൽ എന്നിവരെ ഉൾപ്പെടെ തഴഞ്ഞാണ് മാനേജ്മെന്‍റ് ഗില്ലിനെ തലപ്പത്ത് കൊണ്ടുവന്നതെന്നായിരുന്നു പ്രധാന വിമർശനം. എന്നാൽ തന്നെ ക്യാപ്റ്റൻസി ഏൽപ്പിക്കാൻ ബി.സി.സി.ഐ തയാറായിരുന്നുവെന്നും താൻ ഇത് നിരസിക്കുകയായിരുന്നുവെന്നും ബുംറ പ്രതികരിച്ചു.
ഐ.പി.എല്ലിനിടെ ബി.സി.സി.ഐ തന്നെ സമീപിച്ചെങ്കിലും ജോലി ഭാരം കൈകാര്യ ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്താണ് താൻ പിന്മാറിയതെന്ന് ബുംറ വ്യക്തമാക്കി. തുടർച്ചയായി പരിക്കിന്‍റെ പിടിയിൽ പെടുന്ന തനിക്ക് അഞ്ച് മത്സരങ്ങളുള്ള പരമ്പര പൂർണമായും കളിക്കാനാകില്ലെന്നും ടീമാണ് പ്രധാനമെന്നും സ്കൈ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
“ഐ.പി.എല്ലിനിടെ, രോഹിത് ശർമയും വിരാട് കോഹ്ലിയും വിരമിക്കൽ പ്രഖ്യാപിക്കുന്നതിനു മുമ്പ് അഞ്ച് ടടങ്ങിയ ഇംഗ്ലണ്ട് പരമ്പരയിലെ ജോലി ഭാരത്തെ കുറിച്ച് ബി.സി.സി.ഐയുമായി സംസാരിച്ചിരുന്നു. ഫിസിയോയോട് ഉൾപ്പെടെ എന്റെ പരിക്കിനെ കുറിച്ച് സംസാരിച്ചു. ഇതിനിടെ എന്നെ ക്യാപ്റ്റൻസി ഏൽപ്പിക്കാനുള്ള ആലോചനകൾ സജീവമായിരുന്നു.
എന്നാൽ മൂന്ന് മത്സരങ്ങൾ മാത്രം കളിക്കാനാവുന്ന അവസ്ഥയിലായിരുന്നു ഞാൻ. ഇതോടെ നായകത്വമെന്ന ഭാരം ഏറ്റെടുക്കാനാകില്ലെന്ന് ബി.സി.സി.ഐയെ അറിയിച്ചു. മൂന്ന് മത്സരങ്ങളിൽ ഒരാളും പിന്നീടുള്ള രണ്ടെണ്ണത്തിൽ മറ്റൊരാളും ടീമിനെ നയിക്കുന്നത് ശരിയല്ല. അത്തരമൊരു കാര്യം ടീമിന് ഗുണംചെയ്യില്ല” -ബുംറ പറഞ്ഞു.
ഈ വർഷമാദ്യം നടന്ന ബോർഡർ -ഗവാസ്കർ ട്രോഫിയിലെ അവസാന ടെസ്റ്റിൽ പരിക്കേറ്റ ബുംറക്ക് മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നാലെ ഇന്ത്യ ജേതാക്കളായ ചാമ്പ്യൻസ് ട്രോഫിയിലും താരത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റിന് വെള്ളിയാഴ്ച തുടക്കമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

