‘അത് കൂട്ടായ തീരുമാനം, ഉത്തരവാദിത്തം ഏറ്റെടുക്കുന്നു’; വൈഭവിനെ സൂപ്പർ ഓവറിൽ ഇറക്കാത്തതിൽ പ്രതികരിച്ച് ജിതേഷ് ശർമ
text_fieldsവൈഭവ് സൂര്യവംശി
ദോഹ: റൈസിങ് സ്റ്റാർ ഏഷ്യകപ്പിൽ ബംഗ്ലാദേശിനെതിരെ സൂപ്പർ ഓവറിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയാണ് ഇന്ത്യ എ പുറത്തായത്. സൂപ്പർ ഓവറിൽ യുവ സെൻസേഷനും വെടിക്കെട്ട് ബാറ്ററുമായ വൈഭവ് സൂര്യവംശിയെ ഇറക്കാതിരുന്നതിൽ വ്യാപക വിമർശമാണുയർന്നത്. വമ്പനടിക്കാരായ വൈഭവും പ്രിയാൻഷ് ആര്യയും ഉണ്ടെന്നിരിക്കെ, മധ്യനിര താരങ്ങളെ ക്രീസിലിറക്കിയ ജിതേഷ് ശർമ, തോൽവി ഇരന്നുവാങ്ങുകയായിരുന്നു എന്ന തരത്തിൽ പരിഹാസമുൾപ്പെടെ സമൂഹമാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്.
എന്നാൽ സൂപ്പർ ഓവറിൽ വൈഭവിനെ കളിപ്പിക്കേണ്ടെന്ന് ടീമംഗങ്ങൾ കൂട്ടായി തീരുമാനമെടുത്തതെന്നാണ് മത്സരശേഷം ക്യാപ്റ്റൻ ജിതേഷ് ശർമ പ്രതികരിച്ചത്. അന്തിമ തീരുമാനം തന്‍റേതായിരുന്നെങ്കിലും എല്ലാവരും ഒന്നിച്ചാണ് കാര്യങ്ങൾ ചർച്ച ചെയ്തത്. ടോപ് ഓഡറിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളേക്കാൾ നല്ലത്, ഡെത്ത് ഓവറുകൾ കൈകാര്യെ ചെയ്യാൻ മിടുക്കുകാണിക്കുന്നവരെ സൂപ്പർ ഓവറിൽ ഇറക്കാനായിരുന്നു പ്ലാൻ. സീനിയർ താരമെന്ന നിലയിൽ താൻ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നെന്നും തോൽവിയുടെ ഉത്തരവാദിത്തം താൻ ഏൽക്കുന്നുവെന്നും മത്സരശേഷമുള്ള പ്രസന്‍റേഷൻ സെറിമണിയിൽ ജിതേഷ് ശർമ പറഞ്ഞു.
“ടീമില്‍ വൈഭവും പ്രിയാന്‍ഷും പവര്‍പ്ലേയില്‍ നന്നായി കളിക്കുന്നവരാണ്. അതേസമയം ഡെത്ത് ഓവറുകളില്‍ അഷുതോഷിനും രമണ്‍ദീപിനും നന്നായി കളിക്കാന്‍ കഴിയും. അതുകൊണ്ട് തന്നെ സൂപ്പര്‍ ഓവര്‍ ലൈനപ്പ് ടീം കൂട്ടായി സ്വീകരിച്ച തീരുമാനമായിരുന്നു. അന്തിമ തീരുമാനം എടുത്തത് ഞാന്‍ തന്നെയാണ്. തോൽവിയുടെ ഉത്തരവാദിത്തം പൂർണമായും ഞാൻ ഏറ്റെടുക്കുന്നു. ഒരു സീനിയര്‍ എന്ന നിലയില്‍, ഞാന്‍ കളി പൂര്‍ത്തിയാക്കേണ്ടതായിരുന്നു” -ജിതേഷ് പറഞ്ഞു.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ആറു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 18 ഓവര്‍ അവസാനിക്കുമ്പോള്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സെന്ന നിലയിലായിരുന്നു ബംഗ്ലാദേശ്. എന്നാല്‍ അവസാന രണ്ടോവറുകളില്‍ എസ്.എം. മെഹറോബും യാസിര്‍ അലിയും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ബംഗ്ലാദേശിനെ 194ൽ എത്തിച്ചത്. നമന്‍ ധിര്‍ എറിഞ്ഞ 19ാം ഓവറില്‍ മെഹറോബ് 28 റണ്‍സ് അടിച്ചെടുത്തു. നാല് സിക്‌സറുകളും ഒരു ഫോറും നേടി. 20-ാം ഓവറില്‍ യാസിര്‍ അലി 22 റണ്‍സും നേടി.
മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ തന്നെ വൈഭവ് 19 റൺസ് അടിച്ചെടുത്തു. പ്രിയാൻഷ് ആര്യയും സ്കോർ കണ്ടെത്തിയതോടെ ഇന്ത്യ മൂന്നോവറിൽ 49 റൺസിലെത്തി. നാലാം ഓവറിൽ കൂറ്റനടിക്ക് ശ്രമിക്കവേ വൈഭവ് പുറത്തായി. പ്രിയാൻഷ് 23 പന്തിൽ 44 റൺസെടുത്തു. ഇന്ത്യ അവസാന പന്തിൽ മൂന്നു റൺസ് ഓടിയെടുത്താണ് സ്കോർ 194ൽ എത്തിച്ചത്. ഇതോടെയാണ് മത്സരം സൂപ്പർ ഓവറിലെത്തി.
സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്തത് ഇന്ത്യയാണ്, ജിതേഷ് ശർമയും രമൺദീപ് സിങ്ങുമാണ് ബാറ്റിങ്ങിനിറങ്ങിയത്. ആദ്യ പന്തിൽ തന്നെ ജിതേഷ് ശർമ ക്ലീൻ ബൗൾഡ്. തൊട്ടടുത്ത പന്തിൽ അശുതോഷ് ശർമയും പുറത്തായതോടെ പൂജ്യം റണ്ണിന് ഇന്ത്യയുടെ ഇന്നിങ്സ് അവസാനിച്ചു. ബംഗ്ലാദേശിന് ജയിക്കാൻ ഒരു റണ്ണ്. മറുപടി ബാറ്റിങ്ങിൽ സുയാഷ് ശർമ എറിഞ്ഞ ഓവറിലെ ആദ്യ പന്തിൽ യാസിൽ അലി പുറത്ത്. തൊട്ടടുത്ത പന്ത് വൈഡ് എറിഞ്ഞതോടെ ബംഗ്ലാദേശ് ഫൈനലിൽ.
നിർണായക സൂപ്പർ ഓവറിൽ വെടിക്കെട്ട് താരം വൈഭവിനെ ബാറ്റിങ്ങിന് ഇറക്കാത്ത തീരുമാനത്തിൽ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ടൂർണമെന്‍റിലെ റൺവേട്ടക്കാരിൽ ഒന്നാമനാണ് വൈഭവ്. നാലു ഇന്നിങ്സുകളിൽനിന്ന് 239 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഈ മത്സരത്തിലും പതിനാലുകാരൻ നാലു സിക്സടക്കം 15 പന്തിൽ 38 റൺസെടുത്തു. എന്നിട്ടും താരത്തെ സൂപ്പർ ഓവറിൽ കളിപ്പിക്കാത്ത തീരുമാനം വലിയ മണ്ടത്തരമായെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

