‘അത് വലിയ ആഘാതമായി, വിരമിച്ചാലോ എന്ന് ആലോചിച്ചു’; രണ്ട് വർഷം മുമ്പ് കടന്നുപോയ മാനസിക സംഘർഷം വെളിപ്പെടുത്തി രോഹിത്
text_fieldsരോഹിത് ശർമ
മുംബൈ: ട്വന്‍റി20യിലും ടെസ്റ്റിലും വിരമിക്കൽ പ്രഖ്യാപിച്ച മുൻനായകൻ രോഹിത് ശർമ നിലവിൽ ഏകദിനത്തിൽ മാത്രമാണ് ടീം ഇന്ത്യക്കായി കളത്തിലിറങ്ങുന്നത്. സമീപകാല വിമർശനങ്ങൾക്ക് വമ്പൻ തിരിച്ചുവരവിലൂടെയാണ് താരം മറുപടി നൽകിയത്. നിലവിൽ ലോക ഒന്നാം നമ്പർ ബാറ്ററായ രോഹിത്തിനെ വിമർശകർ പോലും നെഞ്ചേറ്റുന്ന കാഴ്ചയാണ് ഇന്നുള്ളത്. എന്നാൽ വിരമിക്കണമെന്ന ആവശ്യമുയരുന്നതിന് മുമ്പുതന്നെ കളിനിർത്താൻ ഒരുഘട്ടത്തിൽ താൻ ആലോചിച്ചിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് ഇന്ത്യയുടെ സ്വന്തം ഹിറ്റ്മാൻ.
2023ൽ ഇന്ത്യ ആതിഥേയത്വം വഹിച്ച ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവി തനിക്ക് വലിയ ആഘാതമായെന്നും പിന്നാലെ വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചുവെന്നും മാസ്റ്റേഴ്സ് യൂണിയൻ പരിപാടിക്കിടെ രോഹിത് പറഞ്ഞു. “ലോകകപ്പ് ഫൈനലിലെ തോൽവി എനിക്ക് വലിയ മാനസികാഘാതമായി. ഈ ഗെയിം (ക്രിക്കറ്റ്) എന്നിൽനിന്ന് എല്ലാം കൊണ്ടുപോയെന്നും ഇനി ഒന്നും അവശേഷിക്കുന്നില്ലെന്നും കളിനിർത്താമെന്നും എനിക്ക് തോന്നി. എല്ലാവരും നിരാശരായിരുന്നു. യഥാർഥത്തിൽ സംഭവിച്ച കാര്യങ്ങൾ ഞങ്ങൾക്ക് വിശ്വസിക്കാനായില്ല.
2022ൽ ക്യാപ്റ്റൻസി ഏറ്റെടുത്തതു മുതൽ എന്‍റെ എല്ലാ തയാറെടുപ്പുകളും ലോകകപ്പിനു വേണ്ടിയായിരുന്നു. ട്വന്‍റി20യോ ഏകദിനമോ, ഏതായിരുന്നാലും ലോകകപ്പ് നേടുക എന്നതുമാത്രമായിരുന്നു എന്‍റെ ലക്ഷ്യം. ഫൈനലിലെ തോൽവി എന്നെ മാനസികമായി തകർത്തു. എന്‍റെ ശരീരത്തിൽ അൽപം പോലും ഊർജം അവശേഷിച്ചിരുന്നില്ല. അതിൽനിന്ന് തിരിച്ചുവരാൻ രണ്ട് മാസത്തോളം സമയമെടുത്തു. ഇനിയും എന്തെല്ലാമോ ചെയ്യാനുണ്ടെന്ന തോന്നൽ ഉണ്ടാക്കിയെടുത്ത് പതിയെ ക്രീസിലേക്ക് തിരിച്ചെത്തി. ഒരുപാട് അധ്വാനിച്ചിട്ടും ലക്ഷ്യത്തിൽ എത്താതിരിക്കുമ്പോൾ സ്വാഭാവികമായി ഉണ്ടാകാവുന്ന നിരാശയാണ് എന്നെ ബാധിച്ചത്.
എന്നാൽ ജീവിതം അവിടെ തീരുന്നില്ല. അത്തരം സാഹചര്യങ്ങൾ എങ്ങനെ നേരിടണമെന്നും എങ്ങനെ തിരിച്ചുവരണമെന്നും അതെന്നെ പഠിപ്പിച്ചു. പിന്നീടാണ് യു.എസിലും വെസ്റ്റിൻഡീസിലും നടന്ന ടി20 ലോകകപ്പിൽ ശ്രദ്ധയൂന്നിയത്. ഇപ്പോൾ പറയാൻ എളുപ്പമാണെങ്കിലും അന്നത്തെ മാനസികനില അത്രയേറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു” -രോഹിത് പറഞ്ഞു. 2023 ലോകകപ്പിൽ തുടർച്ചയായി ഒമ്പത് മത്സരങ്ങൾ ജയിച്ച ശേഷമാണ് ഫൈനലിൽ ഇന്ത്യ ആസ്ട്രേലിയയോട് തോറ്റത്. തോട്ടടുത്ത വർഷം നടന്ന ട്വന്‍റി20 ലോകകപ്പിൽ രോഹിത്തിന്‍റെ നേതൃത്വത്തിൽ ഇന്ത്യ കിരീടം സ്വന്തമാക്കി. ഇതിനു പിന്നാലെയാണ് രോഹിത്തും കോഹ്ലിയും ജദേജയും അന്താരാഷ്ട്ര ടി20യിൽനിന്ന് വിരമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

