'എങ്ങോട്ട് പോകാൻ, തൽക്കാലം ഒരിടത്തും പോകുന്നില്ല, ഇവിടെ തന്നെ കാണും'; കിരീടത്തിൽ മുത്തമിട്ട ശേഷം രോഹിതിന്റെ ക്ലാസ് മറുപടി
text_fieldsദുബൈ: പ്രായം 37ലെത്തിയിട്ടും ബാറ്റിലെ അഗ്നിയടങ്ങാതെ തകർത്തുകളിച്ച് മറ്റൊരു കിരീടം കൂടി ഇന്ത്യൻ ഷോക്കേസിലെത്തിച്ച നായകൻ ഒരുകാര്യം വെട്ടിത്തുറന്ന് പറഞ്ഞു.
'ഒരു കാര്യം ആദ്യമേ തന്നെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഞാൻ തൽക്കാലം ഒരിടത്തും പോകുന്നില്ല. ഈ ഫോർമാറ്റിൽനിന്ന് വിരമിക്കുന്നുമില്ല'. ചാമ്പ്യൻസ് ട്രോഫിക്ക് പിന്നാലെ താരം വിരമിക്കുമെന്ന് ഊഹാപോഹങ്ങൾക്കാണ് അതോടെ അവസാനമായത്.
ഭാവിയിലേക്ക് തൽക്കാലം പദ്ധതികളൊന്നുമില്ലെന്നും, ഭാവി കാര്യങ്ങൾ ഭാവിയിൽ നടക്കുമെന്നും വാർത്തസമ്മേളനത്തിൽ രോഹിത് കൂട്ടിച്ചേർത്തു.
കലാശപ്പോരിൽ ന്യൂസിലാൻഡിനെ നാലു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ടത്. സ്പിന്നിനെ തുണക്കുന്ന, റണ്ണൊഴുകാൻ മടിച്ച ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ പിച്ചിൽ അർധ സെഞ്ച്വറിയും പിന്നിട്ട് ആവേശം ആകാശത്തോളമെത്തിച്ച നായകൻ രോഹിത് ശർമ 76 റൺസെടുത്ത് മുന്നിൽനിന്ന് നയിച്ചപ്പോൾ ആറു പന്ത് ശേഷിക്കെ നാലു വിക്കറ്റിനായിരുന്നു ഇന്ത്യൻ വിജയം. 12 വർഷത്തിനു ശേഷമാണ് ടീം ഇന്ത്യ ഒരിക്കൽക്കൂടെ ഇതേ കിരീടം മാറോടു ചേർക്കുന്നത്. സ്കോർ ന്യൂസിലൻഡ് 251/7, ഇന്ത്യ 254/6.
ഒറ്റ കളിയും തോൽക്കാതെയാണ് ദുബൈയിലും പാകിസ്താനിലുമായി നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കിരീടം തൊടുന്നത്. 2002ലും 2013ലുമായിരുന്നു മുമ്പ് ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി കിരീട നേട്ടം. മറ്റൊരു ടീമും മൂന്നുവട്ടം നേടിയില്ലെന്നതും ഇന്ത്യൻ വിജയത്തിന് മാറ്റ് കൂട്ടുന്നു. രോഹിത് ശർമയാണ് ഫൈനലിലെ താരം.
19ാം ഓവറിൽ ഗില്ലാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. 50 പന്ത് നേരിട്ട് 31 റൺസായിരുന്നു സമ്പാദ്യം. പിറകെയെത്തിയ വിരാട് കോഹ്ലി രണ്ടു പന്ത് മാത്രം നേരിട്ട് ഒറ്റ റണ്ണുമായി കൂടാരം കയറി. അവിടെയും നിർത്താതെ സ്പിന്നർമാർ കളം നിറഞ്ഞതോടെ ക്യാപ്റ്റൻ രോഹിതിനും മടക്കം. ഏറ്റവും അപകടകാരിയായി പന്തെറിഞ്ഞ രചിൻ രവീന്ദ്രയെ കയറിയടിക്കാൻ ശ്രമിച്ചായിരുന്നു ക്യാപ്റ്റൻ വിക്കറ്റ് കളഞ്ഞുകുളിച്ചത്. 83 പന്തിൽ ഏഴു ഫോറും മൂന്നു സിക്സറുമടക്കം 76 റൺ ആയിരുന്നു സമ്പാദ്യം. രവീന്ദ്രക്കായിരുന്നു വിക്കറ്റ്. ഗില്ലിനെ സാന്റ്നറും കോഹ്ലിയെ ബ്രേസ്വെല്ലും മടക്കി. 17 റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് വീണ് ബാക്ഫൂട്ടിലായ ഇന്ത്യൻ ബാറ്റിങ് താളം കണ്ടെത്താൻ വിഷമിച്ചു. ഒരു ഘട്ടത്തിൽ എളുപ്പം ജയത്തിലേക്ക് നീങ്ങുന്നുവെന്ന് തോന്നിച്ച കളി ഒടുക്കം ഒപ്പം പിടിക്കാൻ പാടുപെടുന്ന കാഴ്ചയായി. ഏഴു ബൗളർമാരെയാണ് കിവീസ് മാറിമാറി പരീക്ഷിച്ചത്.
അഞ്ചാമനായി ഇറങ്ങിയ അക്ഷർ പട്ടേലിനെ കൂട്ടി ശ്രേയസ് അയ്യർ കളി തിരിച്ചുപിടിച്ചതോടെ ഇന്ത്യൻ സ്കോർ ബോർഡ് വീണ്ടും കരുത്തോടെ ചലിച്ചുതുടങ്ങി. മോശം പന്തുകൾ തിരഞ്ഞുപിടിച്ച് പ്രഹരിച്ച അക്ഷറും ശ്രേയസും ചേർന്ന് സ്കോർ 200 കടത്തി. 203ൽ നിൽക്കെ ബ്രേസ്വെലിന്റെ പന്തിൽ റൂർകിന് ക്യാച്ച് നൽകി അക്ഷറും (29) പിറകെ അർധ സെഞ്ച്വറിക്കരികെ സാന്റ്നറുടെ പന്തിൽ രവീന്ദ്രയുടെ കൈകളിലെത്തി ശ്രേയസും (48) തിരിച്ചുകയറിയെങ്കിലും ഇന്ത്യ സുരക്ഷിതമായിരുന്നു. വിജയത്തിലേക്ക് ഏറെ ദൂരമില്ലെന്നായതിനാൽ കരുതി കളിച്ച രാഹുലും (34 നോട്ടൗട്ട്) ജഡേജയും (ഒമ്പത് നോട്ടൗട്ട്) ചേർന്ന് ടീമിനെ വിജയതീരത്തെത്തിച്ചു.
ടോസ് നഷ്ടമായി ഫീൽഡിങ് ലഭിച്ച ഇന്ത്യക്ക് തുടക്കം മുതൽ മേൽക്കോയ്മ ഉറപ്പാക്കി സ്പിന്നർമാരുടെ വാഴ്ചയായിരുന്നു മൈതാനത്ത്. ആദ്യ 10 ഓവറിൽ വിൽ യങ്ങിന്റെയൊഴികെ കാര്യമായ നഷ്ടങ്ങളില്ലാതെ 69 റൺസ് സ്കോർ ബോർഡിൽ ചേർത്ത ന്യൂസിലൻഡിന് പിന്നീടങ്ങോട്ട് കാറ്റുവീഴ്ചയായിരുന്നു. ആറാം ഓവറിൽ വരുൺ ചക്രവർത്തിയാണ് വിൽ യങ്ങിനെ മടക്കിയത്. എന്നാൽ, 11ാം ഓവറിൽ കുൽദീപ് എത്തിയതോടെ കളി മാറി. ആദ്യ പന്തിൽ തന്നെ രചിൻ രവീന്ദ്രക്ക് മടക്ക ടിക്കറ്റ് ലഭിച്ചു. ദിശമാറിയെത്തിയ ഗൂഗ്ളി പ്രതിരോധിക്കാനാകാതെ 37 റൺസെടുത്ത് ഇന്ത്യൻ വംശജൻ തിരിച്ചുകയറിയതോടെ കെയിൻ വില്യംസണൊപ്പം ചേർന്നുള്ള 57 റൺ കൂട്ടുകെട്ടും അവസാനിച്ചു. കുൽദീപിന്റെ അടുത്ത ഓവറിൽ റിട്ടേൺ ക്യാച്ച് നൽകി വില്യംസണും തിരികെയെത്തി. 11 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. അതോടെ 12.2 ഓവറിൽ ന്യൂസിലൻഡ് സ്കോർ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 75 റൺസ് എന്ന നിലയിലായി. വേഗവും സ്പിന്നും സമം ചേർത്ത് വരുൺ എറിഞ്ഞ പന്തുകൾക്ക് മുന്നിൽ പലപ്പോഴും കിവി ബാറ്റിങ് പതറി. അക്ഷർ പട്ടേലും രവീന്ദ്ര ജഡേജയും കൂടി എത്തിയതോടെ അത് ഒച്ചിഴയും വേഗത്തിലായി.
സ്പിന്നർമാർ കളം നിറഞ്ഞപ്പോൾ ബാറ്റർമാർ കാഴ്ചക്കാരാകുന്നതും കണ്ടു. സ്പിന്നർമാർ എറിഞ്ഞ 38 ഓവറിൽ ആകെ പിറന്നത് 144 റൺസാണ്. വിക്കറ്റ് വീഴ്ചയും റൺ നഷ്ടവുമായി പ്രതീക്ഷയില്ലാതെ ഉഴറിയ കിവി ബാറ്റിങ്ങിനെ സ്ളോഗ് ഓവറുകളിൽ കാത്തത് ഡാരിൽ മിച്ചലും (101 പന്തിൽ 63 റൺസ്) മൈക്കൽ ബ്രേസ്വെല്ലും (40 പന്തിൽ 53 നോട്ടൗട്ട്) ആണ്. അവസാന ഓവറുകളിൽ മുഹമ്മദ് ഷമിയും ഹാർദികും റൺ വിട്ടുനൽകിയത് ന്യൂസിലൻഡിന് അനുഗ്രഹമായി. ഒമ്പത് ഓവർ എറിഞ്ഞ ഷമി 74 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോൾ ഹാർദിക് മൂന്ന് ഓവറിൽ 30 റൺസാണ് വിട്ടുകൊടുത്തത്. അവസാന ഓവറിൽ പിറന്ന വിലപ്പെട്ട 12 റൺസാണ് ന്യൂസിലൻഡിന് മാന്യമായ ടോട്ടൽ സമ്മാനിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.