റാണയും ത്രിപാതിയും ജ്വലിച്ചു; കൊൽക്കത്തക്ക് മികച്ച സ്കോർ
text_fieldsചെന്നൈ: യുവതാരങ്ങളായ നിതീഷ് റാണയും (56 പന്തിൽ 80) രാഹുൽ ത്രിപാതിയും (29 പന്തിൽ 53) ആഞ്ഞു വീശിയതോടെ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച സ്കോർ. ആറുവിക്കറ്റിന് 187 റൺസ് അടിച്ചുകൂട്ടിയാണ് കൊൽക്കത്ത ഹൈദരാബാദിനെതിരെ ഫീൽഡിങ്ങിനിറങ്ങുന്നത്. ഒരുവേള സ്കോർ 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും കൂറ്റനടിക്കാർ തുടരെ വീണത് കൊൽക്കത്തക്ക് വിനയാകുകയായിരുന്നു.
ശുഭ്മാൻ ഗിൽ (15), ആന്ദ്രേ റസൽ (5), ഒയിൻ മോർഗൻ (2), ഷാകിബ് അൽ ഹസൻ (3) എന്നിവർ വേഗത്തിൽ പുറത്തായി. രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന നിതിഷ് റാണയും ത്രിപാതിയും ചേർന്ന് ഹൈദരാബാദ് ബൗളർമാരെ വെള്ളംകുടിപ്പിച്ചു. ഒൻപത് ബൗണ്ടറികളും നാലുസിക്സറുകളും റാണയുടെ ബാറ്റിൽ നിന്നും പറന്നപ്പോൾ അഞ്ചു ബൗണ്ടറികളും രണ്ട് സിക്സറുകളും ത്രിപാതിയുടെ ബാറ്റിനെ ചുംബിച്ച് പറന്നു.
നാലോവറിൽ 24 റൺസിന് രണ്ട് വിക്കറ്റിന് വിക്കറ്റെടുത്ത റാഷിദ് ഖാനാണ് ഹൈദരാബാദ് നിരയിൽ തിളങ്ങിയത്. ഭുവനേശ്വർ കുമാർ നാലോവറിൽ 45 റൺസും സന്ദീപ് ശർമ മൂന്നോവറിൽ 35 റൺസും വഴങ്ങി.

