
തുടർച്ചയായ അഞ്ചാം തോൽവി ഏറ്റുവാങ്ങി ഹൈദരാബാദ്
text_fieldsമുംബൈ: ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വമ്പൻ ജയം. 54 റൺസിനാണ് ഹൈദരാബാദ് തുടർച്ചയായ അഞ്ചാം തോൽവി ഏറ്റുവാങ്ങിയത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 177 റൺസെടുത്തു. ഹൈദരാബാദിന്റെ മറുപടി 20 ഓവറിൽ എട്ടിന് 123 റൺസിൽ തീർന്നു.
കൊൽക്കത്തക്ക് വേണ്ടി ഓൾ റൗണ്ട് പ്രകടനം നടത്തിയ ആന്ദ്രെ റസ്സലാണ് വിജയശിൽപ്പി. മൂന്നു ഫോറും നാല് സിക്സും പറത്തി 28 പന്തിൽ 49 റൺസുമായി പുറത്താകാതെ നിന്ന് ടോപ് സ്കോററായ റസ്സൽ, നാല് ഓവറിൽ 22ന് മൂന്ന് മൂന്ന് വിക്കറ്റും വീഴ്ത്തി.
അഭിഷേക് ശർമ (43), എയ്ഡൻ മർക്രം (32) എന്നിവരൊഴിച്ചുള്ളവർക്കൊന്നും ഹൈദരാബാദ് നിരയിൽ തിളങ്ങാനായില്ല. കൊൽക്കത്തക്ക് വേണ്ടി വെടിക്കെട്ട് പുറത്തെടുത്ത ഓപണർ അജിൻക്യ രഹാനെ മൂന്ന് സിക്സറടക്കം 24 പന്തിൽ 28 റൺസടിച്ചു.
നിതീഷ് റാണയുടെയും (16 പന്തിൽ 26) സാം ബില്ലിങ്സിന്റെയും (29 പന്തിൽ 34) ശ്രേയസ് അയ്യരുടെയും (ഒമ്പത് പന്തിൽ 15) പ്രകടനങ്ങളും കൊൽക്കത്ത സ്കോർ ബോർഡ് അതിവേഗം ചലിപ്പിച്ചു. സൺറൈസേഴ്സിനു വേണ്ടി ഉമ്രാൻ മാലിക് മൂന്ന് വിക്കറ്റെടുത്തു.