ഡൽഹി കാപിറ്റൽസിന് വൻതിരിച്ചടി; ഓസീസ് സൂപ്പർതാരം തിരിച്ചെത്തില്ല, ടീമിനെ അറിയിച്ചു
text_fieldsന്യൂഡൽഹി: ഐ.പി.എല്ലിൽ ഡൽഹി കാപിറ്റൽസിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകൾത്ത് കനത്ത തിരിച്ചടി! ആസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്ക് കളിക്കില്ല. നാട്ടിലേക്ക് മടങ്ങിയ താരം തിരിച്ചെത്തില്ലെന്ന് ടീം മാനേജ്മെന്‍റിനെ അറിയിച്ചു. ഇന്ത്യ-പാകിസ്താൻ സംഘർഷത്തെ തുടർന്ന് ഐ.പി.എൽ നിർത്തിവെച്ചതോടെയാണ് സ്റ്റാർക്ക് ഉൾപ്പെടെയുള്ള ഓസീസ് താരങ്ങൾ നാട്ടിലേക്ക് മടങ്ങിയത്.
ശനിയാഴ്ച ടൂർണമെന്‍റ് പുനരാരംഭിക്കാനിരിക്കെ, താരം മടങ്ങിവരില്ലെന്ന വിവരാണ് പുറത്തുവരുന്നത്. ലീഗിൽ രണ്ടു മത്സരങ്ങൾ ബാക്കി നിൽക്കെ, നിലവിൽ പോയന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ഡൽഹി. പ്ലേ ഓഫ് ഉറപ്പിക്കാൻ ഇനിയുള്ള മത്സരങ്ങളിൽ വിജയം അനിവാര്യമാണ്. അക്സർ പട്ടേൽ നയിക്കുന്ന ടീം വ്യാഴാഴ്ച ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ പരിശീലനം ആരംഭിച്ചു. സ്റ്റാർക്കിന്‍റെ അഭാവം ടീമിന്‍റെ ബൗളിങ് ആക്രമണത്തിന്‍റെ പ്രഹരശേഷി കുറിക്കും.
വ്യക്തിപരമായ കാരണങ്ങൾ പറഞ്ഞ് മറ്റൊരു ഓസീസ് താരം ജേക് ഫ്രേസർ മക്ഗുർക്ക് ടീമിൽ നിന്ന് പിൻവാങ്ങിയിരുന്നു. പകരക്കാരനായി ബംഗ്ലാദേശ് താരം മുസ്തഫിസുർറഹ്മാനുമായി ടീം കരാർ ഒപ്പിട്ടിട്ടുണ്ട്. ട്രിസ്റ്റൻ സ്റ്റബ്സ് ദക്ഷിണാഫ്രിക്ക ടെസ്റ്റ് ടീമിൽ അംഗമാണ്. അന്താരാഷ്ട്ര സൈക്കിൾ മേയ് അവസാന വാരം ആരംഭിക്കുന്നത് ഐ.പി.എല്ലിലെ മറ്റു ടീമുകളിലെ ഇംഗ്ലണ്ട്, വെസ്റ്റിൻഡീസ്, ദക്ഷിണാഫ്രിക്ക കളിക്കാരുടെ ലഭ്യതയെ ബാധിക്കും. മേയ് 25ന് നടത്തേണ്ടിയിരുന്ന ഐ.പി.എൽ ഫൈനൽ പുതുക്കിയ തീയതി പ്രകാരം ജൂൺ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് ടീമുകളുടെ താളം തെറ്റിക്കും.
ഇംഗ്ലണ്ട്-വെസ്റ്റിൻഡീസ് ഏകദിന പരമ്പര മേയ് 29ന് തുടങ്ങും. ജൂൺ 11ന് ആസ്ട്രേലിയ-ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലും തുടങ്ങും. കളിക്കാർക്ക് വ്യക്തിപരമായി തീരുമാനിക്കാമെന്നും ലോക ടെസ്റ്റ് ഫൈനലിന് മുമ്പായി ടീമിനൊപ്പം ചേരണമെന്നുമാണ് ആസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് നിർദേശം. പിന്മാറുന്ന താരങ്ങൾക്ക് പകരക്കാരെ ഉൾപ്പെടുത്താൻ ഫ്രാഞ്ചൈസികൾക്ക് ബി.സി.സി.ഐ അനുമതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

