സൂപ്പർ ബാറ്റർ ശുഭ്മൻ ഗിൽ ഈ ഐ.പി.എൽ സീസണിൽ നേടിയ വരുമാനം അറിയണോ?
text_fieldsഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും ആവേശകരമായ ഫൈനലുകളിലൊന്നാണ് ഇത്തവണ അരങ്ങേറിയത്. അവസാന പന്തുവരെ നീണ്ട ത്രില്ലർ പോരിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ചു വിക്കറ്റിന് വീഴ്ത്തിയാണ് ധോണിയുടെ ചെന്നൈ സൂപ്പർകിങ്സ് കിരീടം നേടിയത്.
ചെന്നൈയുടെ അഞ്ചാം ഐ.പി.എൽ കിരീടമാണിത്. കിരീടം നഷ്ടമായെങ്കിലും ഈ ഐ.പി.എല്ലിൽ മിന്നുംപ്രകടനം നടത്തി ആരാധകരുടെ മനംകവർന്നത് ഗുജറാത്തിന്‍റെ സൂപ്പർബാറ്റർ ശുഭ്മൻ ഗില്ലായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ നാലു അവാർഡുകളും താരത്തെ തേടിയെത്തി. സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പ് ഗില്ലിനായിരുന്നു. 17 ഇന്നിങ്സുകളിൽനിന്ന് 890 റൺസാണ് താരം അടിച്ചെടുത്തത്. 2023 ഐ.പി.എല്ലിലെ ഏറ്റവും മൂല്യമുള്ള താരമായും ഗിൽ തെരഞ്ഞെടുക്കപ്പെട്ടു.
ഗുജറാത്ത് ടൈറ്റൻസ് ഇത്തവണ വലിയ വിലക്ക് സ്വന്തമാക്കിയ താരങ്ങളിൽ ഒരാളായിരുന്നു ഗിൽ. എട്ടു കോടി രൂപക്കാണ് ഗില്ലിനെ ടീമിൽ നിലനിർത്തിയത്. നായകൻ ഹാർദിക് പാണ്ഡ്യക്ക് 15 കോടിയും. 2018 മുതൽ ഗിൽ ഐ.പി.എല്ലിൽ കളിക്കുന്നുണ്ട്. 2021 വരെ നാലു സീസണുകളിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ താരമായിരുന്നു. 1.8 കോടി രൂപയാണ് അന്ന് ഓരോ സീസണിലും താരത്തിന് നൽകിയിരുന്നത്. പിന്നാലെ 2022ൽ എട്ടു കോടി രൂപക്ക് ഗുജറാത്ത് ടീമിലെത്തി. 2023 സീസണിലും ഇതേ തുകക്ക് തന്നെ ടീമിൽ നിലനിർത്തി.
മൊത്തം ആറു സീസണുകളിലായി 23.2 കോടി രൂപയാണ് ഇതിലൂടെ മാത്രം താരത്തിന് ലഭിച്ചത്. കൂടാതെ, ബോണസും അവാർഡുകളിൽനിന്നുള്ള തുകയുമായി വേറെയും വരുമാനം. 2023 സീസണിൽ ഗില്ലിന് ഒരു മത്സരത്തിൽനിന്ന് മാത്രം ശമ്പളമായി ഏകദേശം 70 ലക്ഷം രൂപ ലഭിച്ചിരുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഓറഞ്ച് ക്യാപ്, സീസണിലെ മൂല്യമുള്ള താരം, പ്രൈസ് മണി എന്നീ അവാർഡുകളിലൂടെ മൊത്തം 40 ലക്ഷം രൂപയും താരത്തിന് കിട്ടിയിട്ടുണ്ട്.