അന്ന് വിഘ്നേഷ്, ഇന്ന് അശ്വനി; പുത്തൻ താരങ്ങളെ കണ്ടെത്തുന്നതിന്റെ തന്ത്രം വെളിപ്പെടുത്തി പാണ്ഡ്യ
text_fieldsഐ.പി.എല്ലിൽ മത്സരങ്ങൾ പുരോഗമിക്കുമ്പോൾ എല്ലാവരും ശ്രദ്ധിക്കുന്നത് മുംബൈയുടെ യുവതാരങ്ങളെയാണ്. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ വിഘ്നേഷ് പുത്തൂരെന്ന മലയാളി യുവതാരത്തെ കളത്തിലിറക്കിയാണ് മുംബൈ ആരാധകരെ ഞെട്ടിച്ചത്. മൂന്ന് വിക്കറ്റ് നേടി വിഘ്നേഷ് ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
ഇപ്പോൾ വീണ്ടുമൊരു യുവതാരത്തെ ഇറക്കി മുംബൈ വീണ്ടും കളംപിടിക്കുകയാണ്. അശ്വനി കുമാറിനെ ഇറക്കിയാണ് ഇക്കുറി മുംബൈയുടെ കളി. കൊൽക്കത്തക്കെതിരായ മത്സരത്തിൽ അശ്വനിയുടെ ബൗളിങ്ങാണ് മുംബൈക്ക് നിർണായകമായത്. മൂന്ന് ഓവറിൽ 24 റൺസ് വഴങ്ങി നാല് വിക്കറ്റാണ് അശ്വനി കുമാർ പിഴുതത്. മത്സരത്തിന് പിന്നാലെ ആരും അറിയാത്ത യുവതാരങ്ങളെ ടീമിലെത്തിക്കുന്നതിന്റെ തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ.
സംതൃപ്തി നൽകുന്ന വിജയമാണ് കൊൽക്കത്തക്കെതിരെ ഉണ്ടായത്. സ്റ്റേഡിയത്തിലെ പിച്ച് അശ്വനിയുടെ ബൗളിങ്ങിന് ഇണങ്ങുമെന്ന് തോന്നിയിരുന്നു. അതിനാലാണ് താരത്തിന് അവസരം നൽകിയത്. അശ്വനി ഉൾപ്പടെയുള്ള യുവതാരങ്ങളെ കണ്ടെത്തിയതിന്റെ മുഴുവൻ ക്രെഡിറ്റും മുംബൈ ഇന്ത്യൻസ് സ്കോട്ട്സിന് അവകാശപ്പെട്ടതാണെന്ന് ഹാർദിക് പാണ്ഡ്യ പറഞ്ഞു. മുംബൈ ഇന്ത്യൻസിന്റെ സ്കോട്ട്സ് സംഘമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ടീമിനായി യുവതാരങ്ങളെ കണ്ടത്തിയതെന്നും പാണ്ഡ്യ കൂട്ടിച്ചേർത്തു.
അശ്വനി റസ്സലിന്റെ വിക്കറ്റെടുത്ത് മത്സരത്തിൽ നിർണായകമായെന്ന് കൊൽക്കത്ത ക്യാപ്റ്റൻ അജിങ്ക്യ രഹാന പറഞ്ഞു. ടീമിന്റെ ബാറ്റിങ് പരാജയപ്പെട്ടു. ബാറ്റിങ്ങിന് അനുകൂലമായ വിക്കറ്റിലാണ് തങ്ങൾ ക്രിക്കറ്റ് കളിക്കാനിറങ്ങിയത്. 180 മുതൽ 190 വരെ റൺസ് നേടാൻ കഴിയുന്നതാണ് മുംബൈയിലെ വിക്കറ്റ്. എന്നാൽ, ടീം ബാറ്റിങ്ങിൽ സമ്പൂർണമായി പരാജയപ്പെടുകയായിരുന്നുവെന്നും രഹാന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

