ചരിത്രപ്പിറവിയോടെ അവതരിച്ച് മാത്യു ബ്രീറ്റ്‌സ്‌കെ; അടിച്ചുകൂട്ടിയത് ഏകദിനത്തിൽ അരങ്ങേറ്റക്കാരന്റെ ഉയർന്ന സ്കോർ
text_fieldsലാഹോർ: ഏകദിന ക്രിക്കറ്റിൽ ചരിത്രപ്പിറവിയോടെ അവതരിച്ച് മാത്യു ബ്രീറ്റ്‌സ്‌കെ. ഗദ്ദാഫി സ്റ്റേഡിയത്തിന്റെ നടുത്തളത്തിൽ 47 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് വിസ്മയ പ്രകടനത്തിലേക്ക് റണ്ണൊഴുക്കിയ ദക്ഷിണാഫ്രിക്കൻ ഓപണർ സ്വന്തം പേരിലാക്കിയത് ഏകദിനത്തിൽ അരങ്ങേറ്റക്കാരന്റെ ഏറ്റവുമുയർന്ന സ്കോർ. ന്യൂസിലൻഡിനെതിരായ ത്രിരാഷ്ട്ര പരമ്പരയിലെ ആദ്യ മത്സരത്തിൽ 148 പന്തിൽ 11 ഫോറും അഞ്ചു സിക്സുമുൾപ്പെടെ 150 റൺസ് നേടിയാണ് 26കാരനായ ബ്രീറ്റ്‌സ്‌കെ പുതിയ റെക്കോർഡിട്ടത്.
ബ്രീറ്റ്‌സ്‌കെയുടെ തകർപ്പൻ പ്രകടനത്തിന്റെ പിൻബലത്തിൽ നിശ്ചിത 50 ഓവറിൽ ആറു വിക്കറ്റിന് 304 റൺസ് അടിച്ചുകൂട്ടിയ ദക്ഷിണാഫ്രിക്ക പക്ഷേ, മത്സരത്തിൽ പരാജയപ്പെട്ടു. 113 പന്തിൽ 13ഫോറും രണ്ടു സിക്സും സഹിതം പുറത്താകാതെ 133 റൺസെടുത്ത കെയ്ൻ വില്യംസണിന്റെ അപരാജിത സെഞ്ച്വറിയാണ് എട്ടു പന്ത് ബാക്കിയിരിക്കേ കിവികൾക്ക് ആറുവിക്കറ്റിന്റെ മിന്നുന്ന ജയം സമ്മാനിച്ചത്. ഓപണർ ഡെവോൺ കോൺവേ 97 റൺസെടുത്തു.
ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കൻ നിരയിൽ ക്യാപ്റ്റൻ തെംബ ബാവുമ (20) ആണ് ആദ്യം മടങ്ങിയത്. പിന്നീട് ജാസൺ സ്മിത്തിനെ (41) കൂട്ടുപിടിച്ചാണ് ബ്രീറ്റ്‌സ്‌കെ ടീം സ്കോർ മുന്നോട്ടുനയിച്ചത്. തുടക്കം മുതൽ ജാഗ്രതയോടെ ബാറ്റുവീശിയ ബ്രീറ്റ്‌സ്‌കെ 128 പന്തിലാണ് കന്നിശതകം തികച്ചത്. പിന്നീട് ആക്രമണാത്മക ശൈലിയിലേക്ക് ചുവടുമാറ്റിയ താരം അവസാനത്തെ 50 റൺസ് തികച്ചത് വെറും 19 പന്തിൽ! 150ൽ നിൽക്കേ മാറ്റ് ഹെന്റിയുടെ പന്തിൽ മൈക്കൽ ബ്രെയ്സ്വെല്ലിന് പിടികൊടുത്താണ് കളം വിട്ടത്.
സൗത്ത് ആഫ്രിക്കൻ പ്രീമിയർ ലീഗ് മത്സരം നടക്കുന്നതിനാൽ മുൻനിര താരങ്ങൾക്ക് വിശ്രമം നൽകിയ ദക്ഷിണാഫ്രിക്ക പുതുമുഖങ്ങൾക്ക് അവസരം നൽകുകയായിരുന്നു. ഇതേതുടർന്നാണ് ബ്രീറ്റ്‌സ്‌കെ ഓപണറുടെ റോളിലെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കായി പത്ത് ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരം, ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സുമായി കരാർ ഒപ്പിട്ടിട്ടുണ്ട്.
അരങ്ങേറ്റത്തിൽ 148 റൺസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റർ ഡെസ്മണ്ട് ഹെയ്ൻസിന്റെ റെക്കോർഡാണ് ബ്രീറ്റ്‌സ്‌കെ തകർത്തത്. 1978ൽ ആസ്‌ട്രേലിയക്കെതിരായിരുന്നു ഹെയ്ൻസിന്റെ തകർപ്പൻ പ്രകടനം. 2010ൽ സിംബാബ്‌വെയ്‌ക്കെതിരെ കോളിൻ ഇൻഗ്രാം നേടിയ 124 റൺസായിരുന്നു ഇതുവരെ അരങ്ങേറ്റ ഏകദിനത്തിൽ ഒരു ദക്ഷിണാഫ്രിക്കൻ താരം നേടിയ ഉയർന്ന സ്കോർ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.