'അവന് ഇനി ഇന്ത്യൻ ടീമിൽ ഇടം ലഭിച്ചേക്കില്ല'; യുവതാരത്തിനെതിരെ സെവാഗ്
text_fieldsശ്രീലങ്കക്കെതിരായ ഏകദിന പരമ്പര പ്രധാന താരങ്ങളുടെ സാന്നിധ്യമില്ലാതിരുന്നിട്ടും 2-1ന് സ്വന്തമാക്കിയ ഇന്ത്യൻ ടീമിന് പലഭാഗങ്ങളിൽ നിന്നും അഭിനന്ദനങ്ങൾ വരുന്നുണ്ട്. ക്രിക്കറ്റ് ഇതിഹാസം രാഹുൽ ദ്രാവിഡിെൻറ കോച്ചിങ്ങിന് കീഴിലുള്ള സീനിയർ ടീമിെൻറ അരങ്ങേറ്റത്തിന് കൂടി ലങ്കൻ പര്യടനം കാരണമായി മാറിയിരുന്നു. അഞ്ച് യുവതാരങ്ങൾക്ക് അവസരം നൽകിയ പര്യടനത്തിൽ തനിക്കേറ്റവും നിരാശ സമ്മാനിച്ച താരത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ബാറ്റിങ് ഇതിഹാസം വീരേന്ദർ സെവാഗ്.
മനീഷ് പാണ്ഡെ, ഹാർദ്ദിക് പാണ്ഡ്യ എന്നിവരുടെ പ്രകടനങ്ങളിലാണ് സെവാഗ് നിരാശ രേഖപ്പെടുത്തിയിരിക്കുന്നത്. മനീഷ പാണ്ഡെയാണ് തന്നെ ഏറെ നിരാശപ്പെടുത്തിയതെന്നും താരം പറഞ്ഞു. പാണ്ഡെയെ സെവാഗ് പരമ്പരയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച താരമായി തിരഞ്ഞെടുക്കുകയും ചെയ്തു.
''ഇരുവരും 15-20 റണ്‍സാണ് നേടിയത്. അത് എന്നെ ഏറെ നിരാശപ്പെടുത്തുകയാണ്. പാണ്ഡെയാണ് ഈ പരമ്പരയില്‍ കൂടുതല്‍ അവസരമുണ്ടായിരുന്ന താരം. മൂന്ന് മത്സരവും കളിച്ചതിൽ മൂന്നിലും അവന് ബാറ്റ് ചെയ്യാന്‍ സാധിച്ചു. മൂന്ന് തവണയും സാഹചര്യം പ്രതികൂലമായിരുന്നില്ല. ഇന്ത്യയുടെ ഏറ്റവും വലിയ നിരാശയാണ് പാണ്ഡെ. ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ ഏകദിനം കളിക്കാന്‍ ഇനി അവന് അവസരം ലഭിച്ചെന്ന് വരില്ല. അഥവാ കിട്ടിയാല്‍ തന്നെ ഒരുപാട് സമയമെടുത്തേക്കും. മൂന്ന് മത്സരങ്ങളിലും സ്‌കോര്‍ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ അവന്‍ വീണു പോയിരിക്കുകയാണ്'' -സെവാഗ് അഭിപ്രായപ്പെട്ടു.
മുംബൈ ഇന്ത്യന്‍സ് താരങ്ങളായ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്ക് പാണ്ഡെയെക്കാള്‍ പരിഗണന ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലങ്കയ്ക്കെതിരായ മൂന്ന് ഏകദിനങ്ങളിൽ 26, 37, 11 എന്നിങ്ങനെയാണ് പാണ്ഡെയയുടെ സ്‌കോര്‍.