ഓണം ആഘോഷിച്ച് ധോണിയും കുടുംബവും; സദ്യയുണ്ണുന്ന സിവയുടെ ചിത്രങ്ങൾ കാണാം
text_fieldsദുബൈ: മുമ്പ് മലയാളം പാട്ടുകൾ പാടി മലയാളികളെ മുഴുവൻ കൈയിലെടുത്ത കൊച്ചുമിടുക്കിയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എം.എസ്. ധോണിയുടെ മകൾ സിവ ധോണി. സിവ പാടിയ 'അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ' , 'കണികാണും നേരം കമലാനേത്രന്‍റെ..', 'കണ്ടു ഞാൻ കണ്ണനെ കായാമ്പൂ വർണനെ' എന്നീ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മകൾ മലയാളം പാടുന്നതിന്‍റെ ഗുട്ടൻ അമ്മ സാക്ഷി ധോണി പിന്നാലെ വെളിപ്പെടുത്തിയിരുന്നു. കുഞ്ഞിനെ പരിപാലിക്കുന്ന ഷീല ആന്‍റിയാണ് കുഞ്ഞു സിവയെ മലയാളം പഠിപ്പിച്ചത്.
ഇപ്പോൾ അച്ഛൻ ധോണിക്കൊപ്പം ഐ.പി.എല്ലിനായി ദുബൈയിലെത്തിയ സിവയും കുടുംബവും മലയാളികളുടെ ദേശീയ ഉത്സവമായ ഓണവും ഗംഭീരമായി ആഘോഷിച്ചു.
22 വിഭവങ്ങളടങ്ങിയ കിടിലൻ സദ്യ കഴിക്കുന്ന ചിത്രം സിവയുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഓണസദ്യയുടെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി പങ്കുവെച്ച ് സാക്ഷി ധോണിയും ഓണാശംസകൾ നേർന്നു. ചോറ്, അവിയൽ, പരിപ്പ്, സാമ്പാർ, പപ്പടം, ഓലൻ, ഉപ്പേരി, പായസം എന്നിവയടങ്ങിയ ഗംഭീര സദ്യയാണ് സാക്ഷിയും കുടുംബവും ഓണത്തിന് ഒരുക്കിയത്.
യു.എ.ഇയിലെത്തി ആറുദിവസത്തെ ക്വാറന്‍റീൻ പൂർത്തിയാക്കിയ ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സ് പരിശീലനം ആരംഭിച്ചു. സെപ്റ്റംബർ 24ന് ഷാർജയിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെയാണ് ചെന്നൈയുടെ ആദ്യ മത്സരം.