ദുബൈ: സിംബാബ്വെ ക്രിക്കറ്റിലെ അതികായൻ ഹീത് സ്ട്രീക്കിനെ എട്ടുവർഷത്തേക്ക് വിലക്കി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. ഐ.പി.എല്ലിൽ കൊൽക്കത്തയുടെയും രാജ്യാന്തര തലത്തിൽ സിംബാബ്വെ ദേശീയ ടീമിന്‍റെയും ബൗളിങ് പരിശീലകനായിരുന്ന സ്ട്രീക്ക് രണ്ടു ടീമുകളുടെയും രഹസ്യങ്ങൾ വാതുവെപ്പുകാർക്ക് കൈമാറിയെന്നും അതിന് പ്രതിഫലമായി ബിറ്റ്കോയിൻ കൈപ്പറ്റിയെന്നുമാണ് കേസ്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഉന്നയിച്ച ആരോപണങ്ങളിൽ അഞ്ചും ശരിയാണെന്ന് ഹീത് സ്ട്രീക്ക് സമ്മതിച്ചതായി വാർത്ത കുറിപ്പ് പറയുന്നു.
ഇന്ത്യക്കാരനായ മിസ്റ്റർ എക്സ് എന്ന വാതുവെപ്പുകാരനുമായി ദീർഘകാലം വാട്സാപ് വഴിയും മെയ്ൽ വഴിയും ബന്ധം നിലനിർത്തുകയും താൻ പരിശീലിപ്പിച്ച ടീമുകളുടെ രഹസ്യങ്ങൾ കൈമാറുകയും ചെയ്തതായി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. 2018ലെ സിംബാബ്വെ- ബംഗ്ലദേശ്- ശ്രീലങ്ക ത്രിരാഷ്ട്ര പരമ്പരയിൽ ടീമിന്‍റെ രഹസ്യങ്ങളും കൈമാറിയതിൽ പെടും. രഹസ്യങ്ങൾ പങ്കുവെച്ചെങ്കിലും അവ മത്സര ഫലങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ.
സിംബാബ്വെ ലോകക്രിക്കറ്റിന് സമ്മാനിച്ച ഏറ്റവും മികച്ച താരങ്ങളിലൊരാളായ സ്ട്രീക് പരിശീലക വേഷത്തിലുണ്ടായിരുന്ന 2017, 18 വർഷങ്ങളിലെ മത്സരങ്ങളാണ് ഐ.സി.സി പരിശോധിച്ചത്. നാലു താരങ്ങളുടെ പ്രകടനത്തെ സ്വാധീനിക്കാൻ താരം ശ്രമിച്ചതായും ഐ.സി.സി വാർത്ത കുറിപ്പിൽ പറയുന്നു. ഐ.പി.എല്ലിനും ത്രിരാഷ്ട്ര പരമ്പരക്കും പുറമെ അഫ്ഗാനിസ്താൻ പ്രിമിയർ ലീഗ്, ബി.പി.എൽ എന്നിവയിലും ഇടപെടാൻ ശ്രമിച്ചിരുന്നു.
ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ സിംബാബ്വെക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമാണ് സ്ട്രീക്ക്. 2018 വരെ പരിശീലകനായിരുന്നു. 2019ൽ ദേശീയ ടീമിനെ ലോകകപ്പിനെത്തിക്കാനാവാതെ വന്നതിനെ തുടർന്ന് രാജിവെച്ചു. 2018ൽ കൊൽക്കത്തയുടെ ബൗളിങ് കോച്ചായും സേവനം ചെയ്തു.