‘അയാളത്ര പോര’; ചാമ്പ്യൻസ് ട്രോഫി ഇലവനിൽ ഹർഷിത് റാണക്ക് പകരം മറ്റൊരു താരത്തെ പരിഗണിക്കണമെന്ന് മുൻതാരം
text_fieldsമുംബൈ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന് ഇന്ന് പാകിസ്താനിൽ തുടക്കമാകുകയാണ്. ആതിഥേയരും ന്യൂഡിലൻഡും തമ്മിലാണ് ഉദ്ഘാടന മത്സരം. ടൂർണമെന്റിലെ ഫേവറിറ്റുകളായ ഇന്ത്യക്ക് വ്യാഴാഴ്ച ബംഗ്ലാദേശിനെതിരെയാണ് ആദ്യ മത്സരം. അന്തിമ ഇലവനിൽ ആരെല്ലാം ഉൾപ്പെടുമെന്ന കാത്തിരിപ്പിലാണ് ആരാധകർ. ഇതിനിടെ ഹർഷിത് റാണക്ക് മുകളിൽ അർഷ്ദീപ് സിങ്ങിനെ ഇലവനിലേക്ക് പരിഗണിക്കണമെന്ന അഭിപ്രായവുമായി രംഗത്തുവന്നിരിക്കുകയാണ് ആസ്ട്രേലിയ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ഡെത്ത് ഓവറുകളെറിയാൻ ഹർഷിത് അത്ര പോരെന്നും അർഷ്ദീപിന്റേത് മികച്ച സ്കിൽസെറ്റാണെന്നും പോണ്ടിങ് പറയുന്നു.
“ബുംറക്ക് പകരം അർഷ്ദീപ് സിങ്ങിനെ പരിഗണിക്കണമെന്നാണ് എന്റെ അഭിപ്രായം. അർഷ്ദീപ് ടി20യിൽ എത്ര നന്നായി കളിക്കുന്നുവെന്ന് നമ്മൾ കണ്ടതാണ്. ഏകദിനത്തിൽ അവസരം നൽകിയാൽ ന്യൂബാളിലും ഡെത്ത് ഓവറുകളിലും ബുംറക്ക് സമാനമായ പ്രകടനം കാഴ്ചവെക്കാൻ അർഷ്ദീപിനാകും. ഹർഷിത് മികച്ച സ്കിൽ സെറ്റുള്ള ബൗളറാണ്. പക്ഷെ ഡെത്ത് ഓവറുകളിൽ എറിയാൻ അർഷ്ദീപിന്റെയത്ര പോര.
ഇടംകൈയൻ ബൗളറായ അർഷ്ദീപിന് പന്തെറിയുമ്പോൾ വലിയ വേരിയേഷൻ വരുത്താനുമാകും. ചാമ്പ്യൻസ് ട്രോഫി പോലുള്ള വലിയ ടൂർണമെന്റിൽ ഇത്തരം ഘടകങ്ങൾ പരിഗണിക്കണം. മിക്ക ടീമുകളുടെയും ടോപ് ഓർഡറിൽ ഏറെയും വലംകൈയൻമാരായിരിക്കും. അർഷ്ദീപിനെ അവർക്കെതിരെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയും” -പോണ്ടിങ് പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ സീനിയർ താരങ്ങളായ രോഹിത് ശർമക്കും വിരാട് കോഹ്ലിക്കും കൂടുതൽ റൺസ് കണ്ടെത്താനായത് ഇന്ത്യക്ക് ഗുണകരമാണെന്നും പോണ്ടിങ് പറഞ്ഞു. രോഹിത്തും കോഹ്ലിയും പരിചയ സമ്പന്നരായ താരങ്ങളാണ്. ശ്രേയസ് അയ്യർ തിരിച്ചെത്തിയതോടെ മധ്യനിരയുടെ കരുത്ത് കൂടും. ബുംറയുടെ അഭാവം മാത്രമാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. എന്നാൽ യുവ താരങ്ങൾ ഫോമിലേക്കുയർന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇന്ത്യക്കില്ലെന്നും പോണ്ടിങ് പറഞ്ഞു.
രോഹിതിനും കോഹ്ലിക്കും നിർണായകം?
ഇംഗ്ലണ്ടിനെതിരെ കരുത്തുകാട്ടി വിമർശകരുടെ വായ് മൂടിക്കെട്ടാനായിട്ടുണ്ടെങ്കിലും രണ്ട് വെറ്ററൻ കരുത്തരുടെ മിടുക്ക് അളക്കുന്നത് കൂടിയാകും ചാമ്പ്യൻസ് ട്രോഫി. ഒന്നര പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖങ്ങളാണ് ഇരുവരും. അവർ നേടിയെടുത്ത നേട്ടങ്ങളോളമെത്താൻ സമീപകാലത്ത് ആരുമുണ്ടായിട്ടുമില്ല. ഇവർക്കു മാത്രമല്ല, കോച്ച് ഗൗതം ഗംഭീറിനുകൂടി ഇത് പരീക്ഷണ നാളുകൾ. 2013ൽ പിടിച്ച ചാമ്പ്യൻസ് ട്രോഫി വീണ്ടും ഷോകേസിലെത്തിക്കൽ ഇന്ത്യക്കും നിർണായകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

