മൈതാനത്തെ പ്രകോപനം; പാകിസ്താൻ താരം ഹാരിസ് റഊഫിന് പിഴ
text_fieldsഇന്ത്യ പാകിസ്താൻ മത്സരത്തിനിടെ ഹാരിസ് റഊഫ്
ദുബൈ: ഏഷ്യാകപ്പ് ക്രിക്കറ്റിൽ വിവാദങ്ങളുടെ കളിമുറ്റമായി മാറിയ ഇന്ത്യ പാകിസ്താൻ മത്സരത്തിനിടെ പ്രകോപനപരമായി പെരുമാറിയ പാകിസ്താൻ താരം ഹാരിസ് റഊഫിനെതിരെ നടപടിയുമായി ഐ.സി.സി.
കളിക്കിടെ മോശം ഭാഷ ഉപയോഗിക്കുകയും, മോശം ആംഗ്യങ്ങൾ കാണിക്കുകയും ചെയ്ത താരത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴയായി ചുമത്തി. സൂപ്പർ ഫോറിലെ മത്സരത്തിനിടെയായിരുന്നു ഹാരിസ് റഊഫിന്റെ പെരുമാറ്റം. അതേസമയം, അർധസെഞ്ച്വറി തികച്ച ശേഷം ‘ഗൺ ഫയറിങ്’ ആഘോഷം നടത്തിയ മറ്റൊരു പാകിസ്താൻ താരം സഹിബ്സാദ ഫർഹാനെതിരായ നടപടി താക്കീതിൽ ഒതുക്കി.
ഇരു താരങ്ങളും ഐ.സി.സി മാച്ച് പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ചുവെന്ന ഇന്ത്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച വാദം കേൾക്കലിനായി മാച്ച് റഫറി റിച്ചി റിച്ചാർഡ്സണിനു മുമ്പാകെ ഹാജരായിരുന്നു. ടീം മാനേജർ നവീദ് അക്രം ചീമക്കൊപ്പമെത്തിയ താരങ്ങൾ തങ്ങളുടെ പ്രസ്താവന എഴുതി നൽകി.
സൂപ്പർ ഫോറിലെ മത്സരത്തിനിടെ ഫീൽഡ് ചെയ്യുന്നതിനിടെയായിരുന്നു ഹാരിസ് റഊഫിന്റെ ആംഗ്യങ്ങൾ അരങ്ങേറിയത്.
2022 ട്വന്റി20 ലോകകപ്പിൽ ഹാരിസ് റഊഫിനെ വിരാട് കോഹ്‍ലി സിക്സർ പറത്തി മത്സരം ജയിപ്പിച്ചതിന്റെ ഓർമിപ്പിച്ച് ആരാധകർ ‘കോഹ്‍ലി.. കോഹ്‍ലി..’ വിളി നടത്തിയതാണ് താരത്തെ പ്രകോപിപ്പിച്ചത്. ഇന്ത്യ-പാകിസ്താൻ സംഘർഷവും, ഇന്ത്യയുടെ സൈനിക നടപടിയും സൂചിപ്പിച്ചുകൊണ്ട് പോർവിമാനം തകരുന്നതായി അഭിനയിച്ചായിരുന്നു ഹാരിസ് പ്രതികരിച്ചത്. ഇന്ത്യയുടെ യുദ്ധവിമാനം തകർത്തുവെന്ന് സൂചിപ്പിക്കുന്ന വിധത്തിൽ വിരലുകൾ ഉയർത്തി 6-0 എന്ന് ആംഗ്യം കാണിച്ചു താരം പ്രകോപിപ്പിച്ചു.
പാകിസ്താൻ ബൗളർമാരെ നന്നായി ശിക്ഷിച്ച ശുഭ്മാൻ ഗില്ലും അഭിഷേക് ശർമയുമായി കൊമ്പുകോർത്തതും രംഗം വഷളാക്കി.
ഗൺ ഫയർ ആഘോഷം ഇന്ത്യ-പാകിസ്താൻ സംഘർഷവുമായി ബന്ധപ്പെട്ടല്ലെന്നായിരുന്നു സഹിബ്സാദ ഫർഹാന്റെ വിശദീകരണം. പഷ്തൂൺ വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം എന്ന നിലയിലാണ് സന്തോഷ വേളയിൽ വെടിയുതിർക്കുന്നതെന്നും, ഇതിനെ അനുകരിക്കുന്നതായിരുന്നു ബാറ്റ് ഗാലറിയിലേക്കുയർത്തിയുള്ള ‘ഗൺ ഫയറിങ് ആഘോഷമെന്നും’ താരം വിശദീകരിച്ചു.
പഹൽഗാം പരാമർശം: സൂര്യകുമാറിന് പിഴ
ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാകിസ്താനെതിരായ ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരത്തിനു പിന്നാലെ പഹൽഗാം ഭീകരാക്രമണ പരാമർശം നടത്തിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് ഐ.സി.സി പിഴ ചുമത്തി. മാച്ച് ഫീയുടെ 30 ശതമാനമാണ് പിഴ ചുമത്തിയത്. സെപ്റ്റംബർ 14ന് നടന്ന മത്സരത്തിൽ പാകിസ്താനെതിരെ ഏഴു വിക്കറ്റ് വിജയം നേടിയ ശേഷം, ജയം പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും, ഓപ്പറേഷൻ സിന്ദൂർ സൈനികനടപടിയിൽ പങ്കെടുത്ത എല്ലാ സൈനികർക്കുമായി സമർപ്പിക്കുന്നു എന്ന സൂര്യകുമാർ യാദവിന്റെ പ്രസ്താവനയാണ് നടപടിക്ക് കാരണമായത്.
ക്രിക്കറ്റിൽ രാഷ്ട്രീയ പരാമർശനം നടത്തിയെന്ന ചൂണ്ടികാണിച്ച് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഐ.സി.സിക്ക് പരാതി നൽകിയിരുന്നു. ഇതിൽ അന്വേഷണം നടത്തിയതിനു പിന്നാലെയാണ് ഇന്ത്യൻ നായകനെതിരെ നടപടി സ്വീകരിച്ചത്.
ഗ്രൂപ്പ് മത്സരത്തിനു ശേഷം സമ്മാനദാന ചടങ്ങിലും വാർത്താ സമ്മേളനത്തിലും ഇന്ത്യൻ നായകൻ രാഷ്ട്രീയ പ്രസ്താവന നടത്തിയെന്നായിരുന്നു പി.സി.ബി പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

