ടി-20 ലോകകപ്പ് വിവാദങ്ങളോട് പ്രതികരിച്ച് ഹാർദിക് പാണ്ഡ്യ; 'ഇപ്പോൾ മുന്നിലുള്ളത് ഒരേയൊരു ലക്ഷ്യം'
text_fieldsയു.എ.ഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീം പരാജയപ്പെട്ടതിന്‍റെ പ്രധാന കാരണം ഓള്‍റൗണ്ടറുടെ അസാന്നിധ്യമായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ ടീമിലുണ്ടായിരുന്നെങ്കിലും മികച്ച പ്രകടനത്തിന് സാധിച്ചിരുന്നില്ല. ബാറ്റിങ്ങിൽ ശോഭിക്കാതെ പോയ പാണ്ഡ്യക്ക് നാല് ഓവർ മാത്രമേ പന്തെറിയാനും സാധിച്ചുള്ളൂ. പാണ്ഡ്യയെ ടീമിലെടുത്തതിനെ മുന്‍ കളിക്കാരിൽ പലരും എതിർത്തിരുന്നു. വിമർശനങ്ങളോട് പ്രതികരിക്കുകയാണ് പാണ്ഡ്യ.
''ബാറ്ററായിട്ടാണ് ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ കളിയില്‍ പന്തെറിയാന്‍ കഠിന ശ്രമം നടത്തിയെങ്കിലും അതിന് സാധിച്ചിരുന്നില്ല. രണ്ടാം മത്സരത്തില്‍ പന്തെറിയേണ്ടതായി വന്നു. ഓള്‍ റൗണ്ടറായി കളിക്കാന്‍ തന്നെയാണ് എനിക്കിഷ്ടം. എല്ലാം എപ്പോഴും ശെരിയായിക്കൊള്ളണമെന്നില്ല. ഇപ്പോള്‍ കൂടുതല്‍ പ്രതീക്ഷ തോന്നുന്നുണ്ട്. കാര്യങ്ങളുടെ ഗതി എങ്ങനെയാണെന്ന് കണ്ടറിയേണ്ടതുണ്ട്''-പാണ്ഡ്യ വ്യക്തമാക്കി.
ലോകകപ്പാണ് ഇപ്പോൾ പാണ്ഡ്യയുടെ ലക്ഷ്യം. പരിശീലനവും ഒരുക്കവും പദ്ധതിയുമെല്ലാം ലോകകപ്പ് ലക്ഷ്യമാക്കിയുള്ളതാണെന്നും ഇന്ത്യക്ക് വേണ്ടി ലോകകപ്പ് ജയിക്കുകയെന്നത് സ്വപ്‌നമാണെന്നും പാണ്ഡ്യ കൂട്ടിച്ചേർത്തു. ലോകകപ്പ് തന്നെ സംബന്ധിച്ചിടത്തോളം അഭിമാനവും സന്തോഷവും തരുന്നതായിരിക്കുമെന്നും പാണ്ഡ്യ പറഞ്ഞു. ഒക്ടോബറില്‍ ആസ്‌ട്രേലിയയില്‍ വെച്ചാണ് ഈ വര്‍ഷം ടി20 ലോകകപ്പ് നടക്കുന്നത്.
"ലോകകപ്പ് നടക്കുമ്പോൾ ഏറ്റവും ഉന്നതിയിലെത്തുക എന്നതാണ് എന്‍റെ പ്രധാന ലക്ഷ്യം. എന്‍റെ പരിശീലനവും ആസൂത്രണവും തയ്യാറെടുപ്പും എല്ലാം ലോകകപ്പ് മനസ്സിൽ കണ്ടാണ്. രാജ്യത്തിന് വേണ്ടി ലോകകപ്പ് നേടണമെന്നതാണ് സ്വപ്നം. അത് എനിക്ക് സന്തോഷവും അഭിമാനവും നൽകും'' ഹാർദിക് പാണ്ഡ്യ പറഞ്ഞു.
ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നാലു തവണ ചാമ്പ്യനാകാന്‍ പാണ്ഡ്യയ്ക്ക് സാധിച്ചിട്ടുണ്ട്. ഐ.പി.എല്ലിലേക്ക് പുതിയതായെത്തിയ അഹമ്മദാബാദ് ടീം 15 കോടി രൂപ നല്‍കിയാണ് പാണ്ഡ്യയെ ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

