പന്തിലൊരു ചുംബനം; പിന്നാലെ ഹാർദിക്കിന്റെ പന്തിൽ ഇമാമുൽ ഹഖ് ഔട്ട്; വിഡിയോ വൈറൽ
text_fieldsലോകകപ്പിലെ ആവേശപോരിൽ ക്രീസിൽ നിലയുറപ്പിച്ച് പാകിസ്താൻ ഓപ്പണർമാർ ശ്രദ്ധയോടെ ബാറ്റേന്തുമ്പോൾ, മുഹമ്മദ് സിറാജാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. താരം എറിഞ്ഞ എട്ടാമത്തെ ഓവറിലെ അവസാനത്തെ പന്തിലാണ് അബ്ദുല്ല ഷഫീഖിനെ എൽ.ബി.ഡബ്യുവിൽ കുരുക്കിയത്.
24 പന്തിൽ 20 റൺസെടുത്താണ് ഷഫീഖ് പുറത്തായത്. ബാബറുമായി ചേർന്ന് സ്കോർ ബോർഡ് മുന്നോട്ടു കൊണ്ടുപോകുന്നതിനിടെ മറ്റൊരു ഓപ്പണറായ ഇമാമുൽ ഹഖിനെ പുറത്താക്കി ഹാർദിക് പാണ്ഡ്യ ഇന്ത്യക്ക് മത്സരത്തിൽ മേധാവിത്വം നൽകി. താരം എറിഞ്ഞ 13ാമത്തെ ഓവറിലെ മൂന്നാമത്തെ പന്തിലാണ് 36 റൺസെടുത്ത ഇമാമുൽ ഹഖ് പുറത്താകുന്നത്. തൊട്ടുമുമ്പത്തെ പന്തിൽ ഹാർദിക്കിനെ ബൗണ്ടറി കടത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് താരം ബാറ്റുമായി ക്രീസിലുള്ളത്.
കൈയിലുണ്ടായിരുന്ന പന്തിൽ ചുംബിച്ചാണ് ഹാർദിക് അടുത്ത പന്തെറിയാനെത്തിയത്. ഓഫ് സ്റ്റെമ്പിന് പുറത്ത് പിച്ച് ചെയ്ത പന്ത് ഇമാമുൽ ഹഖിന്റെ ബാറ്റിന്റെ ഔട്ട്സൈഡ് എഡ്ജിൽ തട്ടി നേരെ വിക്കറ്റ് കീപ്പർ രാഹുലിന്റെ കൈയിലേക്ക്. പിന്നാലെ ഗാലറി ഇളകിമറിഞ്ഞു. നിമിഷങ്ങൾക്കകമാണ് ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്.

