ബൈ, ബൈ... ടാറ്റാ...; ബാബർ അസമിനെ പുറത്താക്കിയ ഹാർദിക്കിന്‍റെ ആഘോഷം വൈറൽ -വിഡിയോ
text_fieldsദുബൈ: ചാമ്പ്യൻസ് ട്രോഫിയിൽ ആവേശകരമായ ഇന്ത്യ-പാകിസ്താൻ മത്സരത്തിനിടെ, സൂപ്പർതാരം ബാബർ അസമിനെ പുറത്താക്കി ഹർദിക് പാണ്ഡ്യ നടത്തിയ വിക്കറ്റ് ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറൽ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താനായി ഓപ്പണർമാരായ ഉമാമുൽ ഹഖും ബാബറും ശ്രദ്ധയോടെ ബാറ്റുവീശി ക്രീസിൽ നിലയുറപ്പിക്കുമെന്ന് തോന്നിക്കുന്നതിനിടെയാണ് പാണ്ഡ്യ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകുന്നത്. 26 പന്തിൽ അഞ്ചു ഫോറടക്കം 23 റൺസെടുത്താണ് ബാബർ പുറത്താകുന്നത്.
പാണ്ഡ്യ എറിഞ്ഞ ഒമ്പതാം ഓവറിലെ ആദ്യ പന്ത് താരം ബൗണ്ടറി കടത്തി. രണ്ടാം പന്തിലാണ് വിക്കറ്റ്. ഒരു ഗുഡ് ലെങ്ത് ബാളിൽ കവർ ഡ്രൈവ് ഷോട്ടിന് ശ്രമിച്ച ബാബറിന്‍റെ ബാറ്റിന്‍റെ ഔട്ട്സൈഡ് എഡ്ജിൽ തട്ടി പന്ത് നേരെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിന്‍റെ കൈകളിലേക്ക്. പിന്നാലെ പാണ്ഡ്യ നടത്തിയ വിക്കറ്റ് ആഘോഷമാണ് വൈറലായത്. ‘ടാറ്റാ’ നൽകി ബാബറിനെ യാത്ര അയക്കുന്നതുപോലെ ഒരു കൈകൊണ്ട് ആക്ഷൻ കാണിച്ച പാണ്ഡ്യ, പിന്നാലെ രണ്ടു കൈയും ഉപയോഗിച്ച് ‘പോകൂ’ എന്ന അർഥത്തിലും ആക്ഷൻ കാട്ടി. ഇതിന്റെ ദൃശ്യങ്ങൾ നിമിഷങ്ങൾകൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
ന്യൂസിലൻഡിനെതിരായ ആദ്യ മത്സരത്തിൽ ബാബർ അർധ സെഞ്ച്വറി നേടിയെങ്കിലും വേഗത കുറഞ്ഞ ഇന്നിങ്സിന് താരം ഏറെ പഴികേട്ടിരുന്നു. 90 പന്തിൽ 64 റൺസായിരുന്നു താരത്തിന്‍റെ സമ്പാദ്യം. നിലവിൽ 32 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ പാകിസ്താൻ 143 റൺസെടുത്തിട്ടുണ്ട്. അർധ സെഞ്ച്വറിയുമായി സൗദ് ഷക്കീലും (69 പന്തിൽ 55) 73 പന്തിൽ 42 റൺസുമായി നായകൻ മുഹമ്മദ് റിസ് വാനുമാണ് ക്രീസിൽ. 26 പന്തിൽ 10 റൺസെടുത്ത ഇമാമുൽ ഹഖാണ് പുറത്തായ മറ്റൊരു താരം.
റണ്ണെടുക്കുന്നത് ദുഷ്കരമായ പിച്ചിൽ ഷക്കീലും റിസ് വാനും കരുതലോടെയാണ് കളിക്കുന്നത്. മൂന്നാം വിക്കറ്റിൽ ഇരുവരുടെയും കൂട്ടുകെട്ട് സെഞ്ച്വറി കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

