ഇമാമിനെ പുറത്താക്കിയ പന്തിൽ ‘കൂടോത്രം’ ചെയ്തോ? സത്യാവസ്ഥ വെളിപ്പെടുത്തി ഹാർദിക്
text_fieldsലോകകപ്പിലെ ത്രില്ലർ പോരിൽ ഏഴു വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ തകർത്തത്. തുടക്കത്തിൽ ബൗളർമാരും പിന്നാലെ ബാറ്റർമാരും മിന്നി തിളങ്ങിയ മത്സരത്തിൽ ഏകപക്ഷീയമായിരുന്നു ഇന്ത്യൻ വിജയം.
ഇതോടെ മൂന്നു മത്സരങ്ങളും ജയിച്ച ഇന്ത്യ ആറു പോയന്‍റുമായി ഒന്നാമതെത്തി. ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യയുടെ തുടർച്ചയായ എട്ടാം ജയമാണിത്. എന്നാൽ, പാകിസ്താൻ ഓപ്പണർ ഇമാമുൽ ഹഖിനു നേരെ പന്ത് എറിയുന്നതിന് മുമ്പ് ഹാർദിക് പന്ത് ചുണ്ടിനോട് ചേർത്ത് എന്തോ മന്ത്രം ഉരുവിടുന്നതിന്‍റെ വിഡിയോയാണ് എക്സ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ വൈറലായത്.
ഹാർദിക്കിന്‍റെ തൊട്ടടുത്ത പന്തില്‍ തന്നെ പാക് താരം പുറത്താവുകയും ചെയ്തു. താരം എറിഞ്ഞ 13ാമത്തെ ഓവറിലെ മൂന്നാമത്തെ പന്തിലാണ് 36 റൺസെടുത്ത ഇമാമുൽ ഹഖ് പുറത്താകുന്നത്. തൊട്ടുമുമ്പത്തെ പന്തിൽ ഹാർദിക്കിനെ ബൗണ്ടറി കടത്തിയതിന്‍റെ ആത്മവിശ്വാസത്തിലായിരുന്നു പാക് താരം. കൈയിലുള്ള പന്തിൽ എന്തോ ചൊല്ലിയശേഷമാണ് ഹാർദിക് പന്തെറിഞ്ഞത്.
ഓഫ് സ്റ്റെമ്പിന് പുറത്ത് പിച്ച് ചെയ്ത പന്ത് ഇമാമുൽ ഹഖിന്‍റെ ബാറ്റിന്‍റെ ഔട്ട്സൈഡ് എഡ്ജിൽ തട്ടി നേരെ വിക്കറ്റ് കീപ്പർ രാഹുലിന്‍റെ കൈയിലേക്ക്. പിന്നാലെ ഗാലറി ഇളകിമറിഞ്ഞു. എന്ത് മന്ത്രമാണ് ഹാര്‍ദിക് പന്തിൽ ചൊല്ലിയതെന്നായിരുന്നു പിന്നാലെ നെറ്റിസൺസിന്‍റെ ചോദ്യം. പലരും രസകരമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഹാര്‍ദിക് ‘കൂടോത്രം’ ചെയ്തോ എന്നായിരുന്നു പലരും ചോദിച്ചത്. പാക് നായകൻ ബാബർ അസമുമായി ചേർന്ന് ശ്രദ്ധയോടെ ബാറ്റേന്തി സ്കോർ ബോർഡ് മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണ് ഇമാമിനെ പുറത്താക്കി ഹാർദിക് ഇന്ത്യക്ക് മത്സരത്തിൽ മേധാവിത്വം നൽകിയത്.
മത്സരശേഷം എല്ലാവർക്കും അറിയേണ്ടതും ഹാർദിക് എന്താണ് പന്തിൽ ചൊല്ലിയത് എന്നായിരുന്നു. ഒടുവിൽ താരം തന്നെ സത്യാവസ്ഥ വെളിപ്പെടുത്തുകയും ചെയ്തു. ഞാൻ എന്നെത്തന്നെ പ്രചോദിപ്പിച്ചതാണെന്നാണ് താരം പറഞ്ഞത്. ‘എല്ലാവരും അറിയാൻ ആഗ്രഹിക്കുന്നു, ഈ നിമിഷത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ചോദിക്കുന്നതും ഇതാണ്! ഇമാമിന്‍റെ വിക്കറ്റ് എടുക്കുന്നതിനു മുമ്പ് ഹാർദിക് പന്തിൽ എന്താണ് ചൊല്ലിയത്? -സ്റ്റാർ സ്പോർട്സിന്‍റെ അഭിമുഖത്തിനിടെ ഹോസ്റ്റായ ജതിൻ സപ്രു ഹാർദിക്കിനോട് ചോദിച്ചു.
‘ഞാൻ എന്നെത്തന്നെ പ്രചോദിപ്പിക്കുകയായിരുന്നു, ശരിയായ ലൈനിൽ പന്തെറിയാൻ എന്നോട് പറഞ്ഞു, മറ്റൊന്നും പരീക്ഷിക്കരുത്’ -മുഖത്ത് ഒരു ചെറു പുഞ്ചിരിയോടെ ഹാർദിക് മറുപടി നൽകി. മത്സരത്തിൽ മുഹമ്മദ് നവാസിന്‍റെ വിക്കറ്റും ഹാർദിക്കിനായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

