‘അവനെതിരെ ഞാനാണ് ബൗൾ ചെയ്തിരുന്നതെങ്കിൽ’....! -സൂര്യ കുമാറിനെ കുറിച്ച് പാണ്ഡ്യ
text_fieldsലങ്കക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരത്തിൽ ഇന്ത്യക്ക് കൂറ്റർ ജയം സമ്മാനിച്ച സൂര്യകുമാർ യാദവിന്റെ വെടിക്കെട്ടാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാവിഷയം. പവര്‍പ്ലേയുടെ അവസാന പന്തില്‍ ബാറ്റ് ചെയ്യാന്‍ എത്തിയ താരം, ഇന്നിംഗ്സിന്‍റെ അവസാന പന്തും ബൗണ്ടറി കടത്തിയായിരുന്നു മടങ്ങിയത്. 51 പന്തിൽ 112 റൺസായിരുന്നു താരം അടിച്ചുകൂട്ടിയത്.
രാജ്കോട്ടിലെ സൂര്യയുടെ വെടിക്കെട്ട് പ്രകടനത്തില്‍ നിരവധി വൈവിധ്യമാര്‍ന്ന ഷോട്ടുകളായിരുന്നു പിറന്നത്. കിടന്നും ഇരുന്നും നിന്നും കണ്ണുംപൂട്ടിയുമുള്ള സൂര്യയുടെ താണ്ഡവം ലങ്കയുടെ ബൗളർമാരെ വെള്ളം കുടിപ്പിക്കുന്ന കാഴ്ചയായിരുന്നു. മുൻ താരങ്ങളടക്കം ആ മനോഹരമായ ഇന്നിങ്സിനെ വാനോളം പുകഴ്ത്തി രംഗത്തുവരികയുണ്ടായി.
ലങ്കക്കെതിരെ ഇന്ത്യയെ നയിച്ച ഹർദിക് പാണ്ഡ്യയും സൂര്യയുടെ ഇന്നിങ്സിനെ കുറിച്ച് വാചാലനായി. പ്രസന്റേഷൻ സെറിമണിയിലായിരുന്നു പാണ്ഡ്യ, സൂര്യകുമാറിന്റെ ബാറ്റിങ് മികവിനെ അഭിനന്ദിച്ചത്.
“അവൻ ബാറ്റ് ചെയ്യുന്ന എല്ലാ ഇന്നിങ്സിലും എല്ലാവരേയും അത്ഭുതപ്പെടുത്തുകയാണ്, ബാറ്റിങ് വളരെ എളുപ്പമാണെന്നാണ് അതിലൂടെ അവൻ നമ്മോട് പറയുന്നത്. ഞാനാണ് അവനെതിരെ ബൗൾ ചെയ്തിരുന്നതെങ്കിൽ, ആ ഗംഭീര ഷോട്ടുകളടങ്ങിയ ബാറ്റിങ് കണ്ട് ഞാൻ തകർന്നേനെ. ഒന്നിന് പിറകെ ഒന്നായി കണ്ണുംപൂട്ടിയുള്ള ഷോട്ടുകൾ പായിക്കുകയായിരുന്നു’’. -പാണ്ഡ്യ പറഞ്ഞു.
അതേസമയം, പന്തിലേക്ക് നോക്കുകപോലും ചെയ്യാതെയുള്ള പ്രകടനത്തിൽ സൂര്യയുടെ ഗുരു ജൂനിയര്‍ എ ബി ഡിവില്ലിയേഴ്സ് എന്നറിയപ്പെടുന്ന ദക്ഷിണാഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസ് എന്ന യുവതാരമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ ഒരുമിച്ച് കളിക്കുമ്പോഴാണ് ബ്രെവിസിന്‍റെ കണ്ണും പൂട്ടിയുള്ള അടി കണ്ട് പഠിച്ചതെന്ന് സൂര്യ പറഞ്ഞിരുന്നു. മുംബൈ ഇന്ത്യന്‍സ് പങ്കുവെച്ച വീഡിയോയിലായിരുന്നു സൂര്യകുമാർ ഇക്കാര്യം പറഞ്ഞത്.