‘ബെഞ്ചിലിരുത്താനാണെങ്കിൽ 10 കോടി കൊടുക്കേണ്ടിയിരുന്നില്ല’; സൂപ്പർതാരത്തെ ഉപയോഗപ്പെടുത്താത്ത ചെന്നൈക്കെതിരെ ഹർഭജൻ
text_fieldsന്യൂഡൽഹി: വെറ്ററൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെ ഐ.പി.എൽ സീസണിൽ കാര്യമായി ഉപയോഗപ്പെടുത്താത്ത ചെന്നൈ സൂപ്പർ കിങ്സിനെതിരെ ആഞ്ഞടിച്ച് സ്പിൻ ഇതിഹാസം ഹർഭജൻ സിങ്. മോശം ഫോമിലുള്ള ചെന്നൈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന ആദ്യ ടീമാണ്. അഞ്ചു തവണ ഐ.പി.എൽ കിരീടം നേടിയ ചെന്നൈക്ക് ഇത്തവണ പത്തു മത്സരങ്ങളിൽ വെറും രണ്ടെണ്ണത്തിൽ മാത്രമാണ് ജയിക്കാനായത്.
എട്ടു മത്സരങ്ങൾ തോറ്റ ടീം നിലവിൽ പോയന്‍റ് പട്ടികയിൽ ഏറ്റവും പിന്നിലാണ്. മെഗ താര ലേലത്തിൽ 9.75 കോടി രൂപക്കാണ് അശ്വിനെ ചെന്നൈ സ്വന്തമാക്കിയത്. സീസണിൽ ഏഴു മത്സരങ്ങൾ കളിച്ച താരം ഏഴു വിക്കറ്റുകളാണ് നേടിയത്. പഞ്ചാബിനെതിരെ നാലു വിക്കറ്റിന് തോറ്റ മത്സരത്തിൽ അശ്വിനെ കളിപ്പിക്കാത്തതിനെതിരെയും ഹർഭജൻ വിമർശിച്ചു. ‘മത്സരത്തിൽ ചെന്നൈയുടെ ടീം തെരഞ്ഞടുപ്പ് പാളി. നൂർ അഹ്മദും ആർ. അശ്വിനും രവീന്ദ്ര ജദേജയും ഒരുമിച്ച് കളിച്ചിരുന്നെങ്കിൽ പാഞ്ചബ് കിങ്സിനെതിരെ ചെന്നൈ ജയിക്കുമായിരുന്നു. ബെഞ്ചിലിരുത്താനായി അശ്വിന് 10 കോടി രൂപ കൊടുക്കേണ്ടിയിരുന്നില്ല. അദ്ദേഹത്തെ എന്തുകൊണ്ടാണ് കളിപ്പിക്കാത്തതെന്ന് എനിക്ക് മനസ്സിലാകുന്നില്ല’ -ഹർഭജൻ പറഞ്ഞു.
ടീമിൽ മോശം ഫോമിൽ കളിക്കുന്ന നിരവധി താരങ്ങളുണ്ടായിരുന്നു, എന്നിട്ടും അശ്വിനെ പുറത്തിരുത്തി. സ്പിന്നിനെ തുണക്കുന്ന പിച്ചിൽ അശ്വിനെ കളിപ്പിക്കണമായിരുന്നെന്നും ഹർഭജൻ കൂട്ടിച്ചേർത്തു. ശനിയാഴ്ച വൈകീട്ട് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവാണ് ചെന്നൈയുടെ എതിരാളികൾ. ചെന്നൈ കുറിച്ച 191 റൺസ് വിജയലക്ഷ്യം രണ്ടു പന്തുകൾ ബാക്കി നിൽക്കെയാണ് പഞ്ചാബ് മറികടന്നത്. നായകൻ ശ്രേയസ് അയ്യരുടെയും ഓപ്പണർ പ്രഭ്സിംറാൻ സിങ്ങിന്‍റെയും അർധ സെഞ്ച്വറി പ്രകടനമാണ് പഞ്ചാബിന്‍റെ ജയം അനായാസമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 19.2 ഓവറിൽ 190 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ പഞ്ചാബ് 19.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു.
ശ്രേയസ് 41 പന്തിൽ നാലു സിക്സും അഞ്ചു ഫോറുമടക്കം 72 റൺസെടുത്തു. പ്രഭ്സിംറാൻ 36 പന്തിൽ 54 റൺസെടുത്തു. മൂന്നു സിക്സും അഞ്ചു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. സാം കറനിന്‍റെ അർധ സെഞ്ച്വറിയാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. 47 പന്തിൽ നാലു സിക്സും ഒമ്പതു ഫോറുമടക്കം 88 റൺസെടുത്താണ് താരം പുറത്തായത്. ഡെവാൾഡ് ബ്രെവിസ് 26 പന്തിൽ 32 റൺസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

