43 പന്തില്‍ 101 റണ്‍സെടുത്ത താരത്തിന് ടീമിന്‍റെ സമ്മാനം ഹെയർ ഡ്രയർ! പാകിസ്താൻ സൂപ്പർ ലീഗിനെ ട്രോളി നെറ്റിസൺസ്
text_fieldsകറാച്ചി: പാകിസ്താൻ സൂപ്പർ ലീഗിൽ കറാച്ചി കിങ്സിന് ജയത്തുടക്കം. കറാച്ചിയിലെ നാഷനല്‍ ബാങ്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുള്‍ട്ടാന്‍ സുല്‍ത്താനെ നാലുവിക്കറ്റിനാണ് തോൽപിച്ചത്. മുഹമ്മദ് റിസ്‌വാന്റെ നേതൃത്വത്തിലുള്ള മുള്‍ട്ടാന്‍ സുല്‍ത്താന്‍ നിശ്ചിത 20 ഓവറില്‍ മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ നാലു പന്തുകള്‍ ബാക്കിനില്‍ക്കേ കറാച്ചി കിങ്‌സ് ലക്ഷ്യത്തിലെത്തി.
43 പന്തില്‍ 101 റണ്‍സ് നേടിയ ഇംഗ്ലണ്ട് താരം ജെയിംസ് വിന്‍സിന്‍റെ പ്രകടനമാണ് കറാച്ചിയുടെ വിജയം അനായാസമാക്കിയത്. മുള്‍ട്ടാന്‍ സുല്‍ത്താന്‍സിനായി നായകൻ മുഹമ്മദ് റിസ്‌വാന്‍ 63 പന്തില്‍ പുറത്താവാതെ 105 റണ്‍സ് നേടിയിരുന്നു. ജെയിംസ് വിന്‍സാണ് മത്സരത്തിലെ താരം. നാലു സിക്സും 14 ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. മത്സരഫലം മാറ്റിമറിച്ച വിൻസിന്റെ ഇന്നിങ്സിന്, റിലയബിൾ പ്ലെയർ ഓഫ് ദ് മാച്ച് പുരസ്കാരം നൽകിയാണ് ടീം ആദരിച്ചത്.
മത്സരശേഷം ഡ്രസ്സിങ് റൂമിൽ ചേർന്ന ടീം മീറ്റിങ്ങിൽ കറാച്ചി കിങ്സ് അധികൃതർ വിൻസിന് ഹെയർ ഡ്രയറാണ് സമ്മാനമായി നൽകിയത്. ഇതിന്‍റെ വിഡിയോ ടീമിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു. സെഞ്ച്വറി നേടി ടീമിന് വിജയം സമ്മാനിച്ച താരത്തിന് ഹെയർ ഡ്രയർ സമ്മാനമായി നൽകിയതിനെ ‘ട്രോളി’ ഒട്ടേറെ ആരാധകരാണ് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടത്.
അടുത്ത തവണ ചപ്പാത്തി മേക്കർ നൽകൂ എന്നാണ് ഒരു ആരാധകൻ പ്രതികരിച്ചത്. ലഞ്ച് ബോക്സ് നൽകു എന്ന് മറ്റൊരു ആരാധകൻ പരിഹസിച്ചു. പാകിസ്താനിൽ ഹെയർ ഡ്രയർ അപൂർവവും ചെലവേറിയതുമാണെന്ന് മറ്റൊരു ആരാധകന്‍റെ പ്രതികരണം. ‘വലിയ തമാശ. നിങ്ങൾ പി.എസ്.എല്ലിനെ പ്രോത്സാഹിപ്പിക്കുകയാണോ അതോ പാകിസ്താനെ അധിക്ഷേപിക്കുകയാണോ’ -ഒരു ആരാധകൻ പ്രതികരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.