മുംബൈ: ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ എട്ട് വിക്കറ്റ് ജയവുമായി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തി. ആദ്യ റൗണ്ടിൽ തങ്ങളുടെ 14ാമത്തെയും അവസാനത്തെയും മത്സരമാണ് ഇരു ടീമും കളിച്ചത്. ഗുജറാത്ത് (20 പോയന്റ്) ഇതിനകം പ്ലേ ഓഫിൽ കടന്നു. മറ്റു മത്സര ഫലങ്ങളെ ആശ്രയിച്ചാവും ബാംഗ്ലൂരിന്റെ (16 പോയന്റ്) പ്രവേശനം.
ടോസ് നേടി ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 168 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂർ വിരാട് കോഹ് ലിയുടെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിൽ 18.4 ഓവറിൽ രണ്ട് വിക്കറ്റിന് 170ലെത്തി. 54 പന്തിൽ എട്ട് ഫോറും രണ്ട് സിക്സുമടക്കം 73 റൺസെടുത്തു. ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസ് 38 പന്തിൽ 44 റൺസ് നേടി. ഇരുവരും ചേർന്ന ഓപണിങ് ജോഡി 115 റൺസടിച്ചു. 18 പന്തിൽ 40 റൺസുമായി പുറത്താവാതെ നിന്ന ഗ്ലെൻ മാക്സ് വെല്ലിന്റെ ബാറ്റിങ്ങാണ് വിജയം അനായാസമാക്കിയത്.
നേരത്തേ, ഗുജറാത്തിന് വേണ്ടി ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 47 പന്തിൽ നാല് ഫോറും മൂന്ന് സിക്സുമുൾപ്പെടെ 62 റൺസ് നേടി പുറത്താവാതെ നിന്നു. അവസാന ഓവറുകളിൽ തകർത്തടിച്ച റാഷിദ് ഖാൻ ആറ് പന്തിൽ ഒരു ഫോറും രണ്ട് സിക്സുമടക്കം 19 റൺസെടുത്തു.