‘എൻ’പുരാന്‍റെ ചിറകിലേറി സൂപ്പർ ജയന്‍റ്സ്; ടൈറ്റൻസിനെതിരെ ആറ് വിക്കറ്റ് ജയം
text_fieldsഗുജറാത്ത് ടൈറ്റൻസിനെതിരെ നിക്കോളാസ് പുരാന്‍റെ ബാറ്റിങ്
ലഖ്നോ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലഖ്നോ സൂപ്പർ ജയന്‍റ്സിന് ആറ് വിക്കറ്റ് വിജയം. തകർപ്പൻ ഷോട്ടുകളുമായി കളംനിറഞ്ഞ നിക്കോളാസ് പുരാനാണ് (34 പന്തിൽ 61) ലഖ്നോ ടീമിന്‍റെ വിജയശിൽപി. പുരാനു പുറമെ ഓപണർ എയ്ഡൻ മാർക്രമും (58) സൂപ്പർ ജയന്‍റ്സിനായി അർധ ശതകം കണ്ടെത്തി. ഗുജറാത്ത് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം ലഖ്നോ മൂന്ന് പന്ത് ബാക്കിനിൽക്കേ ഭേദിച്ചു. സീസണിലെ നാലാം ജയത്തോടെ പോയിന്‍റ് ടേബിളിൽ മൂന്നാമതെത്താനും എൽ.എസ്.ജിക്കായി. സ്കോർ: ഗുജറാത്ത് ടൈറ്റൻസ് -20 ഓവറിൽ അഞ്ചിന് 180, ലഖ്നോ സൂപ്പർ ജയന്‍റ്സ് - 19.3 ഓവറിൽ നാലിന് 186.
മറുപടി ബാറ്റിങ്ങിൽ എയ്ഡൻ മാർക്രത്തോടൊപ്പം നായകൻ ഋഷഭ് പന്താണ് എൽ.എസ്.ജിക്കായി ഇന്നിങ്സ് ഓപൺ ചെയ്തത്. ബാറ്റിങ്ങിൽ സ്ഥാനക്കയറ്റം നൽകിയെങ്കിലും വലിയ സ്കോർ കണ്ടെത്തുന്നതിൽ ഇന്നും ലഖ്നോ നായകൻ പരാജയപ്പെട്ടു. പവർപ്ലേ കഴിഞ്ഞതിനു പിന്നാലെ വാഷിങ്ടൺ സുന്ദറിന് ക്യാച്ച് സമ്മാനിച്ച് താരം കൂടാരം കയറി. 18 പന്തിൽ 21 റൺസാണ് പന്തിന്‍റെ സമ്പാദ്യം. ഇതോടെ സ്കോർ ഒന്നിന് 65 എന്ന നിലയിലായി.
വൺ ഡൗ പൊസിഷനിലെത്തിയ നിക്കോളാസ് പുരാൻ പതിവുപോലെ തകർത്തടിച്ചാണ് തുടങ്ങിയത്. പത്താം ഓവറിൽ എയ്ഡൻ മാർക്രത്തോടൊപ്പം സ്കോർ 100 കടത്തി. 12-ാം ഓവറിൽ ശുഭ്മൻ ഗില്ലിന് ക്യാച്ച് നൽകി മാർക്രം മടങ്ങി. 31 പന്ത് നേരിട്ട താരം ഒമ്പത് ഫോറും ഒരു സിക്സും സഹിതം 58 റൺസെടുത്തു. 16-ാം ഓവറിൽ റാഷിദ് ഖാന്‍റെ പന്തിൽ ഷാറുഖ് ഖാൻ പിടിച്ച് പുരാൻ പുറത്തായി. എന്നാൽ ഇതിനോടകം 150 പിന്നിട്ട ടീം ജയം ഏതാണ്ട് ഉറപ്പാക്കിയിരുന്നു. 34 പന്തുകൾ നേരിട്ട പുരാൻ ഒരു ഫോറും ഏഴ് സിക്സറുകളും സഹിതം 61 റൺസാണ് ടീമിന്‍റെ ഇന്നിങ്സിൽ സംഭാവന ചെയ്തത്.
പിന്നാലെയെത്തിയ ഡേവിഡ് മില്ലർക്ക് അധിക നേരം പിടിച്ചുനിൽക്കാനായില്ല. 11 പന്തിൽ 7 റൺസ് മാത്രമെടുത്ത താരം വാഷിങ്ടൺ സുന്ദറിന്‍റെ പന്തിൽ ക്ലീൻ ബൗൾഡായി. അവസാന ഓവറിൽ ആറ് റൺസായിരുന്നു സൂപ്പർ ജയന്‍റ്സിന് ജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്ത് നേരിട്ട അബ്ദുൽ സമദ് സിംഗ്ളെടുത്തു. രണ്ടാം പന്തിൽ ഫോറടിച്ച ആയുഷ് ബദോനി, തൊട്ടടുത്ത പന്ത് സിക്സറടിച്ചാണ് ജയം ആഘോഷിച്ചത്. ടൈറ്റൻസിനായി പ്രസിദ്ധ് കൃഷ്ണ രണ്ട് വിക്കറ്റ് നേടി.
ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത്, അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് നേടിയത്. ഓപ്പണർമാരായ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ (60), സായ് സുദർശൻ (56) എന്നിവരുടെ അർധ സെഞ്ച്വറികളുടെ കരുത്തിലാണ് ഗുജറാത്ത് ഭേദപ്പെട്ട സ്കോർ കണ്ടെത്തിയത്. ഒന്നാം വിക്കറ്റിൽ 12.1 ഓവറിൽ 120 റൺസാണ് ഗില്ലും സായിയും ചേർന്ന് കൂട്ടിച്ചേർത്തത്. ലഖ്നോവിനായി രവി ബിഷ്ണോയ്, ശാർദുൽ ഠാക്കൂർ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടിയപ്പോൾ ദിഗ്വേഷ് സിങ്, ആവേശ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

