സായ് സുദർശനും ഗില്ലിനും അർധ സെഞ്ച്വറി; ടൈറ്റൻസിനെതിരെ കെ.കെ.ആറിന് 199 റൺസ് വിജയലക്ഷ്യം
text_fieldsസായ് സുദർശനും ശുഭ്മൻ ഗില്ലും ബാറ്റിങ്ങിനിടെ
കൊൽക്കത്ത: ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 199 റൺസ് വിജയലക്ഷ്യം. ഓപണർമാരായ സായ് സുദർശനും (52) ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും (90) നേടിയ അർധ സെഞ്ച്വറികളുടെ കരുത്തിലാണ് സന്ദർശകർ പൊരുതാവുന്ന സ്കോർ കണ്ടെത്തിയത്. 41 റൺസ് നേടി പുറത്താകാതെനിന്ന ജോസ് ബട്ട്ലറും ടൈറ്റൻസ് നിരയിൽ തിളങ്ങി. നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് ടീം 198 റൺസ് നേടിയത്.
മത്സരത്തിൽ ടോസ് നേടിയ കൊൽക്കത്ത ഗുജറാത്ത് ടീമിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തിടുക്കപ്പെടാതെ ഇന്നിങ്സ് പടുത്തുയർത്തിയ ടൈറ്റൻസ് ഓപണർമാർ ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി പാർട്നർഷിപ് ഉയർത്തി. 13-ാം ഓവറിൽ സായ് സുദർശനെ പുറത്താക്കി ആന്ദ്രേ റസ്സലാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 36 പന്തിൽ ആറ് ഫോറും ഒരു സിക്സും സഹിതം 52 റൺസ് നേടിയ സായ്, റഹ്മാനുല്ല ഗുർബാസിന് ക്യാച്ച് സമ്മാനിച്ചാണ് കൂടാരം കയറിയത്. ഓറഞ്ച് ക്യാപ് തിരികെ പിടിച്ച സായ് സുദർശൻ നായകൻ ഗില്ലുമൊത്ത് 114 റൺസിന്‍റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്.
ജോസ് ബട്ട്ലർ ക്രീസിലെത്തിയതോടെ, പതിയെ തുടങ്ങിയ നായകൻ ശുഭ്മൻ ഗിൽ വമ്പൻ ഷോട്ടുകളുമായി കളം നിറഞ്ഞു. സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ഗില്ലിനെ 18-ാം ഓവറിൽ വൈഭവ് അറോറ റിങ്കു സിങ്ങിന്റെ കൈകളിലെത്തിച്ചു. 55 പന്തുകള്ല് നേരിട്ട ടൈറ്റൻസ് ക്യാപ്റ്റൻ പത്ത് ഫോറും മൂന്ന് സിക്സും സഹിതം 90 റൺസാണ് അടിച്ചെടുത്തത്. പിന്നാലെയെത്തിയ രാഹുൽ തെവാട്ടിയ തൊട്ടടുത്ത ഓവറിൽ സംപൂജ്യനായി മടങ്ങി.ഹർഷിത് റാണയുടെ പന്തിൽ വമ്പൻ ഷോട്ടിനു ശ്രമിച്ച താരത്തെ രമൺദീപ് സിങ് കൈപ്പിടിയിലൊതുക്കി. അവസാന ഓവറിൽ 18 റൺസ് പിറന്നതോടെയാണ് ടൈറ്റൻസിന്റെ സ്കോർ 200ന് ചുവടെ എത്തിയത്. 23 പന്തിൽ 41 റൺസുമായി ബട്ട്ലറും അഞ്ച് പന്തിൽ 11 റൺസുമായി ഷാറുഖ് ഖാനും പുറത്താകാതെ നിന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.